കൊൽക്കത്ത: ആർ.ജി.കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി സഞ്ജയ് റോയ് യുവതിയെ പിന്തുടർന്നിരുന്നതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
ഓഗസ്റ്റ് 8ന് മെഡിക്കൽ കോളജിലെ നെഞ്ചുരോഗ വിഭാഗത്തിൽ മറ്റ് നാല് ജൂനിയർ ഡോക്ടർമാർക്കൊപ്പം നിൽക്കുന്ന യുവതിയെ പ്രതി നോക്കിനിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.
ഓഗസ്റ്റ് 9നാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. പുലർച്ചെ ഒരു മണിക്ക് ആശുപത്രിയുടെ സെമിനാർ ഹാളിലേക്ക് യുവതി വിശ്രമിക്കാനായി പോയിരുന്നു.
പിന്നാലെ മറ്റൊരു ജൂനിയർ ഡോക്ടർ 2.30ന് സെമിനാർ ഹാളിലെത്തി യുവതിയോട് സംസാരിച്ചു. ഇദ്ദേഹം തിരിച്ചുപോയ ശേഷം യുവതി ഉറങ്ങാൻ കിടന്നു.
തുടർന്ന് 4 മണിയോടെ സഞ്ജയ് റോയ് സെമിനാർ ഹാളിലേക്ക് കയറുന്നതും 4.40ന് തിരിച്ചിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽനിന്ന് ലഭിച്ചു.
അതേസമയം, പ്രതി സഞ്ജയ് റോയ് ലൈംഗികവൈകൃതമുള്ളയാളും അശ്ലീലചിത്രങ്ങൾക്ക് അടിമയാണെന്നും സൈക്കോ അനാലിസിസ് പരിശോധനയിൽ വ്യക്തമായതായി സിബിഐ അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒട്ടും കൂസലില്ലാതെ കുറ്റകൃത്യത്തിന്റെ ഓരോ കാര്യങ്ങളും പ്രതി ഉദ്യോഗസ്ഥർക്ക് മുന്നിൽ പറഞ്ഞെന്നും കുറ്റബോധത്തിന്റെ ലാഞ്ഛന പോലും ഇയാളിലുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലപ്പെട്ട യുവതിയെ അവസാനമായിക്കണ്ട മൂന്ന് ജൂനിയർ ഡോക്ടർമാരുടെയും ആർ.ജി.കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിന്റെയും നുണ പരിശോധന നടത്താൻ ഒരുങ്ങുകയാണ് സിബിഐ.
രണ്ട് പിജി ട്രെയിനി ഡോക്ടർമാരുടെയും ഒരു ഇന്റേണിന്റെയും നുണപരിശോധനയാണു നടത്തുക. ഇതിനൊപ്പം ട്രെയിനി ഡോക്ടർമാരുടെ വിരലടയാളങ്ങളും സെമിനാർ ഹാളിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഇവർക്കൊപ്പമാണ് കൊല്ലപ്പെട്ട യുവതി അത്താഴം കഴിച്ചത്.
കൊല്ലപ്പെട്ട ദിവസം പുലർച്ചെ സെമിനാർ ഹാളിലെത്തി യുവതിയോട് സംസാരിച്ച ഡോക്ടറെയും പരിശോധനയ്ക്കു വിധേയനാക്കും.
യുവതി മരിച്ചുകിടന്ന മൂന്നാംനിലയിലെത്തിയ ഒരു ജീവനക്കാരനെയും നുണപരിശോധനയ്ക്ക് വിധേയനാക്കാനും സിബിഐ നീക്കം നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.