ബാംഗ്ലൂർ: ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചുള്ള വാഹനയാത്ര പലപ്പോഴും ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞതാണ്. ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ച് അപകടത്തിലായവര്‍ പോലുമുണ്ട്.
ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്ന വഴി പിന്തുടരുമ്പോള് ആശയക്കുഴപ്പമുണ്ടാകുന്ന ഇടമാണ് ഫ്ളൈ ഓവറുകള്‍. ഫ്ളൈ ഓവറിന് തൊട്ടുതാഴെയുള്ള റോഡിലൂടെയാണോ, അതോ മുകളിലൂടെയാണോ പോവേണ്ടത് എന്ന സംശയം പലര്‍ക്കും ഉണ്ടാകാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുകയാണ് ഗൂഗിള്‍ മാപ്പ്.
പുതിയ അപ്ഡേറ്റിലെ 'ഫ്ളൈ ഓവര്‍ കോള്‍ഔട്ട്' എന്ന ഫീച്ചര്‍ വരാനിരിക്കുന്ന ഫ്ളൈ ഓവറുകളെ സംബന്ധിച്ചും അത് എവിടേക്കുള്ളതാണ് എന്നത് സംബന്ധിച്ചുമുള്ള വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കും. അതനുസരിച്ച് യാത്രക്കാര്‍ക്ക് ഫ്ളൈ ഓവര്‍ വഴി പോവണോ വേണ്ടയോ എന്ന് തീരുമാനിക്കാം.
ഇന്ത്യയിലെ 40 നഗരങ്ങളിലാണ് ഫ്ളൈ ഓവര്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫോര്‍ വീലര്‍, ടൂ വീലര്‍ യാത്രക്കാര്‍ക്കായി ഇത് ലഭിക്കും. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ അപ്ഡേറ്റ് ആദ്യം എത്തുക. ഐഒഎസ് കാര്‍പ്ലേ ഉപഭോക്താക്കള്‍ക്ക് പിന്നീട് ലഭിക്കും.
ഉപഭോക്താക്കള്‍ വളരെ അധികം ആവശ്യപ്പെട്ടിരുന്ന ഒരു ഫീച്ചറാണിതെന്ന് ഗൂഗിള്‍ മാപ്പ് ഇന്ത്യ ജനറല്‍ മാനേജര്‍ ലളിത രമണി പറഞ്ഞു.
8000 ല്‍ ഏറെ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇപ്പോള്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാണ്. വിവിധ ഇവി ചാര്‍ജിങ് സേവനദാതാക്കളുമായി സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്ലഗുകള്‍ ഏത് തരമുള്ളതാണ്, അവയുടെ ലഭ്യത എന്നിവ സബന്ധിച്ച വിവരങ്ങളും മാപ്പില്‍ നല്‍കും. ചാര്‍ജര്‍ ടൈപ്പ് അനുസരിച്ച് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഫില്‍റ്റര്‍ ചെയ്യാനാവും. ഇതുവഴി കാറിന് അനുയോജ്യമായ ചാര്‍ജിങ് സ്റ്റേഷനുകള്‍ കണ്ടെത്താം. ഇരുചക്രവാഹനങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ചാര്‍ജിങ് സ്റ്റേഷനുകളും ഗൂഗിള്‍ മാപ്പില്‍ വേര്‍തിരിച്ചറിയാനാവും.
മെട്രോ ടിക്കറ്റ് ബുക്കിങ് സൗകര്യവും ഇനി ഗൂഗിള്‍ മാപ്പില്‍ ലഭിക്കും. സര്‍ക്കാരിന്റെ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്, നമ്മ യാത്രി എന്നിവരുമായി സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ ഈ സൗകര്യം ഈ ആഴ്ചയോടെ എത്തും.
വീതി കുറഞ്ഞ റോഡുകള്‍ സംബന്ധിച്ച മുന്നറിയിപ്പും ഇനി ഗൂഗിള്‍ മാപ്പില്‍ ലഭിക്കും. ഹൈദരാബാദ്, ബെംഗളുരു, ചെന്നൈ, കോയമ്പത്തൂര്‍, ഇന്‍ഡോര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ഗുവാഹാട്ടി എന്നിവിടങ്ങളിലാണ് ഈ സൗകര്യം ആദ്യം എത്തുക. ഈ പുതിയ ഫീച്ചറുകളെല്ലാം ഐഒഎസില്‍ എത്താന്‍ ഇനിയും അല്‍പ്പം കാത്തിരിക്കേണ്ടിവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.