മേപ്പാടി: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനു സാധ്യമായ എല്ലാ സഹായവും സംസ്ഥാനത്തിനായി ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കലക്ടറേറ്റിലെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘‘ദുരന്തമുണ്ടായ അന്നു രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. കേന്ദ്രസംഘത്തെ അതിവേഗം അയച്ചു. രക്ഷാപ്രവർത്തനത്തിനും ചികിത്സാസഹായത്തിനും വേണ്ടതെല്ലാം ചെയ്തു. വയനാട്ടിൽ ദുരന്തബാധിതരെ കാണുകയും അവരോടു നേരിട്ട് സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. ഒരുപാട് കുടുംബങ്ങളുടെ സ്വപ്നമാണ് തകർന്നത്. അവരുടെ പുനരധിവാസം സുപ്രധാനമാണ്. ദുരന്തത്തെ തടയാനാകില്ല. എന്നാൽ ദുരന്തബാധിതരുടെ ഭാവി നമ്മുടെ ഉത്തരവാദിത്തമാണ്.
കേന്ദ്ര സർക്കാർ ദുരന്തം നേരിടുന്ന ജനങ്ങൾക്കൊപ്പമാണ്. ദുരന്തത്തിന്റെ പൂർണമായ കാര്യങ്ങൾ ഉൾപ്പെടുത്തി കേന്ദ്രത്തിന് നിവേദനം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ദുരന്തബാധിതർ ഒറ്റയ്ക്കല്ല, എല്ലാവരും ഈ ദുഃഖത്തിന്റെ ഘട്ടത്തിൽ അവരോടൊപ്പമുണ്ട്. സംസ്ഥാന സർക്കാരിന്റെ നിവേദനം ലഭിച്ചാൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കും.
കുടുംബം നഷ്ടപ്പെട്ട കുട്ടികളുണ്ട്. അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അക്കാര്യത്തിലും സംസ്ഥാനവുമായി സഹകരിച്ച് വേണ്ടതു ചെയ്യും. പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള പാക്കേജ് സംബന്ധിച്ച് അധികം വൈകാതെ തീരുമാനമെടുക്കും. പുനരധിവാസത്തിന് പണം ഒരു തടസ്സമാകില്ല.’’– പ്രധാനമന്ത്രി വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രശ്നങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ പരിഹാരം കാണുന്നതിനായി കേന്ദ്രതലത്തിൽ പഠനങ്ങൾ നടത്തണമെന്ന് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരോന്ദ്ര മോദിയോട് അഭ്യർഥിച്ചു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനായി കേന്ദ്രത്തിനു കീഴിലുള്ള സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
വയനാട് ഉരുൾപൊട്ടലിൽ മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടു, സ്കൂൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളും പാലവും റോഡും തകർന്നു കൃഷിനാശം സംഭവിച്ചു. ടൂറിസം സാധ്യതകൾ നഷ്ടപ്പെട്ടു. ജനങ്ങൾ വലിയ തലത്തിലുള്ള പ്രയാസമാണ് നേരിടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ പുനർനിർമാണത്തിന്റെ ആവശ്യകതയെ കുറിച്ചും കേരളത്തിന് വേണ്ട സഹായത്തെ കുറിച്ചും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. പുനർനിർമാണത്തിന് 2000 കോടി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽപ്രധാനമന്ത്രി വളരെ പോസിറ്റീവായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും റിയാസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.