എരുമപ്പെട്ടി (തൃശ്ശൂര്‍): എയ്യാലില്‍ യുവാവിനെ മാരകായുധങ്ങളുമായി അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ചു പേരെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.
പോര്‍ക്കുളം സ്വദേശികളായ അരിയാരത്ത് സുരേഷ് (ജാങ്കോ-38), തിരുത്തിക്കാട് നെന്മണിക്കര ശ്രീജിത്ത് (അടുപ്പു-26), മാനാട്ടുകുളം ജിഷ്ണു (28), മേനോത്ത് സുമൈര്‍ (28), കുന്നംകുളം ആനായ്ക്കല്‍ വെള്ളപറമ്പില്‍ ശ്രീപ്രകാശ് (പ്രഗു-20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.ഇക്കഴിഞ്ഞ ജനുവരി 12 വൈകീട്ട് 5.30-ന് എയ്യാലിലാണ് ആക്രമണം നടന്നത്. എയ്യാല്‍ ചിത്രകോവിലിന് സമീപം പാലക്കപ്പറമ്പില്‍ കൃഷ്ണകുമാറിന്റെ മകന് സജി (35) യും കൂട്ടുകാരന് ശ്രീരാജുമാണ് ആക്രമണത്തിനിരയായത്.
സജിയുടെ സഹോദരന് ഒന്നാം പ്രതിയായ സുരേഷിന് പണം കൊടുക്കാനുള്ളതിന്റെ വിരോധമാണ് ആക്രമത്തിന് കാരണം. ഇരുവരും വീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. വാള്, കത്തി, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ചാണ് സംഘം ആക്രമിച്ചത്.
കത്തികൊണ്ട് വയറ്റിലേക്ക് കുത്തിയത് തടഞ്ഞപ്പോള്‍ സജിയുടെ കൈത്തണ്ടയില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുകൈകള്‍ക്കും കാല്‍മുട്ടിനു താഴേയും മുറിവും ചതവും ഉണ്ടായിരുന്നു. കൂട്ടുകാരന് ശ്രീരാഗിനും പരിക്കുണ്ടായി.സംഭവശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ കുന്നംകുളം, പോര്‍ക്കുളം എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
എരുമപ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ സി.വി. ലൈജുമോന്റെ നേതൃത്വത്തില്‍ എസ്.ഐ. മാരായ യു. മഹേഷ്, കെ.എം. അബ്ദുള്‍ ജബ്ബാര്‍, സി.പി.ഒ. മാരായ കെ. സഗുണ്‍, ടി. സുഭാഷ്, അജി പനയ്ക്കല്‍, എം.എ. ജിജി, ആര്. പുരന്ദരന്‍, ബി. ബിനീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.