വാഷിങ്ടൻ: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ വധത്തിനു പിന്നാലെ പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുമെന്ന് യുഎസിന്റെ പ്രഖ്യാപനം. ഹനിയ വധത്തിൽ ഇസ്രയേലിനെ നേരിട്ടാക്രമിച്ച് തിരിച്ചടിക്കാൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് യുഎസ് നീക്കം.
പശ്ചിമേഷ്യയിൽ കൂടുതൽ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കുമെന്നും ഇസ്രയേലിനു നേരെയുള്ള എന്ത് ആക്രമണങ്ങളെയും പ്രതിരോധിക്കുമെന്നും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ അറിയിച്ചു.
യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റിന്റെ നേതൃത്വത്തിലുള്ള കപ്പൽപ്പടയ്ക്കു പകരം യുഎസ്എസ് എബ്രഹാം ലിങ്കന്റെ നേതൃത്വത്തിലുള്ള വിമാനവാഹിനിക്കപ്പൽപ്പടയെ വിന്യസിക്കും. പശ്ചിമേഷ്യയിൽ കൂടുതൽ ബാലിസ്റ്റിക് മിസൈൽ വേധ യുദ്ധക്കപ്പലുകളെയും യുദ്ധവിമാന സ്ക്വാഡ്രനെയും വിന്യസിക്കാനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഉത്തരവിട്ടിട്ടുണ്ട്.
‘‘മേഖലയിൽ ഇറാനോ സഖ്യകക്ഷികളോ ആക്രമണം നടത്താനുള്ള സാധ്യത മുന്നിൽക്കണ്ട് പ്രതിരോധ നടപടികൾ ശക്തമാക്കുകയാണ്. ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണം മുതൽ പശ്ചിമേഷ്യയിലെ തങ്ങളുടെ ജനങ്ങളെയും താൽപര്യങ്ങളെയും സംരക്ഷിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.’’–പെന്റഗൺ ഡപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രീന സിങ് പറഞ്ഞു. ഇസ്രയേലിനെ പ്രതിരോധിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.