തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള കേസിന്റെ പേരില്‍ വാര്‍ത്താകേന്ദ്രമായ വ്യക്തിയാണ് കെ.എസ്.ആര്.ടി.സിയിലെ എംപാനല്‍ ഡ്രൈവറായ യദു. അടുത്തിടെ തന്നെ ജോലിയില്‍ തിരികെ എടുക്കണമെന്ന് പറഞ്ഞ് യദു, ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കാണാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ കേരളത്തില്‍ പലയിടത്തും യദുവിന് വേണ്ടി ഒറ്റയാള്‍ സമരങ്ങള്‍ ഉണ്ടാവുകയും പണപ്പിരിവുകള്‍ ഉള്‍പ്പെടെ നടക്കുകയും ചെയ്തിരുന്നു.
മേയര്‍ ആര്യയുമായുള്ള കേസ് എങ്ങനെയും തേച്ചുമാച്ച് കളയാനുള്ള ശ്രമത്തിലാണ്. കോടതി ഇടപെടല്‍ ഇല്ലെങ്കില്‍ കേസ് എങ്ങുമെത്താന്‍ പോകുന്നില്ല. അതുകൊണ്ട് കേസിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആകുന്നതുവരെ മറ്റ് ജോലിക്ക് പോകേണ്ടതില്ല എന്നാണ് ഇപ്പോഴത്തെ തീരുമാനമെന്ന് യദു പറഞ്ഞു. സ്വകാര്യ ബസുകളില്‍ ജോലിക്ക് പോകാന്‍ പറ്റും. പക്ഷെ ഈ കേസിന്റെ പേരില്‍ പാര്ട്ടിക്കാര് തനിക്കെതിരെ ഇനി വേറെ സ്ത്രീകളെക്കൊണ്ട് കേസ് കൊടുപ്പിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് ജോലിക്ക് പോകാത്തത്.
ഈ വിഷയം ഉണ്ടായതിന് പിന്നാലെ എനിക്ക് ഗള്‍ഫില്‍ നിന്നുള്‍പ്പെടെ കുറെപ്പേര് കേസ് നടത്തുന്നതിന് പണം അയച്ചുതന്നിരുന്നു. ഒരുലക്ഷത്തിന് മുകളില്‍ വരും. അത് ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അത് കേസിന്റെ ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കില്ല. പക്ഷെ കഴിഞ്ഞ മൂന്ന് മാസത്തോളമായി ജോലിയില്ലാതിരിക്കുകയാണ്. അതിന്റേതായ പ്രതിസന്ധികളുണ്ട്. പ്രായമായ അച്ഛന് ഇപ്പോഴും ജോലി ചെയ്യുന്നു. ആ വരുമാനം മാത്രമാണ് കുടുംബത്തിനുള്ളത്. പ്രായമായ സമയത്ത് മാതാപിതാക്കളെ സംരക്ഷിക്കേണ്ട സമയത്ത് അതിന് സാധിക്കാതെ പോകുന്നതില്‍ വിഷമമുണ്ട്. പക്ഷെ ഈ കേസുമായി മുന്നോട്ടു പോകണമെന്ന് തന്നെയാണ് തീരുമാനം. അതാണ് എല്ലാവരും പറയുന്നതും. അമ്മയൊക്കെ പുറത്ത് പോകുമ്പോള്‍ ആളുകള്‍ വന്ന് പറയാറുണ്ട്, യദുവിനെ തോറ്റുപോകാന്‍ അനുവദിക്കരുത് എന്ന്. അതാണ് മുന്നോട്ട് പോകാന്‍ ധൈര്യം നല്‍കുന്നത്.
