ന്യൂഡല്‍ഹി: ജയിലില്‍ കിടന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ഖലിസ്താന്‍ നേതാവ് അമൃത്പാല്‍ സിങ്ങിന് സത്യപ്രതിജ്ഞചെയ്യാന്‍ പരോള്‍ അനുവദിച്ചു.
അസമിലെ ഡിബ്രുഗഡ് ജയിലില്‍ കിടന്നുകൊണ്ട് പഞ്ചാബിലെ ഖാഡൂര്‍ സാഹിബ് സീറ്റില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അമൃത്പാലിന് വെള്ളിയാഴ്ച മുതല്‍ നാലുദിവസത്തേക്കാണ് പരോള്‍.
സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമൃത്പാല്‍ പഞ്ചാബ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അപേക്ഷ നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരോള്‍.നേരത്തെ ബാരാമുള്ളയില്‍നിന്ന് സ്വതന്ത്രനായി വിജയിച്ച ഷെയ്ഖ് അബ്ദുള്‍ റാഷിദിന് സത്യപ്രതിജ്ഞ ചെയ്യാന്‍ രണ്ടുമണിക്കൂര്‍ പരോള്‍ അനുവദിച്ചിരുന്നു. ഇദ്ദേഹം ജൂലായ് അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യും. 2017-ല്‍ യു.എ.പി.എ. കേസില്‍ അറസ്റ്റിലായ റാഷിദിനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചിരുന്നു.
അമൃത്പാലും റാഷിദിനൊപ്പം സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം. എന്നാല്‍, സത്യപ്രതിജ്ഞാ തീയതിയേക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അമൃത്പാലിന്റെ കുടുംബവും അഭിഭാഷകനും അറിയിച്ചു. ഖാഡൂര്‍ സാഹിബില്‍ കോണ്‍ഗ്രസിന്റെ കുല്‍ബീര്‍ സിങ് സീറയെ 1,97,120 വോട്ടിനാണ് അമൃത്പാല്‍ പരാജയപ്പെടുത്തിയത്.
വാരിസ് ദെ പഞ്ചാബ് എന്ന ഖലിസ്താന്‍ അനുകൂല സംഘടനയുടെ തലവനാണ് അമൃത്പാല്‍. കഴിഞ്ഞ വര്‍ഷമാണ് ദേശസുരക്ഷാ നിയമപ്രകാരം ഇദ്ദേഹത്തെ അറസ്റ്റുചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.