തിരുവനന്തപുരം: യുട്യൂബ് വിഡിയോകളിലൂടെ കവര്‍ച്ചയെക്കുറിച്ച് പഠിച്ച ശേഷം അതിവിദഗ്ധമായി മോഷണം നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് വിശാഖപട്ടണം സ്വദേശി ‘സ്പൈഡര്‍ സതീഷ് റെഡ്ഡി’ (കാരി സട്ടി ബാബു 36) ഒടുവില്‍ കുടുങ്ങിയത് കേരളാ പൊലീസിന്റെ വലയില്‍.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എഴുപതോളം കവര്‍ച്ചക്കേസുകളിലെ പ്രതിയായ സതീഷ് റെഡ്ഡിയെ തിരുവനന്തപുരം മംഗലപുരം നെല്ലിമൂടുള്ള വീട്ടില്‍നിന്ന് 38 പവന് കവര്‍ന്ന കേസിലാണു കേരള പൊലീസ് കുടുക്കിയത്.
എത്ര ഉയരമുള്ള ചുമരുകളും സ്പൈഡര്‍മാനെപ്പോലെ കയറുന്നതു കൊണ്ട് ആന്ധ്രയില്‍ ‘സ്പൈഡര്‍ സതീഷ് റെഡ്ഡി’ എന്നാണ് വിളിപ്പേര്. യുട്യൂബ് വിഡിയോകളിലൂടെ ആഡംബര വില്ലകള്‍, വമ്പന്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തുന്നതിനെക്കുറിച്ച് വ്യക്തമായി പഠിക്കും. ഇതിനു ശേഷമാണ് സ്ഥലത്തെത്തി കവര്‍ച്ച നടത്തുന്നത്. ഒരു ദിവസം കൊണ്ട് കവര്‍ച്ച നടത്തി നാട്ടിലേക്കു മടങ്ങുകയാണ് പതിവ്. വിറ്റു കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിക്കുന്നത്.വിശാഖ പട്ടണം, ബെംഗളുരു, കടപ്പ എന്നിവിടങ്ങളിലായി നാല് ആഡംബര ഫ്ലാറ്റുകളും സതീഷിന്റെ പേരിലുണ്ട്. കവര്‍ച്ച കഴിഞ്ഞാല്‍ സ്വര്‍ണം ആന്ധ്ര, ബെംഗളൂരു എന്നിവിടങ്ങളില്‍ എത്തിക്കും. സ്വര്‍ണ വ്യാപാരികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം മോഷണ മുതല്‍ പകുതി വിലയ്ക്ക് വില്‍ക്കും.
പിടിക്കപ്പെട്ടാല്‍ സ്വര്‍ണം പൊലീസിനെ ഏല്പിക്കാനും നിര്‍ദേശിക്കും. അടുത്ത തവണ നടത്തുന്ന മോഷണത്തിലൂടെ കിട്ടുന്ന സ്വര്‍ണം പിന്നീട് സൗജന്യമായി വ്യാപാരിക്കു നല്‍കും. ഇക്കാരണത്താല്‍ വ്യാപാരികള്‍ക്കും പരാതികള്‍ ഇല്ല. എത്ര ഉയരമുള്ള ചുവരായാലും ചിലന്തിയെ പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ കയറും. സ്പൈഡര്‍മാനെ പോലെ പറന്നു കളിക്കും. തെളിവുകള്‍ അവശേഷിപ്പിക്കാതെയാണ് കവര്‍ച്ചകളെല്ലാം.
27–ാം വയസില്‍ തുടങ്ങിയ കവര്‍ച്ച സതീഷ് റെഡ്ഡി തുടരുമ്പോള്‍ ക്രൈം ഹിസ്റ്ററിയിലെ കേസുകളുടെ എണ്ണം ഏഴുപതു കടന്നു. ഏതു വമ്പന്‍ പൂട്ടും സ്പൈഡര്‍ സതീഷിനു മുന്നില്‍ തുറക്കും. ഹൈടെക് മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങിനോട് അടുത്തു നില്ക്കുന്ന കവര്‍ച്ച തന്ത്രങ്ങളാണ് സ്പൈഡര്‍ സതീഷിനെന്ന് പൊലീസ്. നാലാം ക്ലാസ് വരെ മാത്രമാണ് സതീഷ് റെഡ്ഡി പഠിച്ചിട്ടുള്ളത്. തെലുങ്കിന് പുറമേ ഇംഗ്ലിഷും ഹിന്ദിയും നന്നായി അറിയാം.
തമിഴും മലയാളവും സംസാരിക്കും.നെല്ലിമൂട്ടിലെ വീട്ടില്‍ ജപ്പാന് ടെക്നോളജിയിലുള്ള അടുക്കള ഭാഗത്തെ ജനല്‍ ബലം പ്രയോഗിച്ച് നീക്കാന്‍ കഴിയില്ല. ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ഇത് ഇളക്കിമാറ്റി സതീഷ് അകത്തു കടന്നാണ് രണ്ടാം നിലയിലെ അലമാരിയിലുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്നത്. അതിനു ശേഷം പഴയ പടി ജനല്‍ സ്ഥാപിക്കുകയും ചെയ്തു. സമീപ വില്ലകളില്‍ കയറിയെങ്കിലും അവിടെ നിന്നും ഒന്നും കിട്ടിയില്ല.
ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള വീട്ടിലാണ് ആരും അറിയാതെ സതീഷ് റെഡ്ഡി കയറിയത്. ബാഗില്‍ നിറച്ച സ്വര്‍ണാഭരണങ്ങളുമായി മംഗലപുരം ജംക്ഷനിലെത്തി അവിടെ നിന്നു ബസില്‍ കയറുകയായിരുന്നു. തിരുവനന്തപുരത്തെത്തി അവിടെ നിന്നും ബസില്‍ ബെംഗളുരുവിലും വിശാഖപട്ടണത്തും എത്തി. സംസ്ഥാനങ്ങള്‍ ചുറ്റിനടന്ന് മോഷണ പരമ്പര നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കളായ ബണ്ടിച്ചോറിന്റെയും ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെയും പിന്‍ഗാമിയാണ് സതീഷ് റെഡ്ഡി.
ധനികരെ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് മൂന്നു പേരുടെയും രീതി. മോഷണം നടത്തിക്കഴിഞ്ഞാല്‍ ഉടന്‍ നാട്ടിലേക്കു മടങ്ങും. രാജ്യത്തെ വിവിധ പൊലീസ് സേനകളെ വട്ടം ചുറ്റിച്ച മൂന്നു പേരും അടിയറവു പറഞ്ഞത് കേരള പൊലീസിനു മുന്നിലാണ്. തിരുവനന്തപുരം നെല്ലിമൂട്ടിലെ വീട്ടില്‍ കഴിഞ്ഞ മാസം രണ്ടിനായിരുന്നു സതീഷ് മോഷണം നടത്തിയത്.
കവര്‍ച്ച നടത്തിയ ദിവസംതന്നെ നാട്ടിലേക്കു മടങ്ങിയ പ്രതിയെ, പ്രദേശത്തെയും സഞ്ചരിച്ച ബസിലെയും സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണു പിടികൂടിയത്. ലോക്കല്‍ പൊലീസും ഷാഡോ ടീമും അടങ്ങുന്ന പ്രത്യേക സംഘം ആന്ധ്രപ്രദേശ് കടപ്പയിലെ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ചെന്നൈ, കാഞ്ചീപുരം, ബെംഗളൂരു, തിരുപ്പതി, കൊപ്പം, വിശാഖപട്ടണം, വിജയനഗരം, കടപ്പ എന്നിവിടങ്ങളില്‍ 17 ദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതിയെ കണ്ടെത്തിയത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ മുഴുവനും കടപ്പയിലെ സ്വര്‍ണക്കടയില്‍നിന്നു തിരിച്ചെടുത്തതായി തിരുവനന്തപുരം റൂറല്‍ എസ്പി കിരണ്‍ നാരായണ്‍ പറഞ്ഞു.
കര്‍ണാടക, ആന്ധ്ര, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ ഒട്ടേറെ കവര്‍ച്ചക്കേസുകളുണ്ടെന്നും ആന്ധ്രയിലെ മുന്‍ മന്ത്രിയുടെ വീട്ടില്‍നിന്ന് 7 കിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.കഴിഞ്ഞ ഏപ്രിലില്‍ കാഞ്ചീപുരത്ത് സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍നിന്ന് ഒന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പിടിയിലായിരുന്നു. മേയ് അവസാന വാരത്തിലാണു ജയിലില്‍നിന്നു ഇറങ്ങിയത്. 4 ദിവസത്തിനു ശേഷമാണ് കേരളത്തില്‍ ആദ്യ മോഷണത്തിനെത്തിയത്.
പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. നെല്ലിമൂട്ടിലെ മോഷണത്തിനിടെ സിസിടിവിയില്‍ നിന്ന് ലഭിച്ച അവ്യക്തമായ ഒരു ചിത്രമാണ് സ്പൈഡര്‍ സതീഷിനെ വലയിലാക്കിയത്. ഈ ചിത്രം മറ്റു സംസ്ഥാനങ്ങളിലെ പൊലീസിനു കൈമാറി. പിന്നാലെ കേരള പൊലീസ് സംഘം യാത്രയായി. കേരളത്തില്‍ നിന്നും പൊലീസ് എത്തുമെന്ന് സതീഷ് റെഡ്ഡി കരുതിയിരുന്നില്ല.
തമിഴ്നാട്ടില്‍ കേസുള്ളതിനാല്‍ അവിടത്തെ പൊലീസ് എത്തുമെന്നു കരുതി സതീഷ് കടപ്പയിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ആ വീട്ടില്‍ കേരള പൊലീസ് എത്തിയെങ്കിലും സതീഷ് ബസ് സ്റ്റാൻഡിലാണെന്നറിഞ്ഞ് അവിടെ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആറ്റിങ്ങല്‍ ഡിവൈഎസ്പി എ.പ്രദീപ് കുമാര്‍, മംഗലപുരം എസ്എച്ച്ഒ: വൈ. മുഹമ്മദ് ഷാഫി, കഠിനംകുളം പ്രിന്‍സിപ്പല്‍ എസ്ഐമാരായ എസ്.എസ്.ഷിജു, എസ്ഐ: അനില്‍കുമാര്‍ സിപിഒമാരായ ലിജു ഷാഡോ ടീമിലെ എസ്.ഐ: ബി. ദിലീപ്, എസ്.രാജീവ് എസ്.റിയാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.