കൊച്ചി: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിനെതിരേ വായ്പാതട്ടിപ്പ് പരാതി. എടുക്കാത്ത വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞദിവസം പെരുമ്പാവൂർ സ്വദേശികളായ ചിലർക്ക് കോൺഗ്രസ് ഭരിക്കുന്ന അർബൻ സഹകരണ ബാങ്കിൽനിന്ന് നോട്ടീസ് ലഭിച്ചിരുന്നു. സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഇ.എസ് രാജനും സെക്രട്ടറി രവികുമാറിനുമെതിരേയാണ് വായ്പാത്തട്ടിപ്പ് പരാതിയുമായി പ്രദേശവാസികൾ രംഗത്ത് വന്നിരിക്കുന്നത്.
താൻ 30 ലക്ഷം രൂപയുടെ കടക്കാരനാണെന്ന് അറിയുന്നത് നോട്ടീസ് ലഭിച്ചപ്പോഴാണെന്ന് പ്രദേശവാസിയായ ലെനിൻ പറയുന്നു. അബ്ദുൾ അസീസ് എന്ന പട്ടിമറ്റം സ്വദേശിയുടെ വസ്തു ഈടുവെച്ച് 20 ലക്ഷം രൂപ വായ്പയെടുത്തെന്നാണ് നോട്ടീസിലുള്ളത്. എന്നാൽ, അബ്ദുൾ അസീസ് എന്ന വ്യക്തിയെ തനിക്ക് പരിചയമില്ലെന്നും അറിയാത്ത ആളുടെ വസ്തുവെച്ചെങ്ങനെ വായ്പ എടുക്കുമെന്നും ലെനിൻ ചോദിക്കുന്നു. നോട്ടീസ് ലഭിച്ച് രണ്ട് ദിവസത്തിനുശേഷം പെരുമ്പാവൂർ സഹകരണ സംഘത്തിൽ നടന്ന ഹിയറിങ്ങിലാണ് ആദ്യമായി അബ്ദുൾ അസീസിനെ കാണുന്നതെന്ന് ലെനിൻ പറയുന്നു.
'അന്ന് സത്യവാങ്മൂലം ഒപ്പിടുന്നത് കാണുമ്പോഴാണ് അബ്ദുൾ അസീസ് ഇന്നയാളാണെന്ന് എനിക്ക് മനസിലാകുന്നത്. ഞാൻ ഒപ്പിടാതെ എങ്ങനെയാണ് ലോൺ എടുത്തതെന്ന് ചോദിച്ചപ്പോൾ പ്രസിഡന്റ് ഇ.എസ് രാജനുമായുള്ള അഡ്ജസ്റ്റ്മെന്റ് ആണെന്നാണ് പറഞ്ഞത്. 2017 സമയത്ത് ബാങ്ക് പ്രസിഡന്റ് രാജനായിരുന്നു. കേസുമായി മുമ്പോട്ട് പോകാൻതന്നെയാണ് തീരുമാനം. ഹൈക്കോടതിയിലെ അഭിഭാഷകനെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞത് പ്രകാരം അർബൻ ബാങ്കിൽനിന്ന് ലോണിനായി ഒപ്പിട്ടുവെന്ന് പറയപ്പെടുന്ന ഡോക്യുമെന്റ് വേണമെന്ന് അറിയിച്ച് പലതവണ ബാങ്കിൽ പോയിരുന്നു. പലതവണ കയറിയിറങ്ങിയിട്ടും ഇതേവരെ ആ ഡോക്യുമെന്റ് എനിക്ക് ലഭിച്ചില്ല. പ്രസിഡന്റും സെക്രട്ടറിയും അവധിയാണെന്നാണ് അവിടുത്തെ താത്കാലിക ജീവനക്കാരിൽനിന്ന് അറിയാൻ കഴിഞ്ഞത്. പുതിയ ചെയർമാനായി സ്ഥാനം വഹിക്കാനിരിക്കുന്ന പോൾ പാത്തിക്കലിനെയും ഞാൻ വിളിച്ചു. എന്നിട്ടും അനുകൂല മറുപടി ലഭിച്ചില്ല. ഇതേവരെ ഡോക്യുമെന്റും ലഭിച്ചില്ല. എന്നെ ഹിയറിങ്ങിന് വിളിച്ച അന്നുതന്നെ ഇതേ കേസിൽ പത്തിരുപത് ആൾക്കാർ തങ്ങളുടെ പേരിൽ വന്ന നോട്ടീസുമായി അവിടെ എത്തിയിരുന്നു. അതിൽ ഒരു കോടി രൂപ വരെ വായ്പാ തിരിച്ചടവ് വന്നവരുമുണ്ട്. ഇനിയും ആൾക്കാർ ഈ വായ്പ്പാ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് ഉറപ്പാണ്', ലെനിൻ പറയുന്നു.
പ്രസിഡന്റ് രാജൻ പറഞ്ഞതുപ്രകാരം ജാമ്യംനിന്ന ലിജു എന്ന വ്യക്തിക്കും 20 ലക്ഷം രൂപ തിരിച്ചടവിന്റെ നോട്ടീസാണ് ലഭിച്ചിരിക്കുന്നത്. ഭാര്യയുടെ പേരിലും രാജൻ വായ്പാത്തട്ടിപ്പ് നടത്തിയിട്ടുണ്ട്. ലോട്ടറി കടയിലെ ജീവനക്കാരിയായ ഗീതയുടെ പേരിലാണ് രാജന്റെ ഭാര്യ 20 ലക്ഷം രൂപയുടെ വായ്പ എടുത്തത്. ഇതുപ്രകാരം എടുക്കാത്ത വായ്പയ്ക്ക് പലിശ സഹിതം 31 ലക്ഷം രൂപ തിരിച്ചടവ് ആവശ്യപ്പെട്ടാണ് ഗീതയ്ക്ക് ബാങ്കിന്റെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ഒരാൾക്ക് പരമാവധി മൂന്ന് വായ്പയ്ക്ക് മാത്രമേ അനുവാദം കൊടുക്കാവൂ എന്നിരിക്കേ, മുൻ ഭരണസമിതി അബ്ദുൾ അസീസിന് മാത്രമായി അനുവദിച്ച് നൽകിയത് 12 ലോണുകളിലായി കോടികളാണ്. പരാതിക്കാർ രംഗത്തെത്തിയതോടെ വസ്തു വിറ്റ് ലോൺ അടയ്ക്കാമെന്ന് അറിയിച്ചിരിക്കുകയാണ് അബ്ദുൾ അസീസ്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.