22ാമത് ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടിക്കായി ജൂലൈ 8,9 തീയതികളിൽ പ്രധാനമന്ത്രി റഷ്യ സന്ദർശിക്കും;

ന്യൂ‍ഡൽഹി∙ മൂന്നാം തവണ അധികാരത്തിലേറിയശേഷം ആദ്യ റഷ്യൻ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂലൈ 8,9 തീയതികളിലാണ് ഉഭയകക്ഷി സന്ദർശനം. അതിനുശേഷം അദ്ദേഹം ഓസ്ട്രിയയിലേക്ക് പോകും.


22ാമത് ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടിക്കായാണു പ്രധാനമന്ത്രിയുടെ യാത്ര. ഇരുരാജ്യങ്ങളും തമ്മിൽ വാർഷിക ഉച്ചകോടി വേണമെന്നതു 2000ൽ ഒപ്പുവച്ച ഇന്ത്യ–റഷ്യ തന്ത്രപ്രധാന പങ്കാളിത്ത ഉടമ്പടിയുടെ പ്രധാന തീരുമാനമായിരുന്നു. 2021 വരെ ഉച്ചകോടി പതിവായി നടന്നു. 2021ൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്ത്യയിലെത്തുകയായിരുന്നു. 2022ൽ മോദി മോസ്കോ സന്ദർശിക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല. 2022ൽ മോസ്കോ സന്ദർശിച്ച വിദേശകാര്യ മന്ത്രി എസ്.ജയ്‌‌ശങ്കർ 2024ൽ മോദി റഷ്യയിലെത്തുമെന്നു പറഞ്ഞിരുന്നു.

റഷ്യ–യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷം ആദ്യമായാണു മോദി റഷ്യയിലെത്തുന്നത്. ജൂണിൽ ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം സ്വിറ്റ്സർലൻഡിൽ നടന്ന സമാധാന ഉച്ചകോടിയിൽ പങ്കെടുത്തെങ്കിലും റഷ്യയെ കുറ്റപ്പെടുത്തുന്ന സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചില്ല. ഈ സാഹചര്യത്തിൽ റഷ്യയുമായുള്ള സന്തുലിത സഹകരണം തുടരാൻ മോസ്കോ സന്ദർശനം ഇന്ത്യയ്ക്ക് അത്യാവശ്യമാണ്. ജൂലൈ 9,10 തീയതികളിൽ വാഷിങ്ടനിൽ നാറ്റോ സമ്മേളനം നടക്കാനിരിക്കെയാണു മോദിയുടെ റഷ്യൻ സന്ദർശനം.

യുക്രെയ്ന് എതിരെയുള്ള യുദ്ധത്തിൽ ഇന്ത്യക്കാരെ ഉപയോഗിക്കുന്നതും ഇവരെ സുരക്ഷിതമായി തിരികെയെത്തിക്കുന്നതും സംബന്ധിച്ചു പുട്ടിനുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ചർച്ച ചെയ്യുമെന്നാണു വിവരം. നേരത്തേ ഷാങ്ഹായ് കോർപറേഷൻ ഉച്ചകോടിക്കിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായുള്ള കൂടിക്കാഴ്ചയിൽ എസ്.ജയ്ശങ്കറും ഇക്കാര്യത്തിലുള്ള ആശങ്ക അറിയിച്ചിരുന്നു. മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാരെ റഷ്യൻ സൈന്യത്തിലേക്കു നിർബന്ധിതമായി റിക്രൂട്ട് ചെയ്തിരുന്നു. 

റഷ്യ ചൈനയോടും ഇന്ത്യ യുഎസിനോടും കൂടുതൽ അടുക്കുന്നതിന്റെ പേരിൽ ഇന്ത്യയും റഷ്യയും തമ്മിൽ അകലുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിനെ ഖണ്ഡിക്കാനും മോദിയുടെ മോസ്കോ സന്ദർശനത്തിനാകും. ∙ റഷ്യ 2019ൽ പ്രഖ്യാപിച്ച ഓഡർ ഓഫ് സെന്റ് ആൻഡ്രൂ പുരസ്കാരം പ്രധാനമന്ത്രി സ്വീകരിക്കും. റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ മോദി ബഹുമതി സ്വീകരിക്കാനെത്തിയിരുന്നില്ല.

സെന്റ് പീറ്റേഴ്സ് ബർഗിലെയും വ്ലാഡിവോസ്റ്റോക്കിലെയും കൂടാതെ മറ്റ് രണ്ടിടത്തുകൂടി ഇന്ത്യൻ കോൺസുലേറ്റുകൾ ആരംഭിക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിൽ ഉണ്ടായേക്കുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

മാരിടൈം സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചെന്നൈ–വ്ലാഡിവോസ്റ്റോക്ക് സമുദ്രപാത, ഇറാനിലെ ചാബഹാർ തുറമുഖം വഴി തെക്ക്–വടക്ക് ഗതാഗത ഇടനാഴി എന്നിവയിലൂടെയുള്ള വാണിജ്യം വിപുലീകരിക്കുന്നതിൽ ഇരുനേതാക്കളും ചർച്ച നടത്തും. ഉഭയകക്ഷി വ്യാപാരത്തിന് മെച്ചപ്പെട്ട പേയ്മെന്റ് സംവിധാനം കൊണ്ടുവരുന്നതും ചർച്ചയാകും.

യുഎസിന്റെ ഉപരോധ ഭീഷണി മറികടന്ന റഷ്യയിൽനിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നുണ്ടെങ്കിലും ഇന്ത്യയിൽനിന്ന് റഷ്യയിലേക്കുള്ള കയറ്റുമതി വർധിച്ചിട്ടില്ല. 400 കോടി ഡോളർ (ഏകദേശം 33,000 കോടിയോളം രൂപ) മാത്രമാണ് കയറ്റുമതിയെങ്കിൽ 6,000 കോടി ഡോളറിന്റെ ( ഏകദേശം 5 ലക്ഷം കോടി രൂപ) ഉത്പന്നങ്ങളാണ് റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. ഈ അന്തരം മോദി ഉന്നയിക്കും. ∙ റഷ്യയിലെ സഖാലിൻ എണ്ണ പദ്ധതിയുടെ 20 % ഓഹരി ഓയിൽ ആൻഡ് ഗ്യാസ് കോർപറേഷന്റെ യൂണിറ്റായ ഒഎൻജിസി വിദേശ് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ അനുമതി ലഭിക്കുന്നതിനെ സംബന്ധിച്ച് മോദി ചർച്ച നടത്താനാണു സാധ്യത. 

രണ്ട് രാജ്യങ്ങളുടെയും സൈനിക സൗകര്യം പരസ്പരം ഉപയോഗിക്കാനാകുന്ന റെസിപ്രോക്കൽ എക്സ്ചേഞ്ച് ഓഫ് ലോജിസ്റ്റിക്സ് ഉടമ്പടി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളുമുണ്ടാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !