തിരുവനന്തപുരം: ഈ അധ്യയന വർഷം വലിയ മാറ്റങ്ങളുടേത് ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വേനലവധി കഴിഞ്ഞ് നാളെ കേരളത്തിലെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെയാണ് മന്ത്രിയുടെ നിർണായക പ്രഖ്യാപനം.
നിലവില്‍ പിന്തുടർന്നു കൊണ്ടിരിക്കുന്ന ചില രീതികളില്‍ കാര്യമായ മാറ്റം ഉള്‍പ്പെടെ വരുത്താനാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്.ഇതിന്റെ ഭാഗമായി ഒന്ന് മുതല്‍ ഒൻപത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഏർപ്പെടുത്തിയിരുന്ന ഓള്‍ പാസ് സമ്പ്രദായം നിർത്തലാക്കാനാണ് വകുപ്പിന്റെ തീരുമാനം. അതോടൊപ്പം പഠനവും പരീക്ഷ നടത്തിപ്പും ഉള്‍പ്പെടെ കുറ്റമറ്റ രീതിയില്‍ ആക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറയുകയുണ്ടായി.
ഇതിന് പുറമെ എസ്‌എസ്‌എല്‍സിക്ക് എല്ലാ വിഷയങ്ങളിലും മിനിമം മാർക്ക് വേണമെന്ന നിബന്ധന കൂടി കർശനമാക്കാനാണ് വകുപ്പിന്റെ തീരുമാനം. അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമായിരുന്നു. പത്ത് വർഷത്തിനിടെ ആദ്യമായി പാഠ പുസ്‌തകം പരിഷ്‌കരിച്ചു എന്നതാണ് പ്രധാന മാറ്റം.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്‌തകങ്ങള്‍ എത്തിക്കുന്നത്. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രധാന പ്രത്യേകത. മറ്റ് ക്ലാസുകളിലെ മാറ്റമില്ലാത്ത പുസ്‌തകങ്ങള്‍ ഇതിനകം തന്നെ കുട്ടികള്‍ക്ക് വിതരണം ചെയ്‌തു കഴിഞ്ഞു. ശേഷിക്കുന്നവ സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് എത്തിക്കും.
നേരത്തെ 2005ല്‍ അവസാനിപ്പിച്ച വിവിധ വിഷയങ്ങള്‍ക്കുള്ള മിനിമം മാർക്ക് സംവിധാനം തിരികെ കൊണ്ടുവരാനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. നിരന്തര മൂല്യനിർണയത്തിലും ഇനി വാരിക്കോരി മാർക്കുണ്ടാകില്ലെന്ന് അറിയിച്ചു
കഴിഞ്ഞു. ഇതോടെ കഴിഞ്ഞ വർഷങ്ങളില്‍ കണ്ടത് പോലെ നൂറ് ശതമാനത്തോട് ചേർന്ന് നില്‍ക്കുന്ന വിജയം ഇനിയങ്ങോട്ട് പ്രതീക്ഷിക്കേണ്ടെന്നാണ് വകുപ്പ് പരോക്ഷമായി നല്‍കുന്ന മുന്നറിയിപ്പ്.
അതേസമയം, സർക്കാരിന് വെല്ലുവിളിയായി മലബാറിലെ പ്ലസ് വണ്‍ പ്രവേശനം കീറാമുട്ടിയായി ഇപ്പോഴും അവശേഷിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ അധിക ബാച്ചുകള്‍ക്ക് പകരം മാര്‍ജിനില്‍ സീറ്റ് വര്‍ധന നടപ്പാക്കിയാലും ചുരുങ്ങിയത് 55,000 വിദ്യാത്ഥികളെങ്കിലും ഇത്തവണ പുറത്തിരിക്കേണ്ടി വരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതിനിടയില്‍ നാളെ പ്രവേശനോത്സവം നടക്കുകയാണ്. ഇക്കുറി പുതുതായി മൂന്ന് ലക്ഷത്തോളം കുട്ടികള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.
നവാഗതരെ സ്വീകരിക്കാനും സ്‌കൂളുകള്‍ പൂർണ സജ്ജമാണ്. ഇത്തവണ ഒന്നാം ക്ലാസിലേക്ക് എത്തുന്ന വിദ്യാർത്ഥികളെ കാത്ത് അക്ഷരമാല ഉള്‍പ്പെടെ തിരികെ എത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.