തിരുവനന്തപുരം: സർക്കാർ ചടങ്ങുകള്‍ മതനിരപേക്ഷമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചടങ്ങുകള്‍ ഒരു പ്രത്യേക രീതിയില്‍ സംഘടിപ്പിക്കാൻ പാടില്ല. മതനിരപേക്ഷതയില്‍ വിശ്വാസികളും അവിശ്വാസികളുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2023-ലെ സിവില്‍ സർവീസ് പരീക്ഷയില്‍ വിജയിച്ചവരെ ആദരിക്കാൻ കേരള സ്റ്റേറ്റ് സിവില്‍ സർവീസ് അക്കാദമി സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.പരിപാടി ആരംഭിക്കുന്നതിനു മുന്നോടിയായി ഈശ്വരപ്രാർഥനയ്ക്കായി എല്ലാവരോടും എഴുന്നേറ്റുനില്‍ക്കാൻ വേദിയില്‍നിന്നു നിർദേശമുണ്ടായി. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചുവെന്നാണ് സൂചന.എല്ലാവരും ഇന്ത്യൻ പൗരന്മാരാണെന്ന മനോഭാവം എല്ലാ ചടങ്ങിലും പ്രകടമാകണം.
മതങ്ങളില്‍ ഈശ്വരവിശ്വാസികളും അവിശ്വാസികളുമുണ്ട്. ഹിന്ദുമതത്തില്‍ എല്ലാവരും ഈശ്വരപ്രതിഷ്ഠയില്‍ വിശ്വസിക്കുന്നവരല്ല. ആദ്യം മുതല്‍ ഈശ്വരനെ നിഷേധിച്ചു ജീവിക്കുന്നവരുമുണ്ട്.
മതനിരപേക്ഷത രാഷ്ട്രീയ പരികല്പനയല്ല. മറിച്ച് ഭരണഘടനയുടെ അടിസ്ഥാനസ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു. സംഘാടകരെ വിമർശിച്ചതിനൊപ്പം ഒൻപതാം ക്ലാസില്‍ പഠിച്ച ഉപനിഷത്തിന്റെ ഏതാനും വരികളും അദ്ദേഹം വേദിയില്‍ പറഞ്ഞു. ഉദ്യോഗസ്ഥമേഖലയില്‍ മാറേണ്ടതായ മാറാലകള്‍ ഇപ്പോഴുമുണ്ട്. ജനങ്ങള്‍ ഭരിക്കപ്പെടേണ്ടവരല്ല, മറിച്ച് സേവിക്കപ്പെടേണ്ടവരാണെന്ന ബോധ്യമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് കീഴരിയൂർ സ്വദേശി എ.കെ.ശാരികയ്ക്ക് സ്റ്റേജില്‍നിന്നിറങ്ങിയാണ് മുഖ്യമന്ത്രി ഉപഹാരം നല്‍കിയത്. സെറിബ്രല്‍ പാള്‍സി രോഗബാധിതയായ ശാരിക, ശാരീരികപരിമിതികള്‍ മറികടന്നാണ് സിവില്‍ സർവീസ് പരീക്ഷയില്‍ 922-ാം റാങ്ക് നേടിയത്.
സിവില്‍ സർവീസ് വിജയികളായ 54 പേരും കുടുംബാംഗങ്ങളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. മന്ത്രി ഡോ. ആർ.ബിന്ദു അധ്യക്ഷയായി. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഇഷിതാ റോയ്, സി.സി.ഇ.കെ. ഡയറക്ടർ കെ.സുധീർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.