അഭിമാന പദ്ധതി: ആകാശപ്പാത ഓണത്തിന് തുറക്കും,

തൃശൂർ: കോർപറേഷന്‍റെ അഭിമാനപദ്ധതികളിലൊന്നായ ശക്തൻ നഗറിലെ ആകാശപ്പാത ഓണത്തിനു തുറന്നു നല്‍കാനാകുമെന്ന പ്രതീക്ഷയില്‍ മേയർ എം.കെ.വർഗീസ്. സംസ്ഥാനത്തെതന്നെ ഏറ്റവും നീളംകൂടിയ ആകാശപ്പാതയെന്ന ഖ്യാതിയുള്ള ആകാശപാത കഴിഞ്ഞവർഷം ജനങ്ങള്‍ക്കു തുറന്നുനല്‍കിയെങ്കിലും തുടർപ്രവർത്തനങ്ങളുടെ ഭാഗമായി അടയ്ക്കുകയായിരുന്നു.

അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട് കോടിയോളം രൂപ ചെലവഴിച്ചാണ് നാലു റോഡുകളെ ബന്ധിപ്പിച്ചുകൊണ്ട് വൃത്താകൃതിയില്‍ പാത നിർമിച്ചിരിക്കുന്നത്.

നിലവില്‍ നാലു ലിഫ്റ്റുകള്‍, സോളാർ സംവിധാനം, സിസിടിവി കാമറകള്‍, ഫുള്‍ ഗ്ലാസ്‌സ് ക്ലാഡിംഗ് കവർ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. എസിയുടെ ഫിറ്റിംഗ് കഴിഞ്ഞിട്ടുണ്ടെങ്കിലും ചാർജിംഗ് കൂടി കഴിയേണ്ടതുണ്ട്. ആകാശപ്പാതയ്ക്കുള്ളില്‍ ഒന്നരമീറ്റർ വിസ്തൃതിയില്‍ ഷോപ്പിംഗ് സൗകര്യം കൂടി ഏർപ്പെടുത്താനും കോർപറേഷൻ നീക്കമുണ്ട്. 

റോഡുകളുടെ ഇരുവശവും ഡിവൈഡറുകള്‍ സ്ഥാപിച്ച്‌ കാല്‍നടയാത്രികരെ ആകാശപ്പാതയില്‍കൂടി മാത്രം റോഡുകളുടെ മറുവശത്തേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്ന ഉറച്ച തീരുമാനത്തിലാണ് ഭരണമുന്നണി. ഇതിനായി ഡിവൈഡറുകള്‍ സ്ഥാപിക്കാനുള്ള ടെൻഡറുകള്‍ കഴിഞ്ഞിട്ടുണ്ട്. 

ആകാശപ്പാതയ്ക്കു താഴെയും കച്ചവടസ്ഥാപനങ്ങള്‍ക്ക് സ്ഥലം അനുവദിച്ചുനല്‍കാനും പദ്ധതിയുണ്ട്. 2019ല്‍ നിർമാണപ്രവർത്തനങ്ങള്‍ക്ക് തുടക്കമിട്ട ആകാശപ്പാത എട്ടുമാസങ്ങള്‍ കൊണ്ട് നിർമാണം പൂർത്തീകരിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കില്‍ വർഷങ്ങള്‍ പിന്നിട്ടിട്ടും പൂർത്തീകരിക്കാത്തതു വലിയ പ്രതിഷേധങ്ങള്‍ക്കും ഇടവരുത്തിയിരുന്നു. 

60 സെന്‍റീമീറ്റർ വ്യാസമുളള 16 തൂണുകളില്‍ ഉയർന്ന ഈ ആകാശപ്പാതയ്ക്ക് ഉള്ളില്‍ മൂന്നുമീറ്റർ വീതിയുളള നടപ്പാതയും എട്ടു കവാടങ്ങളും രണ്ടു മീറ്റർ വീതിയുള്ള പടവുകളുമാണുള്ളത്. 

പാത തുറന്നുനല്‍കുന്നതോടെ പഴയ പട്ടാളം-ശക്തൻ തമ്പുരാൻ നഗർ റോഡ്, റിംഗ് റോഡ്, ശക്തൻ നഗർ റോഡ്, ശക്തൻ തമ്പുരാൻ ഹൈറോഡ് എന്നിവയിലേക്കുള്ള യാത്രികർക്ക് അപകടംകൂടാതെ എത്താൻ കഴിയുമെന്നതും ഏറെ ആശ്വാസം പകരുന്നതാണ്. 

നിലവില്‍ പാത ഓണത്തിനു ജനങ്ങള്‍ക്കായി തുറന്നുനല്‍കാമെന്ന് മേയർ പ്രതീക്ഷയർപ്പിക്കുന്പോഴും ഈ വർഷവും അതിന്‍റെ നിർമാണം പൂർത്തീകരിക്കാൻ കഴിയില്ലെന്നാണ് പ്രതിപക്ഷം അഭിപ്രായപ്പെടുന്നത്. 

അനാവശ്യകാര്യങ്ങള്‍ ഉയർത്തിക്കാട്ടി നിർമാണം വൈകിപ്പിക്കാനും ഭരണമുന്നണി ശ്രമം നടത്തുമെന്നും ജനങ്ങളോടുള്ള വഞ്ചനയാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലനും അഭിപ്രായപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

കേരളാ കോൺഗ്രസ് വാർധക്യ പെൻഷന് അപേക്ഷ കൊടുത്തു സ്ഥലം കാലിയാക്കണം | Shone George | #keralacongrass

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !