പത്തനാപുരം: ഡിഗ്രിക്ക് അപേക്ഷിക്കേണ്ടതിന് മിനിറ്റുകൾ മാത്രം ശേഷിക്കെ അർധരാത്രി ഓഫിസ് തുറന്ന് സർട്ടിഫിക്കറ്റ് നൽകിയ വില്ലേജ് ഓഫിസർക്ക് വിദ്യാർഥിയുടെ നന്ദി. വാഴപ്പാറ ഉടയിൻചിറ ടിന്റു ഭവനിൽ എസ്.അശ്വിൻ കൃഷ്ണയാണ് പത്തനാപുരം വില്ലേജ് ഓഫിസർ എസ്.അനിതയ്ക്ക് നന്ദി പറയാൻ ഇന്നലെ ഓഫിസിലെത്തിയത്.
എംജി യൂണിവേഴ്സിറ്റിയുടെ ഡിഗ്രി കോഴ്സുകളിലേക്ക് ചേരുന്നതിനായി ഓഗസ്റ്റ് 5ന് ആണ് അശ്വിൻ കൃഷ്ണ അപേക്ഷ നൽകുന്നത്. അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതിനായി ആറിന് രാവിലെ വില്ലേജ് ഓഫിസിലേക്ക് ഓൺലൈനിലൂടെ അപേക്ഷ നൽകി.
ശേഷം അശ്വിനും അമ്മയും ഓഫിസിലെത്തി വിവരം പറയുകയും ചെയ്തു. എന്നാൽ വില്ലേജ് ഓഫിസർക്ക് യോഗങ്ങളും മറ്റുമായി തിരക്കായതിനാൽ പകൽ സമയത്ത് സർട്ടിഫിക്കറ്റ് വിതരണം ചെയ്യാനായില്ല. രാത്രി 8 മണിയായിട്ടും സർട്ടിഫിക്കറ്റ് ഓൺലൈനിൽ എത്താതായതോടെ പഞ്ചായത്തംഗം എ.ബി.അൻസാർ വഴി വില്ലേജ് ഓഫിസറെ ഫോണിൽ ബന്ധപ്പെടാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.
വില്ലേജ് ഓഫിസർ എസ്.അനിത ഏറെ വൈകിയാണ് ഫോൺ ശ്രദ്ധിച്ചത്. ഉടൻ തിരികെ വിളിച്ചു കാര്യം മനസ്സിലാക്കി. പത്തനാപുരം മേഖലയിലെ പല ഓഫിസ് ജീവനക്കാരെയും വിളിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിന് സഹായം തേടിയെങ്കിലും അവരാരും ആ സമയം സ്ഥലത്തുണ്ടായിരുന്നില്ല.
ഇതോടെ മിനി സിവിൽ സ്റ്റേഷന്റെ ചുമതലയുള്ള ഡപ്യൂട്ടി തഹസിൽദാർ എസ്ജിഎൽ ഷിലിനെ വിളിച്ച് ഓഫിസ് തുറക്കുന്നതിന് അനുവാദം വാങ്ങിയ എസ്.അനിത, ഭർത്താവിനൊപ്പം 25 കിലോമീറ്റർ സഞ്ചരിച്ച് പത്തനാപുരത്തെത്തി, സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു. അപ്പോഴേക്കും സമയം അർധരാത്രിയായിരുന്നു.
കൃത്യ സമയത്തിനു മുൻപേ സർട്ടിഫിക്കറ്റ് ലഭിച്ചതിനുള്ള സന്തോഷം അറിയിക്കാൻ എസ്.അശ്വിൻ കൃഷ്ണ ഇന്നലെ വില്ലേജ് ഓഫിസിലെത്തി, ഓഫിസർക്ക് നന്ദി പറഞ്ഞു. മധുരം നൽകിയാണ് അശ്വിനെ അനിത മടക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.