ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ന്യൂ ജയ്പാല്‍ഗുഡിയില്‍ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലേക്ക് നയിച്ചത് ചരക്കുതീവണ്ടിയുടെ ലോക്കോ പൈലറ്റ് സിഗ്നൽ തെറ്റായി വ്യാഖ്യാനിച്ചതെന്ന് സി.ആര്‍.എസ് (കമ്മിഷണർ ഓഫ് റെയിൽവേ സേഫ്റ്റി) റിപ്പോർട്ട്. ചരക്കുതീവണ്ടിയുടെ ലോക്കോ പൈലറ്റിന്റെ ഭാഗത്ത് നിന്ന് വന്ന പിഴവാണ് അപകടത്തിലേക്ക് നയിച്ചത്.
കാഞ്ചൻജംഗ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.ഓട്ടോമേറ്റഡ് സിഗ്നൽ സംവിധാനമില്ലാത്ത പ്രദേശങ്ങളിൽ പാലിക്കേണ്ട വേഗപരിധിയെക്കുറിച്ച് ലോക്കോ പൈലറ്റിന് ആവശ്യമായ നിർദേശം നൽകിയിരുന്നില്ല.
ലോക്കോ പൈലറ്റിനും ട്രെയിൻ മാനേജർക്കും വോക്കി ടോക്കി നൽകിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.അപകടത്തിൽ മരിച്ച എക്സ്പ്രസ് തീവണ്ടിയുടെ ലോക്കോ പൈലറ്റ് അനിൽ കുമാറിന്റെ ആത്മാവിന് ഇതോടെ സമാധാനമായി വിശ്രമിക്കാമെന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചു. അപകടത്തിന് പിന്നാലെ തന്റെ ഭർത്താവിനെയായിരുന്നു പഴിച്ചത്.
അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് അനിലിനെ കുറ്റപ്പെടുത്തിയത് ഞെട്ടലുണ്ടാക്കി.എന്നാൽ, റെയിൽവേ ശരിയായ അന്വേഷണം നടത്തിയതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ജൂൺ 17-ന് രാവിലെ ഒമ്പതരയോടെ ഡാർജിലിങ്ങിലെ രംഗാപാനിക്ക് സമീപമാണ് രാജ്യത്തെ നടുക്കി വീണ്ടും തീവണ്ടിയപകടമുണ്ടായത്. സിലിഗുഡിയിലെ ന്യൂ ജയ്പാൽഗുഡി സ്റ്റേഷൻ പിന്നിട്ട് 30 കിലോമീറ്റർ അകലെ രംഗപാണിക്കു സമീപം കാഞ്ചൻജംഗ എക്സ്പ്രസിന് പിന്നിലേക്ക് സിഗ്നൽ തെറ്റിച്ചെത്തിയ ഗുഡ്സ് ഇടിച്ചുകയറുകയായിരുന്നു.
കാഞ്ചൻ ജംഗയുടെ നാല് ബോഗികൾ തകർന്നു. അപകടത്തിൽ പത്ത് പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.