കോട്ടയം: ജെസ്‌ന കേസിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ സിബിഐ സംഘം നാളെ മുണ്ടക്കയത്തെത്തും.
കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മുണ്ടക്കയത്തെ ലോഡ്‌ജിൽ വച്ച് ജെസ്‌നയെ കണ്ടെന്ന് പറഞ്ഞ ലോഡ്‌ജിലെ മുൻ ജീവനക്കാരിയുടെ മൊഴി സിബിഐ രേഖപ്പെടുത്തും. ഇത് സംബന്ധിച്ച നിർദേശം ജീവനക്കാരിക്ക് അന്വേഷണ സംഘം നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ ഇവരുമായി ഫോണിൽ സംസാരിച്ച സിബിഐ സംഘം പ്രാഥമിക വിവരങ്ങളെല്ലാം ശേഖരിച്ചു. ജീവനക്കാരിയുടെ മൊഴിയ്‌ക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
ലോഡ്‌ജ് ഉടമയെയും സിബിഐ ചോദ്യം ചെയ്യും. ലോഡ്‌ജിന്റെ രജിസ്റ്റർ പിടിച്ചെടുത്ത് പരിശോധിക്കാനാണ് നീക്കം.
കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മുണ്ടക്കയത്തെ ലോഡ്‌ജിൽ വച്ച് ജെസ്‌നയെ കണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ലോഡ്‌ജിലെ മുൻ ജീവനക്കാരി വെളിപ്പെടുത്തിയത്.
ലോഡ്‌ജിൽ വച്ച് കണ്ടത് ജെസ്‌നയെ ആണെന്ന് മനസിലായത് പിന്നീട് പത്രത്തിൽ ഫോട്ടോ കണ്ടപ്പോഴാണെന്നും ലോഡ്‌ജുടമയുടെ ഭീഷണിയെ തുടർന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നും ഇവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അന്ന് ലോഡ്‌ജിൽ ഒരു പയ്യൻ ജെസ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നതായും മൂന്നോ നാലോ മണിക്കൂർ ഇവർ അവിടെ ചെലവഴിച്ചെന്നും ജീവനക്കാരി പറഞ്ഞു.
അതേസമയം, മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലും ആരോപണവും തെറ്റാണെന്നും തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്നുമായിരുന്നു ലോഡ്‌ജുടമ ബിജു സേവ്യറുടെ പ്രതികരണം.
അതേസമയം, ലോഡ്‌ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ ജെസ്‌നയുടെ പിതാവ് ജെയിംസും തള്ളിയിരുന്നു.
അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നും കേസിൽ സിബിഐ കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും ജെസ്‌നയുടെ പിതാവ് ജെയിംസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.