കൊച്ചി: ഭർത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചിട്ടും തളരാതെ മുന്നേറിയ യുവതി എത്തിനില്‍ക്കുന്നത് ഹൈക്കോടതി അഭിഭാഷകയുടെ കുപ്പായത്തില്‍.
മരണത്തെ മുഖാമുഖം കണ്ട് രണ്ടര മാസം ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിഞ്ഞ ഐശ്വര്യ (27) ആണ് ഇന്ന് അനേകം ചെറുപ്പക്കാർക്ക് പ്രചോദനമാവുന്നത്.അഡ്വ. ഐശ്വര്യ അശോകൻ ഇപ്പോള്‍ ഹൈക്കോടതിയിലെ ജൂനിയർ അഭിഭാഷകയാണ്. എല്‍.എല്‍.എം പരീക്ഷയില്‍ ഫസ്റ്റ്ക്ലാസ് നേടിയും ഐശ്വര്യ കയ്യടി നേടുന്നു. ഇടയ്ക്കോട് പുതുശേരിക്കോണം അക്ഷരയില്‍ കെ. അശോകന്റെയും വി. ഷാലിജയുടെയും മകളാണ് ഐശ്വര്യ.
40 ശതമാനം പൊള്ളലുമായി ആശുപത്രിയില്‍ കഴിയുമ്പോഴും എല്‍.എല്‍.എം പൂർത്തിയാക്കണമെന്ന ഒറ്റ ഒരാഗ്രഹമായിരുന്നു ഐശ്വര്യയ്ക്ക്. കഴിഞ്ഞ ദിവസമാണ് എം.ജി യൂണിവേഴ്സിറ്റിയുടെ എല്‍.എല്‍.എം പരീക്ഷാഫലം വന്നത്.
സെക്കൻഡ് സെമസ്റ്ററിലാണ് ഭർത്താവിന്റെ ക്രൂരത. തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്ലാസ്റ്റിക് സർജറി ഉള്‍പ്പെടെ കഴിഞ്ഞ് അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആലുവയിലെ ഭാരത് മാതാ സ്കൂള്‍ ഒഫ് ലീഗല്‍ സ്റ്റഡീസിലേക്ക് എത്തുന്നത്. അദ്ധ്യാപകരും കൂട്ടുകാരും വീട്ടുകാരും അഭിഭാഷകരും മുൻ എം.എല്‍.എ പി.അയിഷ പോറ്റിയുമുള്‍പ്പെടെ ഒപ്പം നിന്നു.
കൊല്ലം എസ്.എൻ ലാ കോളേജില്‍ എല്‍.എല്‍.ബിക്ക് പഠിക്കുമ്പോള്‍ 2016ല്‍ ആണ് കൊട്ടാരക്കര സ്വദേശി അഖില്‍ രാജുമായുള്ള വിവാഹം. 2019ല്‍ മകൻ എ. ആദീശ്വറിന് ഒന്നര വയസുള്ളപ്പോള്‍ ഇരുവരും അകന്നു. ഐശ്വര്യ സ്വന്തം വീട്ടിലേക്കു മാറി. 2020ല്‍ എല്‍.എല്‍.ബി പാസായി. കൊട്ടാരക്കര കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. 2021ല്‍ എല്‍.എല്‍.എമ്മിന് ചേർന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ് ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയത്.
ദുരന്തദിനം
2022 ഡിസംബർ 17ന്ഗാർഹിക പീഢന കേസില്‍ കോടതിയില്‍ ഹാജരായി സ്‌കൂട്ടറില്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബൈക്കില്‍ പിന്തുടർന്നെത്തിയ അഖില്‍ രാജ് നെടുവത്തൂർ അഗ്രോ ജംഗ്ഷന് സമീപം തടഞ്ഞുനിറുത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തോല്‍ക്കാൻ മനസ് അനുവദിച്ചില്ലെന്നും പ്രതിസന്ധിയില്‍ ഒരുപാട് പേർ പിന്തുണച്ചെന്നും ഐശ്വര്യ പറയുന്നു. ഈ വിജയം അവർക്ക് സമർപ്പിക്കുന്നുവെന്നും അഡ്വ.ഐശ്വര്യ അശോകൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.