ബംഗളൂരു: കോറമംഗലയിലെ പി.ജി. താമസസ്ഥലത്ത് യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍.
ബിഹാർ സ്വദേശിനി കൃതി കുമാരി(24)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി അഭിഷേകിനെ മൂന്നുദിവസത്തിന് ശേഷം പോലീസ് കസ്റ്റഡിയിലെടുത്തത്. മധ്യപ്രദേശില്‍നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. ബെംഗളൂരുവിലെത്തിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കും.ചൊവ്വാഴ്ച രാത്രിയാണ് കോറമംഗല വി.ആർ. ലേഔട്ടിലെ പി.ജി.യില്‍ അതിദാരുണമായ കൊലപാതകം നടന്നത്. പി.ജി.യില്‍ അതിക്രമിച്ചുകയറിയ പ്രതി യുവതിയെ മുറിയില്‍നിന്ന് വലിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു.
രാത്രി 11.14-ഓടെയാണ് കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ യുവതി താമസിക്കുന്ന മുറിയില്‍ അഭിഷേക് എത്തിയത്. വാതിലില്‍ മുട്ടിവിളിച്ച ഇയാള്‍ വാതില്‍ തുറന്നതിന് പിന്നാലെ യുവതിയെ ആക്രമിച്ചു.
ആദ്യം മുറിക്കുള്ളില്‍വെച്ച് യുവതിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും പിന്നാലെ വലിച്ചിഴച്ച് മുറിയുടെ പുറത്തെത്തിച്ചു. ഇവിടെവെച്ചാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുകൊണ്ടുവന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തറത്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
യുവാവിന്റെ ആക്രമണത്തെ ചെറുത്തുതോല്‍പ്പിക്കാൻ യുവതി നിരന്തരം ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. രക്ഷപ്പെടാനായി യുവതി പ്രതിയെ തള്ളിമാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുപിന്നാലെയാണ് പ്രതി മൂന്നുതവണ യുവതിയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചത്. ഉടൻതന്നെ ഇയാള്‍ ഓടിരക്ഷപ്പെടുകയുംചെയ്തു.
നിലവിളി കേട്ട് നാലാംനിലയില്‍നിന്ന് ഓടിയെത്തിയ പെണ്‍കുട്ടികള്‍ കണ്ടത് ചോരയില്‍കുളിച്ച് തറയിലിരിക്കുന്ന കൃതി കുമാരിയെയായിരുന്നു. ഇവരാണ് മറ്റുള്ളവരെ വിവരമറിച്ചത്. എന്നാല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ കൃതി തളർന്നുവീണു.
കൊല്ലപ്പെട്ട കൃതിയും പ്രതിയായ അഭിഷേകിന്റെ പെണ്‍സുഹൃത്തും സഹപ്രവർത്തകരും ഒരുമിച്ച് താമസിക്കുന്നവരും ആണെന്നാണ് വിവരം. താനും പെണ്‍സുഹൃത്തും തമ്മിലുള്ള ചിലകാര്യങ്ങളില്‍ കൃതി കുമാരി ഇടപെട്ടതാണ് അഭിഷേകിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമികവിവരം.
എന്നാല്‍, ഇതില്‍ പോലീസ് വ്യക്തതവരുത്തിയിട്ടില്ല. ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയശേഷം പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.