ന്യൂഡല്‍ഹി: എസ്.എൻ.ഡി.പി യോഗം പൊതു ട്രസ്റ്റാണെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേചെയ്തു. ജസ്റ്റിസുമാരായ എം.എം.സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. എസ്.എൻ.ഡി.പി യോഗവും വെള്ളാപ്പള്ളി നടേശനും നല്‍കിയ ഹർജിലാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രജിസ്റ്റർചെയ്തിരുന്ന അരുവിപ്പുറം ക്ഷേത്ര യോഗത്തിന്റെ തുടർച്ചയാണ് എസ്.എൻ.ഡി.പി യോഗം എന്നായിരുന്നു വിചാരണക്കോടതിയും ഹൈക്കോടതിയും വിധിച്ചിരുന്നത്.
അതിനാല്‍, എസ്.എൻ.ഡി.പി യോഗവും പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റാണെന്നും ഇരു കോടതികളും വിധിച്ചിരുന്നു. പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിയമാവലി പ്രകാരമുള്ള സ്കീം തയ്യാറാക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഈ ഉത്തരവ് ചോദ്യംചെയ്തതാണ് എസ്.എൻ.ഡി.പി യോഗവും വെള്ളാപ്പള്ളി നടേശനും സുപ്രീംകോടതിയെ സമീപിച്ചത്. ശ്രീനാരായണഗുരു സ്ഥാപിച്ച അരുവിപ്പുറം ക്ഷേത്രയോഗത്തിന്റെ തുടർച്ചയാണ് എസ്.എൻ.ഡി.പി യോഗം എന്ന് തെളിയിക്കാനുള്ള ഒരു രേഖയും ഇല്ലാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരിയും അഭിഭാഷകൻ റോയ് ഏബ്രഹാമും വാദിച്ചു.
അതേസമയം, 1903-ല്‍ ഇന്ത്യൻ കമ്ബനി നിയമപ്രകാരം എസ്.എൻ.ഡി.പി യോഗം രജിസ്റ്റർ ചെയ്തതിന് തെളിവുകളും രേഖകളും ഉണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
വിഷയം വിശദമായി കേള്‍ക്കേണ്ടതാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും എതിർ കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തത്. കേസിലെ എതിർകക്ഷികള്‍ക്കുവേണ്ടി അഭിഭാഷകൻ എം.ആർ. അഭിലാഷ് ഹാജരായി. സ്റ്റേ ഉത്തരവ് പുറപ്പടുവിക്കുന്നതിനെ അഭിലാഷ് ശക്തമായി എതിർത്തു.
എസ്.എൻ.ഡി.പി യോഗത്തിന്റെ ചരിത്രം സംബന്ധിച്ച് മുൻ സെക്രട്ടറി വേലായുധൻ എഴുതിയ പുസ്തകത്തില്‍ പൊതുജനങ്ങളില്‍നിന്ന് സംഭാവന പിരിച്ച് ട്രസ്റ്റ് ആയാണ് രജിസ്റ്റർ ചെയ്തതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് എതിർ കക്ഷികളുടെ വാദം. പിന്നീട് കമ്പിനി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ട്രസ്റ്റിന്റെ സ്വഭാവത്തില്‍ മാറ്റമില്ലെന്നും എതിർകക്ഷികള്‍ വാദിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.