ന്യൂഡൽഹി: കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിനെ നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവിറക്കി.
നിലവിലെ ചീഫ് ജസ്റ്റിസ് എ.ജെ ദേശായി വിരമിക്കുന്ന ജൂൺ അഞ്ചാം തീയതി മുതൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചുമതല ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ് വഹിക്കും. നിലവിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്.
ദേശിയ തലത്തിൽത്തന്നെ ശ്രദ്ധ ആകർഷിച്ചിട്ടുള്ള സുപ്രധാനമായ പല വിധികളും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ് പുറപ്പടുവിച്ചിട്ടുണ്ട്. സ്ത്രീകൾ, കുട്ടികൾ, ലൈംഗിക ന്യൂനപക്ഷം, ഗോത്ര വിഭാഗം എന്നിവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പുറപ്പെടുവിച്ച ചില വിധികളും ഇതിൽ ഉൾപ്പെടും. കോടതിക്കു പുറത്ത് മുസ്ലിം സ്ത്രീകൾക്ക് വിവാഹ മോചനം നേടാൻ അവകാശംനൽകുന്ന ഖുൽഅ് വ്യവസ്ഥ ശരിവച്ച വിധി ജസ്റ്റിസ് മുഷ്‌താഖിന്റേത് ആയിരുന്നു. കുട്ടികളെ സഹായിക്കുന്നതിനായി അഭിഭാഷകരെ നിയമിക്കാനുള്ള വിധി പുറപ്പടുവിച്ചതും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ്.
കേരള ഹൈക്കോടതിയിലെയും കീഴ് കോടതികളിലെയും അടിസ്ഥാനസൗകര്യ വികസനത്തിലും ഡിജിറ്റൽ വത്കരണത്തിലും നിർണ്ണായക പങ്കാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ് വഹിച്ചത്. 2014 ജനുവരി 23-ന് ആണ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ് കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനാകുന്നത്. 2016 മാർച്ച് 10-ന് സ്ഥിരം ജഡ്ജിയായി.
1967-ൽ കണ്ണൂരിലെ താണയിൽ ജനിച്ച ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ഉഡുപ്പിയിലെ വി.ബി. ലോ കോളേജിൽനിന്നാണ് നിയമപഠനം പൂർത്തിയാക്കിയത്. മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽനിന്നാണ് നിയമത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. 1989-ൽ അഭിഭാഷകനായി എൻറോൾ ചെയ്തശേഷം കണ്ണൂരിലെ വിവിധ കോടതികളിൽ ഏഴ് വർഷത്തോളം പ്രാക്ടീസ് ചെയ്തു.
പാരീസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഫ്രഞ്ച് സർക്കാരിന്റെ സ്കോർളര്ഷിപ്പോടെ ബഹിരാകാശം, ടെലികമ്യൂണിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന്റെ ബിരുദാനന്തര ബിരുദം. ഹേഗ് അക്കാഡമി ഓഫ് ഇന്റർനാഷണൽ ലോയിൽനിന്ന് പ്രൈവറ്റ് ഇന്റർനാഷണൽ ലോയിൽ കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യാന്തര സെമിനാറുകളിൽ നിയമവുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങളും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ് അവതരിപ്പിച്ചിട്ടുണ്ട്.
പരേതനായ പ്രമുഖ അഭിഭാഷകൻ പി. മുസ്തഫയുടെ മകനാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്. എ. സൈനാബി ആണ് മാതാവ്. ആമിന യു.എൻ ആണ് ഭാര്യ. മക്കൾ: അയിഷ സെനാബ് കെൻസ, അസിയ നുസ, അലി മുസ്തഫ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.