ന്യൂഡൽഹി: കൈകള്‍ കൂട്ടിപ്പിടിച്ച് വിഷാദച്ഛായയോടെ, എങ്കിലും ഏറെ അഭിമാനത്തോടെ സ്മൃതി സിങ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുന്നില്‍ നിന്നു.
മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വജീവൻ ത്യാഗം ചെയ്ത ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന് രാജ്യം നല്‍കുന്ന ആദരവ് ഏറ്റുവാങ്ങുന്നതിനാണ് പത്നി സ്മൃതി സിങ് രാഷ്ട്രപതി ഭവനില്‍ എത്തിയത്. സ്മൃതിയ്ക്കൊപ്പം ആ ധീരജവാന്റെ മാതാവും ഉണ്ടായിരുന്നു.രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികബഹുമതിയായ കീർത്തി ചക്ര മരണാനന്തരബഹുമതിയായി നല്‍കിയാണ് ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിനെ രാജ്യം ബഹുമാനിച്ചത്. സിയാച്ചിനിലുണ്ടായ അപകടത്തിലാണ് ക്യാപ്റ്റൻ അൻഷുമാൻ സിങ് വീരമൃത്യു വരിച്ചത്.
'ഒരു സാധാരണ മരണം വരിക്കാൻ ഞാനൊരുക്കമല്ല', മരിക്കുമ്പോള്‍ എന്റെ നെഞ്ചില്‍ ഒരു മെഡലുണ്ടാകും, അദ്ദേഹം പറയുമായിരുന്നു", സ്മൃതി ഓർമിച്ചു.
"എൻജിനീയറിങ് കോളേജിലെ ആദ്യദിനത്തിലാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. പ്രഥമ കാഴ്ചയില്‍ ഞങ്ങള്‍ അനുരാഗത്തിലായി. ഒരു മാസത്തിനുശേഷം അദ്ദേഹത്തിന് ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചു, സൂപ്പർ ഇന്റലിജന്റ് ബോയ് ആയിരുന്നു.
പിന്നീട് നീണ്ട എട്ട് കൊല്ലം ലോങ്-ഡിസ്റ്റൻസ് റിലേഷൻഷിപ്പായിരുന്നു, തങ്ങളുടെ പ്രണയത്തെ കുറിച്ച് സ്മൃതി പറഞ്ഞു. ഒടുവില്‍ ഞങ്ങള്‍ വിവാഹിതരാകാൻ തീരുമാനിച്ചു. നിർഭാഗ്യവശാല്‍ വിവാഹം കഴിഞ്ഞ് രണ്ട് മാസമായപ്പോഴേക്കും ഉദ്യോഗസംബന്ധമായി അദ്ദേഹത്തിന് സിയാച്ചിനില്‍ പോകേണ്ടി വന്നു", അവർ കൂട്ടിച്ചേർത്തു.
"അടുത്ത 50 വർഷക്കാലത്ത് ഞങ്ങളുടെ ജീവിതം എത്തരത്തിലായിരിക്കുമെന്ന് ജൂലായ് 18 ന് ദീർഘമായ ഫോണ്‍ സംഭാഷണത്തില്‍ ഞങ്ങള്‍ ചർച്ച ചെയ്തിരുന്നു. എന്നാല്‍ അടുത്ത ദിവസം രാവിലെ അദ്ദേഹം ഇനിയില്ലെന്ന ഫോണ്‍ സന്ദേശമാണ് എന്നെത്തേടിയെത്തിയത്.
അടുത്ത ഏഴെട്ട് മണിക്കൂർനേരം ആ ദുരന്തം ഉള്‍ക്കൊള്ളാനാകാതെ ഞങ്ങള്‍ മരവിച്ചിരിക്കുകയായിരുന്നു, ഇന്നിപ്പോള്‍ കീർത്തിചക്ര എന്റെ കരങ്ങളിലുണ്ട്. അദ്ദേഹം ഒരു ഹീറോയാണ്, എനിക്കിപ്പോള്‍ വിഷമമില്ല. മറ്റുള്ളവർക്കായി, അദ്ദേഹത്തിന്റെ സൈനിക കുടുംബത്തിനായാണ് അദ്ദേഹം ജീവത്യാഗം ചെയ്തത്", സ്മൃതി പറഞ്ഞു.
സിയാച്ചിനില്‍ മെഡിക്കല്‍ ഓഫീസറായാണ് ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന് നിയമനം ലഭിച്ചത്. 2023 ജൂലായ് 19 ന് പുലർച്ചെ മൂന്ന് മണിയോടെ ഷോട്ട് സർക്യൂട്ട് മൂലം സൈനിക ക്യാമ്പില്‍ തീപ്പിടിത്തമുണ്ടായി. ഫൈബർഗ്ലാസ് കൂടാരം അഗ്നിജ്വാലകളാല്‍ ചുറ്റപ്പെട്ടതുകണ്ട ക്യാപ്റ്റൻ അൻഷുമാൻ സിങ് അതിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനൊരുങ്ങി.
നാലഞ്ച് പേരെ തീയില്‍ നിന്ന് പുറത്തെത്തിച്ച ക്യാപ്റ്റൻ ഒടുവില്‍ അഗ്നിയ്ക്ക് കീഴടങ്ങി. 2023 ജൂലായ് 22ന് എല്ലാ ഔദ്യോഗികബഹുമതികളോടെ ഉത്തർപ്രദേശിലെ ഭഗല്‍പുരില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.