കോയമ്പത്തൂർ: അണലിയുടെ കടിയേറ്റ പാമ്പ് പിടിത്തക്കാരൻ മരിച്ചു. കോയമ്പത്തൂർ നഗരത്തില്‍ 15 വർഷത്തിലേറെയായി പാമ്പുകളെ പിടികൂടുന്ന എസ്. മുരളി എന്ന 44 കാരനാണ് അണലിയെ പിടികൂടാനുള്ള ശ്രമത്തിനിടെ കടിയേറ്റ് മരിച്ചത്.
നഗരത്തിലെ കളപ്പ നായ്‌ക്കൻ പാളയത്തെ പ്രിൻ്റിംഗ് യൂണിറ്റില്‍ വെച്ചാണ് ഇദ്ദേഹത്തിന് കടിയേറ്റത്.ഇടയാർപാളയം രാജീവ്ഗാന്ധി സ്ട്രീറ്റില്‍ താമസിക്കുന്ന എസ്.മുരളി ചെറിയ ജോലികള്‍ ചെയ്തിരുന്നതായും ഇടവേളകളില്‍ പാമ്പുകളെ രക്ഷിക്കുന്ന ജോലിയില്‍ ഏർപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. ഭാര്യ ടെക്സ്റ്റൈല്‍ ഷോറൂമില്‍ സെയില്‍സ് വുമണായി ജോലി ചെയ്തു വരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പാമ്പിനെ കണ്ടതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് മുരളി കളപ്പ നായ്‌ക്കൻ പാളയത്തെ പ്രിൻ്റിംഗ് യൂണിറ്റിലെത്തി.
പ്രിൻ്റിംഗ് യൂണിറ്റിനുള്ളില്‍ രണ്ട് അണലികളെ കണ്ടെത്തിയ മുരളിക്ക് ഒരെണ്ണത്തിനെ പിടികൂടി റെസ്ക്യൂ ബാഗിലേക്ക് മാറ്റാൻ സാധിച്ചതായും പോലീസ് പറഞ്ഞു. എന്നാല്‍ രണ്ടാമത്തെ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ വലതുകാലിന് കടിയേല്‍ക്കുകയായിരുന്നു.
കടിയേറ്റതിന് ശേഷവും രണ്ടാമത്തെ പാമ്പിനെ ബാഗിലേക്ക് മാറ്റി. പക്ഷെ തുടർന്ന് മുരളി ബോധരഹിതനായി വീണു. പ്രിൻ്റിംഗ് യൂണിറ്റിലെ ജീവനക്കാർ ഉടൻ തന്നെ സർക്കാർ ആംബുലൻസില്‍ വിവരമറിയിച്ചു. എന്നാല്‍, ആംബുലൻസ് സംഭവസ്ഥലത്ത് എത്തും മുമ്പ് മുരളി മരിച്ചു.
വിവരമറിഞ്ഞ് വടവള്ളി പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പോലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മുരളി രക്ഷപ്പെടുത്തിയ പാമ്പുകളെ കാട്ടിലേക്ക് തുറന്നുവിട്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർപറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.