തിരുവനന്തപുരം: ശിവഗിരിമഠത്തിന് ദാനമായി കിട്ടിയ ഭൂമിയും കെട്ടിടങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവിലയും രജിസ്ട്രേഷന് ഫീസും പൂര്‍ണമായും ഇളവുചെയ്ത് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
എറണാകുളം രായമംഗലം വില്ലേജില്‍ പുല്ലുവഴിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഋഷികുലം ചാരിറ്റബിള്‍ ട്രസ്റ്റ് ദാനമായി നല്കുന്ന 99.34 ആര് പുരയിടവും അതില്‍ സ്ഥിതിചെയ്യുന്ന ശാരദാ ദേവി ക്ഷേത്രം, വീട്, ഓഫീസ് കെട്ടിടം മുതലായവയും വര്‍ക്കല ശിവഗിരി മഠത്തിന്റെ പേരില്‍ ദാനാധാരമായി രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷന് ഫീസ് ഇനങ്ങളില്‍ വരുന്ന തുക പൂണമായി ഇളവ് ചെയ്ത് നല്‍കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 2024-2025 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തിന് പീരീഡ് അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണ്ണയം നടത്തി ആവശ്യമായി വരുന്ന അധിക എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികകള്‍, താല്‍ക്കാലികമായി സൃഷ്ടിച്ച് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനും മന്ത്രിസഭായോഗം അനുമതി നല്കി.
സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രസ്തുത അധിക തസ്തികകളില്‍ തസ്തികനഷ്ടം വരുന്ന എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപകരെ ക്രമീകരിച്ച ശേഷം ബാക്കിയുള്ള തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.എയ്ഡഡ് സ്കൂളുകളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് അധികതസ്തികകളില്‍ അതേ മാനേജ്മെന്റ്റില്‍ തസ്തികനഷ്ടം വന്ന് പുറത്തുപോയവരെയും ചട്ടപ്രകാരമുള്ള അവകാശികളെയും കെ.ഇ.ആര് അധ്യായം തതക ചട്ടം 7(2) പ്രകാരം മറ്റ് സ്കൂളുകളിലെ സംരക്ഷിതാധ്യാപകരെയും പുനര്‍വിന്യസിച്ചതിനു ശേഷം മാത്രം ബാക്കിയുള്ളവയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നല്‍കും.
വയനാട് ജില്ലയില്‍ യു.പി.വിഭാഗം ഇല്ലാതെ പ്രവര്‍ത്തിച്ചുവരുന്ന ജി.എച്ച്.എസ്. അതിരാറ്റുകുന്ന്, ജി.എച്ച്.എസ്. വാളവയല്‍, ജി.എച്ച്.എസ്. പുളിഞ്ഞാല്‍ എന്നീ മൂന്ന് സ്കൂളുകളില്‍ 2024-25 വര്‍ഷത്തില്‍ അഞ്ചാം ക്ലാസും തുടര്‍ വര്‍ഷങ്ങളില്‍ ആറ്, ഏഴ് ക്ലാസുകളും ആരംഭിക്കുന്നതിന് അനുമതി നല്കി. സംരക്ഷിത അദ്ധ്യാപകര്‍ /എസ്.എസ്.കെ. വോളന്റിയര്‍മാര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തി ബ്രിഡ്ജ് കോഴ്സ് എന്ന നിലയിലാണിത്.
തൃശ്ശൂര്‍ ചാലക്കുടി തെക്കുമുറി വില്ലേജില്‍ കെഎസ്ഐടിഐഎല്ലിന്റെ കൈവശമുള്ള 30 ഏക്കര്‍ ഭൂമിയില്‍നിന്ന് 12 ഏക്കര്‍ ഭൂമി കാര്‍ക്കിനോസ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യസ്ഥാപനത്തിന് സെന്റര്‍ ഫോര്‍ ക്ലോംപ്ലക്സ് ക്യാന്സേഴ്സ് ആന്റ് ഇന്നവേഷന്‍ ഹബ്ബ് തുടങ്ങുന്നതിന് പാട്ടത്തിന് നല്‍കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 300 കോടി രൂപയുടെ മൂലധന നിക്ഷേപവും നേരിട്ടുള്ള 300 തൊഴിലവസരങ്ങളും കാര്‍ക്കിനോസ് ലിമിറ്റഡ് ലഭ്യമാക്കുമെന്നാണ് ഒരു നിബന്ധന. ആദ്യ അഞ്ച് വര്‍ഷത്തെ പാട്ട തുക ഒഴിവാക്കിയും പിന്നീട് 1964ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള നിരക്കിലും വ്യവസ്ഥകളോടെ 30 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കുക.
തൃക്കാക്കര മുന്‍സിപ്പല്‍ സഹകരണ ആശുപത്രിക്ക് സമീപമുള്ള കാക്കനാട് വില്ലേജിലെ 16.19 ആര് സ്ഥലം തൃക്കാക്കര മുന്‍സിപ്പല്‍ സഹകരണ ആശുപത്രിക്ക് നിലവിലുള്ള കമ്പോളവിലയുടെ രണ്ടു ശതമാനം വാര്‍ഷിക പാട്ടനിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിക്കും. ആശുപത്രിക്ക് നിലവില്‍ പാട്ടത്തിന് നല്കിയ ഭൂമിയില്‍ പാട്ടക്കുടിശ്ശികയും മറ്റും ഈടാക്കുന്നത് സംബന്ധിച്ച വിഷയം പ്രത്യേകമായി പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.