കൊച്ചി: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയിക്ക് ജീവൻ നഷ്ടപ്പെട്ടെങ്കിൽ സമാനദുരന്തം കൊച്ചിയിലും ആവർത്തിക്കാമെന്ന് മുന്നറിയിപ്പുകൾ. മാലിന്യവാഹിനികളായ തേവര–പേരണ്ടൂർ കനാലും മുല്ലശ്ശേരി കനാലും ആമയിഴഞ്ചാൻ തോടിനേക്കാൾ ഒട്ടും ഭേദമല്ല.
തേവര മുതൽ വടുതല വരെയുള്ള 22 റെയിൽവേ തുരങ്കങ്ങളും അപകടസാധ്യത കൂട്ടുന്നു. ഈ തുരങ്കങ്ങൾ വൃത്തിയാക്കുന്നതു സംബന്ധിച്ച് കൊച്ചി കോർപറേഷനും റെയിൽവേയുമായി നിലനിൽക്കുന്ന തർക്കം പരിഹരിച്ചിട്ടില്ല.
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരലല്ല വേണ്ടതെന്ന് ഹൈക്കോടതി ഇന്നലെ റെയിൽവേയ്ക്കും തിരുവനന്തപുരം കോർപറേഷനും മുന്നറിയിപ്പ് നൽകി.
തങ്ങളുടെ ഭാഗത്തുനിന്ന് മലിനീകരണം ഉണ്ടാകുന്നില്ലെന്നും കോർപറേഷൻ മാലിന്യങ്ങൾ ഒഴുകിയെത്തുന്നതാണ് റെയിൽവേ തുരങ്കങ്ങൾ അടഞ്ഞുപോകാൻ കാരണമെന്നുമായിരുന്നു റെയിൽവേയുടെ വാദം.
തുരങ്കം വൃത്തിയാക്കുന്ന കാര്യം അറിയിച്ചാലും റെയിൽവേ അലംഭാവം തുടരുകയാണെന്നു കോർപറേഷൻ വ്യക്തമാക്കി. സമാനസാഹചര്യം കൊച്ചിയിലും നിലനിൽക്കുന്നു.
റെയിൽവേ ലൈനുകൾക്ക് അടിയിൽ 22 തുരങ്കങ്ങളുണ്ടെങ്കിലും ഇതിൽ മൂന്നെണ്ണം മാത്രമേ റെയില്‍വേ വൃത്തിയാക്കിയിട്ടുള്ളൂ എന്നാണ് വിമർശനം. റെയിൽവേയുടെ അനുമതിയില്ലാതെ കോർപറേഷന് ഈ ജോലി ചെയ്യാൻ കഴിയില്ല. 2022ൽ റെയിൽവേ ഈ തുരങ്കങ്ങൾ വൃത്തിയാക്കി.
ഇത്തവണ വേനൽമഴ സമയത്ത് കൊച്ചി മുങ്ങിയപ്പോൾ റെയിൽവേ തുരങ്കങ്ങളും ഉത്തരവാദിയാണെന്ന് ചർച്ചകൾ ഉയർന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ വെള്ളക്കെട്ടിന്റെ പ്രധാന കാരണം റെയിൽവേ തുരങ്കങ്ങള്‍ വൃത്തിയാക്കാതെ അടഞ്ഞുപോയതാണെന്നായിരുന്നു വിമര്‍ശനം. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തെ തുടർന്നാണു പിന്നീട് ഇക്കാര്യത്തിൽ പരിഹാരങ്ങൾ ഉണ്ടായത്.
എന്നാൽ ഇത് വൃത്തിയാക്കുന്ന കാര്യത്തിൽ മെല്ലപ്പോക്കാണ് ഇപ്പോഴുമെന്ന് കോർപറേഷനും കുറ്റപ്പെടുത്തുന്നു. തേവര മുതൽ പനമ്പിള്ളി നഗർ, കടവന്ത്ര, കലൂർ, എളമക്കര വഴി പേരണ്ടൂരിലെത്തുന്ന കനാൽ നഗരത്തിന്റെ ജീവനാഡിയാണെങ്കിലും ഒഴുകുന്നത് കറുത്ത നിറത്തിലാണ്.
പലയിടത്തും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും കനാൽ വീണ്ടെടുക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വേഗം പോരാ. നഗരമാലിന്യങ്ങളും ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും അവശിഷ്ടങ്ങൾ മുതൽ അറവുമാലിന്യങ്ങൾ വരെ നിക്ഷേപിക്കാന്‍ കൊച്ചിക്കാർക്കുള്ള സ്ഥലമാണ് പേരണ്ടൂർ കനാലും മുല്ലശേരി കനാലും.
ജനം സഹകരിക്കാതെ കൊച്ചിയിലെ മാലിന്യ പ്രശ്നങ്ങൾ അവസാനിക്കില്ലെന്നും വെള്ളമൊഴുക്ക് തടസ്സപ്പെടാതിരിക്കണമെങ്കിൽ പ്ലാസ്റ്റിക് മാലിന്യമടക്കം നിക്ഷേപിക്കാതിരിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുടർച്ചയായി വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.