ഭോപ്പാൽ: കൃഷ്ണ ജന്മാഷ്ടമി സംസ്ഥാനത്തെ മുഴുവൻ സ്കൂൾ, കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആഘോഷിക്കണമെന്ന മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്.
സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് കോൺഗ്രസ് എം.എൽ.എ ആരിഫ് മസൂദ് പ്രതികരിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനും നല്ല അന്തരീക്ഷത്തിനും വേണ്ടിയുള്ളതാണ്. ഹിന്ദുക്കളും മുസ്ലീംങ്ങളും അവർ ആഗ്രഹിക്കുന്ന രീതിയിൽ ആഘോഷിക്കുന്ന മതപരമായ ചടങ്ങുകൾക്ക് അവധിയുണ്ട്.
അടുത്തിടെ ഞങ്ങൾ രാഖി ആഘോഷിച്ചു. പല ജന്മാഷ്ടമി പരിപാടികളിലും പങ്കെടുക്കുന്നു. പക്ഷേ, നിങ്ങൾ അത് (ജന്മാഷ്ടമി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർബന്ധമാക്കുന്നു, മറുവശത്ത് നിങ്ങൾ മദ്രസകൾക്ക് നേരെ വിരൽ ചൂണ്ടുന്നുവെന്നും ആരിഫ് മസൂദ് ചൂണ്ടിക്കാട്ടി.
ആഗസ്റ്റ് 21നാണ് വിവാദ ഉത്തരവ് മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ പുറപ്പെടുവിച്ചത്. കൃഷ്ണ ജന്മാഷ്ടമി ദിനമായ ആഗസ്റ്റ് 26ന് എല്ലാ ജില്ലയിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കണമെന്നാണ് മുഴുവൻ ഡിവിഷണൽ കമീഷണർമാരോടും ജില്ലാ കലക്ടർമാരോടും സംസ്ഥാന സർക്കാർ ഉത്തരവിട്ടത്.
കൂടാതെ, മുഴുവൻ സർക്കാർ, സർക്കാരിതര സ്‌കൂളുകളിലും കോളജുകളിലും ശ്രീകൃഷ്ണന്‍റെ വിദ്യാഭ്യാസം, സൗഹൃദം, ജീവിത ദർശനം എന്നിവയെ അടിസ്ഥാനമാക്കി പണ്ഡിതരുടെ പ്രഭാഷണങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കണമെന്നും സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.