ന്യൂഡൽഹി: അമ്മയെ ബലാത്സംഗത്തിന് ഇരയാക്കിയവരെ മുപ്പത് വർഷങ്ങള്‍ക്ക് ശേഷം നിയമത്തിന് മുന്നില്‍ എത്തിച്ച് മകൻ. ബലാത്സംഗത്തിനിരയായ അതിജീവിത ജന്മം നല്‍കിയ മകനാണ് നിയമപോരാട്ടത്തില്‍ അമ്മയ്ക്ക് തുണയായത്.
ജനിച്ചയുടനെ അതിജീവിതയുടെ കുടുംബം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. ഏകദേശം മുപ്പത് വർഷങ്ങള്‍ക്ക് ശേഷം തന്റെ അമ്മയെ കണ്ടെത്തിയ യുവാവ് ഏറെ നാള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുറ്റവാളികളെ കോടതിയിലെത്തിച്ചത്.1994 നും 1996 നും ഇടയില്‍ 12ആം വയസ്സിലാണ് യുവാവിന്റെ അമ്മ പലതവണ ബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ മുഹമ്മദ് റാസിയ്ക്കും ഹസൻ നഖിയ്ക്കും 2024 മെയ് 20 ന് ഷാജഹാൻപൂർ സെഷൻസ് കോടതി 10 വർഷം കഠിന തടവും 10,000 രൂപ വീതം പിഴയും വിധിച്ചു.
30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യുപിയിലെ ഹർദോയ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒരു ദരിദ്ര കുടുംബത്തിലെ അഞ്ച് സഹോദരങ്ങളില്‍ ഒരാളായ പെണ്‍കുട്ടിയെ പഠനത്തിനായാണ് കുടുംബം ഷാജഹാൻപൂരിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് അയച്ചത്.
തന്റെ സഹോദരിയും അവരുടെ ഭർത്താവും വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു അവള്‍ പലതവണ ക്രൂര ബലാത്സംഗത്തിനിരയായത്. സഹോദരീ ഭർത്താവ് വനം വകുപ്പ് ഉദ്യോഗസ്ഥനും സഹോദരി സ്കൂള്‍ ടീച്ചറുമായിരുന്നു.
"ഞാൻ 1993-ല്‍ ഷാജഹാൻപൂരില്‍ എത്തി. എൻ്റെ സഹോദരി എനിക്കായി വാങ്ങിയ പുതിയ ബാഗും വെള്ളക്കുപ്പിയും സൈക്കിളുമായി ഞാൻ സന്തോഷത്തോടെ പുതിയ സ്കൂളില്‍ ചേർന്നു. പക്ഷെ, ഈ കോളനി ഹർദോയിയിലെ ഞങ്ങളുടേ ഗ്രാമത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു.
മുസ്‌ലിം സമുദായക്കാർ കൂടുതലുള്ള പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഒരു കൂട്ടം സംസ്‌കാരമില്ലാത്ത ആളുകള്‍ പെണ്‍കുട്ടികളെ പതിവായി കളിയാക്കിയിരുന്നു. തുടക്കത്തില്‍, ഞാൻ അത് അവഗണിച്ചു,
പക്ഷേ കളിയാക്കല്‍ ഓരോ ദിവസം കഴിയുന്തോറും കൂടി വന്നു. ഒടുവില്‍ എനിക്ക് സ്കൂള്‍ പോകാൻ താല്‍പ്പര്യമില്ലെന്ന് ഞാൻ സഹോദരിയോട് പറഞ്ഞു. ആശങ്കാകുലരായ എൻ്റെ സഹോദരിയും ഭർത്താവും സ്കൂള്‍ അധികൃതരോട് അന്വേഷിച്ചപ്പോള്‍ സ്കൂളില്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് അവർ പറഞ്ഞു
ഒടുവില്‍ ആണ്‍കുട്ടികള്‍ തന്നെ പിന്തുടരാൻ തുടങ്ങിയത് സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നും രക്ഷപ്പെടാൻ ഒളിക്കേണ്ടി വന്ന സമയങ്ങളുണ്ടായിരുന്നുവെന്നും അതിജീവിത പറയുന്നു. അവർ ഒടുവില്‍ തന്റെ വീട് കണ്ടെത്തിയെന്നും വീടിന് പുറത്ത് മണിക്കൂറുകളോളം അവർ നില്‍ക്കുമായിരുന്നുവെന്നും അതിജീവിത പറയുന്നു.
