കൽപറ്റ: വയനാട്ടിലെ ബാണാസുര സാഗർ ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് നിലവിൽ 773 മീറ്ററിൽ എത്തി. ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവലായ 773.50 മീറ്ററിലേക്ക് ജലനിരപ്പ് എത്തിയ സാഹചര്യത്തിലാണ് റെഡ് അലേർട്ട് പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിന്റെ ഭാഗമായി മുൻപ് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ട്, ഇപ്പോഴത്തെ നീരൊഴുക്ക് അനുസരിച്ച് റെഡ് അലേർട്ടായി ഉയർത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ജലനിരപ്പ് ഇന്ന് വൈകുന്നേരം ആറു മണിക്ക് റൂൾ ലെവലായ 773.50 മീറ്ററിൽ എത്തുകയാണെങ്കിൽ അധികം എത്തുന്ന മഴവെള്ളം ആറു മണിക്ക് മുൻപ് പുഴയിലേക്ക് ഒഴുകുന്ന വിധത്തിൽ ഡാം ഷട്ടറുകൾ തുറക്കും.
വൈകുന്നേരം ആറ് മണിക്ക് ശേഷമാണ് റൂൾ ലെവൽ എത്തുന്നതെങ്കിൽ ചൊവ്വാഴ്ച രാവിലെ എട്ടു മണിയോട് കൂടി 8.5 ക്യുബിക് മീറ്റർ പ്രകാരം ഘട്ടം ഘട്ടമായി സെക്കന്റിൽ 35 ക്യുബിക് മീറ്റർ വരെ വെള്ളം കാരമാൻതോടിലേക്ക് തുറന്നുവിടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പുഴയിൽ 10 മുതൽ 15 സെന്റീമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്നും ഡാമിൻ്റെ ബഹിർഗമന പാതയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
അതേസമയം വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയുടെ മേപ്പാടി, മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്.
മലമുകളിൽ മഴ കനക്കുന്നതുമൂലം താഴ്‍വാരങ്ങളിലെ ജലാശയങ്ങളിൽ മലവെള്ളപ്പാച്ചിലുണ്ടാകുന്നുണ്ട്. മുണ്ടക്കൈ മലയിൽ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. ജില്ലയിലെ പല കൃഷിയിടങ്ങളിലും വെള്ളം കയറി. വിവിധ റോഡുകളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, പുത്തുമല, മുണ്ടക്കൈ യുപി സ്‌കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.