എനിക്ക് പാര്‍ട്ടിയുമായുള്ള ബന്ധമുപയോഗിച്ച് വേണമെങ്കില്‍ കേസില്‍ നിന്ന് ഒത്തുതീര്‍പ്പായി പോകാം. പക്ഷെ ഇപ്പോള്‍ ഞാനിത് ചെയ്യുന്നത് അധികാരത്തിന്റെ ധാര്ഷ്ട്യത്തില് സാധാരണക്കാരോട് എന്തുമാകാമെന്ന ബോധം ഉള്ളവര്‍ക്കെതിരെ നില്ക്കാന് വേണ്ടിയാണ്. എന്നേപ്പോലെ സമാന സാഹചര്യത്തിലൂടെയെ അല്ലെങ്കില്‍ ഭരണത്തിലുള്ളവരുടെയോ ഒക്കെ ഭാഗത്ത് നിന്ന് അനീതി നേരിട്ടവരുണ്ട്. അവര്‍ക്ക് വേണ്ടി കൂടിയാണ് ഇപ്പോഴും കേസുമായി മുന്നോട്ടുപോകുന്നത്.
സാമൂഹികമാധ്യമങ്ങളില്‍ എന്നെ അനുകൂലിക്കുന്നവരുണ്ട്. എന്റെ ഭാഗത്തും ശരിയുണ്ടെന്ന് തോന്നുന്നതുകൊണ്ടാണല്ലോ ഇപ്പോഴും അവര്‍ കൂടെ നില്‍ക്കുന്നത്. എന്നേപ്പോലെ അനുഭവങ്ങളുള്ളവരാണ് ആ കൂട്ടായ്മയിലുള്ളവരില്‍ പലരും. പക്ഷെ ഇതിനുള്ളിലും എന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നവരുമുണ്ട്. അങ്ങനെ എനിക്ക് വേണ്ടി പണപ്പിരിവിന് ആരെയും ഞാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. എനിക്ക് പണം ആവശ്യമുണ്ടെങ്കില്‍ ഞാന്‍ തന്നെ നേരിട്ട് ആവശ്യപ്പെടും. അല്ലാതെ എന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നവര്‍ക്ക് ആരും പണം കൊടുക്കരുത് എന്നാണ് എന്റെ അപേക്ഷ. ഇതേ കൂട്ടായ്മകളിലുള്ളവരാണ് കേരളത്തിലെ പല ഇടങ്ങളിലും കൂട്ടമായും ഒറ്റയ്ക്കും പ്രതിഷേധം സംഘടിപ്പിക്കുന്നത്. അവര്‍ക്കൊക്കെ എനിക്കുണ്ടായതോ അതിലുമപ്പുറമോ അനുഭവങ്ങള്‍ നേരിട്ടുണ്ടായവരുണ്ട്. അതിനാലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. അവര്‍ക്ക് വേണ്ടിക്കൂടിയാണ് പിന്മാറാതെ മുന്നോട്ടുപോകുന്നത്.
എന്നെ എങ്ങനെയും മോശക്കാരനും പെണ്ണുപിടിയനുമൊക്കെ ആക്കി സമൂഹത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമം പലപ്പോളായി നടക്കുന്നുണ്ട്. ഇതിന്റെ കൂടെ ഭീഷണിയും. ഇതൊക്കെ തുടക്കം മുതല്‍ തന്നെ ഞാന്‍ പറയുന്നതാണ്. ബസില്‍ നിന്ന് ആംഗ്യം കാണിച്ചാല്‍ കാറിലിരിക്കുന്നവര്‍ക്ക് കാണാമെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. അതിനായി അവര്‍ പ്രത്യേകം പരിശോധന നടത്തിയെന്നാണ് പറയുന്നത്. പക്ഷെ അങ്ങനെ ഒരു പരിശോധന നടന്നുവെന്നതിന് എന്താണ് തെളിവ്? മാത്രമല്ല അങ്ങനെ കാറിലിരിക്കുന്നവര്‍ക്ക് ബസിന്റെ ഡ്രൈവര്‍ സീറ്റിലിരിക്കുന്ന ആളിനെ കാണാന്‍ പറ്റില്ലെന്നത് ഏത് കൊച്ചുകുട്ടിക്കുമറിയാം. അപ്പോള്‍ അവര്‍ തന്നെ ഉണ്ടാക്കിയ കേസില്‍ അവര്‍ തന്നെ തെളിവുകളുമുണ്ടാക്കുന്നു. അതിന്റെ ഭാഗമായാണ് ഇത്തരം പരിശോധനയും റിപ്പോര്‍ട്ടുമൊക്കെ. എന്തൊക്കെ സംഭവിച്ചാലും കേസുമായി മുന്നോട്ടുപോകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.