കൊച്ചി: പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന്റെ ഉടമ, മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്കിന്ന് അറുപത്തിയൊന്നാം പിറന്നാള്‍.
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍ ലോകത്തിന് സമ്മാനിച്ച ചിത്രയ്ക്ക് സംഗീത ലോകവും ആരാധകരും ആശംസകള്‍ നേർന്നുകൊണ്ട് എത്തുകയാണ്. ഇനി ഒരു നൂറ് വർഷം കൂടി ഈ സ്വരമാധുരി ആസ്വദിക്കാൻ തങ്ങള്‍ക്ക് സാധിക്കട്ടെയെന്ന് ആരാധകർ പറയുന്നു.1979-ല്‍ എം.ജി രാധാകൃഷ്ണൻ സംഗീത സംവിധാനം നിർവഹിച്ച 'അട്ടഹാസം' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. ഒരു വർഷത്തിന് ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ 'അരികിലോ അകലെയോ..' ആണ് ആദ്യം പുറത്തിറങ്ങിയ ഗാനം.
'ഞാൻ ഏകനാണ്' എന്ന ചിത്രത്തിനു വേണ്ടി സത്യൻ അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണൻ സംഗീതമൊരുക്കിയ 'രജനീ പറയൂ...' എന്ന ഗാനമാണ് ചിത്രയുടെ ആദ്യ സോളോ ഹിറ്റ്.. 1983-ല്‍ പുറത്തിറങ്ങിയ മാമ്മാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ 'ആളൊരുങ്ങി അരങ്ങൊരുങ്ങി' എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി നിരവധി അവസരങ്ങള്‍ എത്തി . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ത്തിലേറെ ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്.
ആറ് ദേശീയ പുരസ്കാരങ്ങളാണ് ചിത്രയെ തേടിയെത്തിയത്. 1986-ല്‍ പുറത്തിറങ്ങിയ 'സിന്ധുഭൈരവി' എന്ന ചിത്രത്തിലെ 'പാടറിയേ പഠിപ്പറിയേ' എന്ന ഗാനത്തിലൂടെയാണ് ചിത്രയ്ക്ക് ആദ്യമായി ദേശീയ പുരസ്കാരം ലഭിക്കുന്നത്. 1987 ല്‍ 'നഖക്ഷതങ്ങള്‍' ചിത്രത്തിലെ 'മഞ്ഞള്‍ പ്രസാദവും' എന്ന ഗാനത്തിന് രണ്ടാമത്തെ ദേശീയ പുരസ്കാരവും ചിത്രയെ തേടിയെത്തി.
1989 ല്‍ വൈശാലി എന്ന ചിത്രത്തിലെ 'ഇന്ദുപുഷ്പം ചൂടി നില്‍ക്കും' എന്ന ഗാനത്തിന് മൂന്നാമത്തെ ദേശീയ പുരസ്കാരം ചിത്രയെ തേടിയെത്തി. 'മിൻസാരക്കനവ്' എന്ന തമിഴ് ചിത്രത്തിലെ 'മാന മധുരൈ' എന്ന ഗാനത്തിലൂടെ 1996 ല്‍ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്കാരം ലഭിച്ചു.
1997 ല്‍ ഹിന്ദി ചിത്രം 'വിരാസത്തി'ലെ 'പായലേ ചുൻ മുൻ' എന്ന ഗാനത്തിനായിരുന്നു അഞ്ചാമത്തെ ദേശീയ പുരസ്കാരം. 2004 ല്‍ തമിഴ് ചിത്രം ഓട്ടോഗ്രാഫിലെ 'ഒവ്വൊരു പൂക്കളുമേ' എന്ന ഗാനത്തിലൂടെ ചിത്രയ്ക്ക് ആറാമത്തെ ദേശീയ പുരസ്കാരവും ലഭിച്ചു.
16 സംസ്ഥാന പുരസ്കാരങ്ങള്‍ക്ക് പുറമെ തമിഴ്നാട്, ആന്ധ്ര, കർണാടക, ഒറീസ സർക്കാരിന്റെയും പുരസ്കാരങ്ങള്‍ ചിത്രയെ തേടിയെത്തി. 2005ല്‍ പത്മശ്രീ പുരസ്കാരം നല്‍കി രാജ്യവും ചിത്രയെ ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.