"ഒരു ദിവസം, അവരില്‍ രണ്ടുപേർ ഞങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി, ഞാൻ വാതില്‍ തുറന്നപ്പോള്‍ അവർ എന്നെ അകത്തേക്ക് തള്ളിയിട്ടു. എന്നെ ആക്രമിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ശേഷം ഈ സംഭവങ്ങള്‍ ഞാൻ ആരോടെങ്കിലും പറഞ്ഞാല്‍ എൻ്റെ സഹോദരിയെയും ഭർത്താവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം അവർ വീട്ടില്‍ നിന്ന് പോയി.
ആരോടും ഒന്നും പറഞ്ഞില്ലെങ്കിലും ഈ സംഭവങ്ങള്‍ എൻ്റെ ജീവിതത്തിലുടനീളം എന്നെ വേട്ടയാടാൻ പോകുന്ന ഒരു യാഥാർത്ഥ്യമാണെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞില്ല , "അവള്‍ പറഞ്ഞു.
" പിന്നീട് ആരും ഇല്ലാത്തപ്പോള്‍ അവർ രണ്ട് പേരും പലതവണ വീട്ടില്‍ വന്നു എന്നെ ഉപദ്രവിച്ചു. എനിക്ക് എൻ്റെ സഹോദരിയോടും അമ്മയോടും പറയണമെന്നുണ്ടായിരുന്നു, പക്ഷേ പറഞ്ഞില്ല. തുടർന്ന് ഒരു ദിവസം ഞാൻ രോഗ ബാധിതയായി.
എൻ്റെ സഹോദരി എന്നെ ഒരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയപ്പോഴാണ് ഞാൻ ഗർഭിണിയാണെന്ന വിവരം സ്ഥിരീകരിക്കപ്പെട്ടത്. ആ പ്രായത്തില്‍ അതിൻ്റെ അർഥം എന്താണെന്ന് പോലും അറിയാത്ത എനിക്ക് വീട്ടുകാരുടെ പരിഭ്രാന്തി എന്തിനാണെന്ന് മനസ്സിലായില്ല. അപ്പോഴും ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. പക്ഷേ ഒടുവില്‍ എല്ലാം അമ്മയോട് പറഞ്ഞു.
സഹോദരിയും അവളുടെ ഭർത്താവും ചേർന്ന് എന്നെ ഉപദ്രവിച്ച രണ്ടുപേരെയും കണ്ടെത്തി. എന്നാല്‍ പോലീസിനെ സമീപിച്ചാല്‍ കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തി. അന്ന് രാത്രി എൻ്റെ സഹോദരി വീട് ഒഴിഞ്ഞു. ഞങ്ങള്‍ മറ്റൊരു നഗരത്തിലേക്ക് പോയി. ഒടുവില്‍ ഞാൻ ഒരു കുട്ടിക്ക് ജന്മം നല്‍കി.
പക്ഷേ എനിക്ക് അവനെ കാണാൻ കഴിഞ്ഞില്ല. ബോധം വന്നപ്പോള്‍ ഇക്കാര്യങ്ങള്‍ ഒന്നും ഒരിക്കലും ആരോടും പറയരുതെന്ന് അമ്മ പറഞ്ഞു. സംഭവത്തെ കുറിച്ച് ഞാൻ ഒരക്ഷരം പറയുകയോ കുഞ്ഞിനെ കുറിച്ച് ചോദിക്കുകയോ ചെയ്താല്‍ കുടുംബം മുഴുവൻ ജീവനൊടുക്കുമെന്നും അമ്മ പറഞ്ഞു.
എനിക്ക് വെറും 12 വയസ്സായിരുന്നു. ഞാൻ അവർ പറഞ്ഞതുപോലെ ചെയ്തു. എന്നെ അവർ ഹർദോയിയിലെ എൻ്റെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നു, " അതിജീവിത പറഞ്ഞു.
