സാൻഫ്രാൻസികോ: ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ചാറ്റ് ജിപിടി എന്ന ചാറ്റ് ബോട്ടുമായി ഉപഭോക്താക്കള്‍ വൈകാരികമായ അടുപ്പത്തിലാകുമോ എന്ന ആശങ്കയില്‍ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ. അടുത്തിടെ അവതരിപ്പിച്ച ചാറ്റ് ജിപിടി വോയ്സ് മോഡ് ആണ് ഇത്തരം ഒരു ആശങ്കയ്ക്ക് കാരണം.
വോയ്സ് മോഡുമായി ബന്ധപ്പെട്ട് നടത്തിയ സുരക്ഷാ പരിശോധനാ റിപ്പോര്‍ട്ടിലാണ് ആശങ്ക വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചയാണ് ചാറ്റ്ജിപിടിയുടെ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് വോയ്സ് മോഡ് ഫീച്ചര്‍ ലഭ്യമാക്കിത്തുടങ്ങിയത്.
മനുഷ്യന് സമാനമായ രീതിയില്‍ സംസാരിക്കാന്‍ കഴിവുള്ള എഐ വോയ്സ് മോഡ് ആണിത്. തത്സമയം ഉപഭോക്താവിനോട് സംവദിക്കുന്ന ഈ സംവിധാനം ഇതുവരെ പരിചിതമായ മറ്റ് വോയ്സ് അസിസ്റ്റന്റുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്.
സംസാരത്തിനിടെ ഉപഭോക്താവിന് ഇടയില്‍ കയറി മറ്റു കാര്യങ്ങള്‍ ചോദിക്കാം. മനുഷ്യരെ പോലെ തന്നെ സംസാരത്തിനിടെ മൂളുന്നത് പോലെയുള്ള ശബ്ദങ്ങളുണ്ടാക്കാനും ഇതിന് കഴിവുണ്ട്. ഉപഭോക്താവിന്റെ ശബ്ദം തിരിച്ചറിഞ്ഞ് അയാളുടെ വൈകാരികാവസ്ഥ തിരിച്ചറിയാനും ഈ വോയ്സ്മോഡിന് സാധിക്കും.
2013 ല്‍ പുറത്തിറങ്ങിയ 'ഹെര്‍' എന്ന ചലച്ചിത്രത്തിലെ എഐ ഡിജിറ്റല്‍ അസിസ്റ്റന്റുമായാണ് ചാറ്റ് ജിപിടിയുടെ വോയ്സ് മോഡിനെ താരതമ്യം ചെയ്യുന്നത്.
എഐ വോയ്സ് അസിസ്റ്റന്റുമായി ഒരാള്‍ പ്രണയ ബന്ധത്തിലാവുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
ഈ കഥ യാഥാര്‍ത്ഥ്യമാവുകയാണോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ഓപ്പണ്‍ എഐ. ഉപഭോക്താക്കള്‍ മാനസികമായ അടുപ്പത്തോടെ ചാറ്റ്ജിപിടിയുമായി സംസാരിക്കുന്നതായി ഓപ്പണ്‍ എഐ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
ക്രമേണ ഉപഭോക്താക്കള്‍ എഐയുമായി സാമൂഹിക ബന്ധങ്ങളുണ്ടാക്കിയേക്കാമെന്നും അത് മനുഷ്യരുമായുള്ള ഇടപഴകല്‍ കുറച്ചേക്കും.
ഒറ്റപ്പെടുന്നവര്‍ക്ക് അത് ഉപയോഗപ്പെട്ടേക്കാം എന്നാല്‍ അത് ആരോഗ്യപരമായ ബന്ധങ്ങളെ ബാധിക്കാനിടയുണ്ടെന്നും ഓപ്പണ്‍ എഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
മനുഷ്യനെ പോലെ സംസാരിക്കുന്ന ഒരു ബോട്ടില്‍ നിന്ന് വിവരങ്ങള്‍ കേള്‍ക്കുമ്പോള്‍ ആളുകള്‍ അത് കൂടുതല്‍ വിശ്വസിക്കാന്‍ ഇടയുണ്ടെന്നും അതുവഴി ആളുകള്‍ തെറ്റിദ്ധരിക്കപ്പെടാമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.