മുംബൈ: വിവാദങ്ങളില്‍നിന്ന് വിവാദങ്ങളിലേക്ക് പ്രൊബേഷണറി ഐ.എ.എസ്. ഉദ്യോഗസ്ഥയായ പൂജ ഖേദ്കര്‍. ഏറ്റവുമൊടുവിലായി റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ വ്യാജമായി നിര്‍മിച്ചെന്ന ആരോപണമാണ് പൂജയ്ക്കെതിരേ ഉയര്‍ന്നിരിക്കുന്നത്.
ഭിന്നശേഷിക്കാരിയെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി വ്യാജവിലാസമാണ് ഇവര്‍ സമര്‍പ്പിച്ചതെന്നും ഇതിനൊപ്പം നല്കിയ റേഷന്‍ കാര്‍ഡും വ്യാജമാണെന്നാണ് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുണെയിലെ വൈ.സി.എം. ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി പൂജ നല്കിയ വിലാസം അടിമുടി വ്യാജമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 'നമ്പര്‍ 53, ദേഹു അലാന്‍ഡി, തല്‍വാഡെ, പിംപ്രി ഛിഞ്ച്വാഡ്' എന്നാണ് പൂജ ആശുപത്രിയില്‍ നല്‍കിയിരുന്ന വിലാസം. എന്നാല്‍, ഇത് 'തെര്‍മോവെരിറ്റ എന്‍ജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്റെ വിലാസമാണ്. ഈ സ്ഥാപനം നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരം.
പൂജ ഉപയോഗിച്ചിരുന്ന ഔഡി കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതും ഇതേ കമ്പനിയുടെ പേരിലായിരുന്നു. കമ്പനിയുടെ പേരില്‍ പിംപ്രി ഛിഞ്ച്വാഡ് നഗരസഭയില്‍ ഏകദേശം 2.70 ലക്ഷം രൂപയുടെ നികുതി കുടിശ്ശികയുണ്ടെന്നും മൂന്നുവര്‍ഷമായി നികുതി അടച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേവിലാസത്തിലാണ് പൂജ ഖേദ്കര്‍ വ്യാജ റേഷന്‍ കാര്‍ഡും നിര്‍മിച്ചത്. ഭിന്നശേഷിക്കാരിയാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി അപേക്ഷ നല്കിയപ്പോള് ഈ റേഷന്‍ കാര്‍ഡാണ് ഐ.എ.എസ്. ഉദ്യോഗസ്ഥ ആശുപത്രിയില്‍ സമര്‍പ്പിച്ചത്.
2022 ഓഗസ്റ്റ് 24-ാം തീയതിയാണ് പുണെയിലെ ആശുപത്രിയില്‍നിന്ന് പൂജയ്ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. കാല്‍മുട്ടിന് ഏഴുശതമാനം വൈകല്യമുണ്ടെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതിനിടെ, പൂജയുടെ പിതാവും മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ റിട്ട. ഡയറക്ടറുമായ ദിലീപ് ഖേദ്കറിന്റെ സ്വത്തുവിവരങ്ങളെക്കുറിച്ച് അഴിമതിവിരുദ്ധ സ്ക്വാഡ്(എ.സി.ബി) അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സര്‍വീസ് കാലയളവില്‍ ദിലീപ് ഖേദ്കര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിലാണ് അഴിമതി വിരുദ്ധ സ്ക്വാഡ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.
എ.സി.ബി. ആസ്ഥാനത്ത് ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍നടപടികളുണ്ടായേക്കുമെന്നാണ് വിവരം. വിവാദങ്ങളില്‍പ്പെട്ടതോടെ പൂജ ഖേദ്കറിനെ ജില്ലയിലെ പരിശീലനം അവസാനിപ്പിച്ച് മസൂറിയിലെ ഐ.എ.എസ്. പരിശീലനകേന്ദ്രത്തിലേക്ക് തിരികെവിളിപ്പിച്ചിരുന്നു. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. പൂജയ്ക്കെതിരേ കേന്ദ്രത്തിന്റെ അന്വേഷണവും നടക്കുന്നുണ്ട്.
അതേസമയം, തനിക്കെതിരേ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും താന്‍ വ്യാജവാര്‍ത്തയുടെ ഇരയാണെന്നുമായിരുന്നു പൂജ ഖേദ്കറിന്റെ പ്രതികരണം. ഇതിനുപിന്നാലെ തനിക്കെതിരേ ചീഫ് സെക്രട്ടറിക്ക് കത്തയച്ച പുണെ ജില്ലാ കളക്ടര്‍ക്കെതിരേയും പൂജ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.