ഗ്രാമത്തില്‍ തൻ്റെ ജീവിതം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിച്ച അവള്‍ക്ക് തെറ്റ് പറ്റി. ഗർഭധാരണത്തിനും പ്രസവത്തിനും ശേഷം അവളുടെ ശരീരത്തിനുണ്ടായ മാറ്റങ്ങള്‍ കണ്ടപ്പോള്‍ ഗ്രാമവാസികള്‍ പല കഥകളും പറഞ്ഞു. ഗ്രാമം അവളുടെ കുടുംബത്തെ ബഹിഷ്‌കരിച്ചു,
തുടർന്ന് അവർ ഗ്രാമം വിട്ടുപോകാൻ നിർബന്ധിതരായി. അവളുടെ ബന്ധു വീട്ടിലേക്കാണ് കുടുംബം അവളെ അയച്ചത്. അവിടെ ഒരു വേലക്കാരിയെപ്പോലെ അവള്‍ ജീവിച്ചു. 2000-ല്‍ അവള്‍ വിവാഹിതയായി. തുടർന്ന് വാരണാസിയില്‍ സ്ഥിരതാമസമാക്കി.
"ഞാൻ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി ജനിച്ചു. എങ്ങനെയോ ഒരു ദിവസം എൻ്റെ ഭർതൃ വീട്ടുകാർ എൻ്റെ ഭൂതകാലത്തെക്കുറിച്ച് അറിഞ്ഞു, എൻ്റെ ഭർത്താവ് എന്നോട് മകനുമായി വീട് വീട്ടിറങ്ങാൻ ആവശ്യപ്പെട്ടു. മറുവശത്ത്, എന്റെ സഹോദരിയേയും അവളുടെ ഭർത്താവ് അവളെ ഉപേക്ഷിച്ചു," അതിജീവിത പറഞ്ഞു.
2007-ല്‍ ജീവിതം വീണ്ടും പുതുതായി തുടങ്ങാൻ തീരുമാനിച്ച് മകനോടൊപ്പം അവള്‍ ലഖ്‌നൗവിലേക്ക് മാറി. അവിടെ ഒരു ഹോസ്റ്റലില്‍ താമസം തുടങ്ങി. ചെറിയ ചില ജോലികള്‍ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോയി.
"ഒരു ദിവസം ഒരു ആണ്‍കുട്ടി എന്നെ സമീപിച്ചു. കുടുംബം ഉപേക്ഷിച്ച എൻ്റെ മകനാണ് അവനെന്ന് പറഞ്ഞപ്പോള്‍ ഞാൻ നടുങ്ങിപ്പോയി. അവന് ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു, പക്ഷേ ഒരെണ്ണത്തിന് പോലും എനിക്ക് ഉത്തരം നല്‍കാൻ കഴിഞ്ഞില്ല, "അതിജീവിത പറഞ്ഞു.
ശേഷം രണ്ട് ആണ്‍മക്കള്‍ക്കൊപ്പം അവള്‍ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. അപ്പോഴും, മൂത്തമകൻ്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാൻ അവള്‍ക്ക് കഴിഞ്ഞില്ല.
"പലവട്ടം ആ ചോദ്യങ്ങള്‍ ഞാൻ ഒഴിവാക്കാൻ ശ്രമിച്ചു, പക്ഷേ 2019 ല്‍ അവൻ്റെ പിതാവിൻ്റെ പേര് പറഞ്ഞില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് അവൻ ഭീഷണിപ്പെടുത്തി. ഞാൻ പൊട്ടിക്കരഞ്ഞ് കൊണ്ട് അവനോട് എല്ലാം പറഞ്ഞു.
പക്ഷെ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അവൻ കുറ്റവാളികളെ കണ്ടെത്തുമെന്നും തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. അവന്റെ ശക്തിയും നിശ്ചയദാർഢ്യവുമാണ് ഇത്രയും വർഷങ്ങള്‍ക്ക് ശേഷം നീതി തേടാനുള്ള ധൈര്യം എനിക്ക് നല്‍കിയത്," അവർ പറഞ്ഞു.
"ജോലികള്‍ ചെയ്ത് പണം സമ്പാദിച്ച ശേഷം അമ്മയെ ഉപദ്രവിച്ചവരെ തേടി ഞങ്ങള്‍ ഷാജഹാൻപൂർ സന്ദർശിക്കാറുണ്ടായിരുന്നു. റാസി ഭായ് എന്ന പേരൊഴികെ മറ്റൊന്നും അറിയില്ലായിരുന്നു. ഞങ്ങള്‍ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് സഹായം തേടി. പക്ഷേ പ്രതികളുടെ പേരുവിവരങ്ങള്‍ അറിയാത്തതിനാല്‍ ഞങ്ങളെ സഹായിക്കാൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞു.
ഞങ്ങള്‍ റാസി ഭായിയുടെ ദുബായിലുള്ള ബന്ധുക്കളാണെന്നും അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു കോളനികളിലെ ചിലര്‍ക്ക് ഞങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കി മടങ്ങുകയായിരുന്നു.
രണ്ടു വർഷത്തോളം തിരച്ചില്‍ തുടർന്നു. ഒരു ദിവസം ഒരു ഫോണ്‍ കോള്‍ വന്നു. മറുവശത്ത് റാസി ഭായിയായിരുന്നു. അമ്മയായിരുന്നു ഫോണില്‍ അയാളോട് സംസാരിച്ചത്. ശേഷം ഫോണ്‍നമ്പര്‍ പോലീസിന് കൈമാറി", മകൻ പറഞ്ഞു.
2021 മാർച്ച് 4 ന് റാസി ഭായിക്കും സഹോദരനുമേതിരെ പോലീസ് എഫ്‌ഐആർ ഫയല്‍ ചെയ്തതായി ഷാജഹാൻപൂരിലെ സെഷൻസ് കോടതിയില്‍ അതിജീവിതയ്ക്കായി ഹാജരായ അഭിഭാഷകൻ മുത്താർ ഖാൻ പറഞ്ഞു. 2022 ഓഗസ്റ്റില്‍ ഗുഡ്ഡു ഹസൻ എന്ന മുഹമ്മദ് റാസിയെ യുപി പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ നഖി ഹസനെ പിന്നീട് ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തു.
വിചാരണ വേളയില്‍, സാക്ഷികളുടെ അഭാവവും പ്രസവം നടത്തിയ ഡോക്ടറെ കണ്ടെത്താൻ കഴിയാതെ വന്നതും പ്രതിഭാഗത്തിന് തുണയായിയെന്ന് ഖാൻ പറഞ്ഞു. പ്രതിയും അതിജീവിതയും പരസ്പര സമ്മത പ്രകാരമാണ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്നും അവര്‍ വാദിച്ചു.
തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താന്‍ കോടതി അനുമതി നല്‍കിയത്. ശേഷം മകന്റെ രക്തസാമ്പിളും പ്രതികളില്‍ നിന്നെടുത്ത സാമ്പിളും ലാബിലേക്ക് അയച്ച് പരിശോധിച്ചു. 2022 ഏപ്രിലില്‍ ഡിഎൻഎ ഫലങ്ങള്‍ അതിജീവിതയ്ക്ക് അനുകൂലമായി വന്നു.
തുടര്‍ന്ന് ഐപിസി സെക്ഷൻ 376 പ്രകാരം ബലാത്സംഗത്തിന് ഇരുവർക്കും ശിക്ഷ വിധിച്ചതായി ഷാജഹാൻപൂർ പോലീസ് സൂപ്രണ്ട് (എസ്പി) അശോക് കുമാർ പറഞ്ഞു കുറ്റകൃത്യം ചെയ്യുമ്പോള്‍ 25-ും 22-ും വയസ്സുണ്ടായിരുന്ന രണ്ട് പ്രതികള്‍ക്ക് ഇപ്പോള്‍ 55-ും 52-ും വയസ്സുണ്ട്. അതിജീവിതയ്ക്ക് ഇപ്പോള്‍ 42 വയസ്സും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.