കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റത്തിലും പട്ടയ വിതരണത്തിലും രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. ഇടുക്കിയിലെ ഭൂമി കയ്യേറ്റങ്ങൾ പരിശോധിക്കാൻ സ്പെഷൽ ഓഫിസറെ നിയമിക്കാൻ ഉത്തരവിട്ടു.
റവന്യു ഉദ്യോഗസ്ഥരും പൊലീസും സ്പെഷൽ ഓഫിസറെ സഹായിക്കണമെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ഹിൽ ഏരിയാ അതോറിറ്റി രൂപീകരിക്കാത്തതടക്കമുള്ള കോടതിയുടെ മുൻ ഉത്തരവുകൾ നടപ്പാക്കാത്തതിൽ സർക്കാർ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നേരത്തേ കേസ് പരിഗണിച്ചപ്പോൾ മൂന്നാർ മേഖലയിൽ നടന്നിരിക്കുന്നത് 2000 കോടി രൂപയിൽ കുറയാത്ത കുംഭകോണമെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.രൂക്ഷ വിമർശനങ്ങൾ തുടർന്ന കോടതി, വ്യാജരേഖകളുണ്ടാക്കി മൂന്നാർ മേഖലയിൽ നിരവധി തട്ടിപ്പുകൾ നടന്നതായും ചൂണ്ടിക്കാട്ടി. ജില്ലാ കലക്ടർക്ക് മറ്റനേകം ചുമതലകൾ ഉള്ളതിനാൽ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ല. അതിനാൽ സ്പെഷൽ ഓഫിസറെ നിയമിക്കണം.
ജില്ലാ കലക്ടർക്ക് തുല്യമോ അതിനു മുകളിലോ റാങ്കുള്ള ആളാകണം സ്പെഷൽ ഓഫിസർ. പട്ടയ വിതരണവും നേരത്തേ വിതരണം ചെയ്ത പട്ടയങ്ങളുടെ ആധികാരികതയും കയ്യേറ്റവും സ്പെഷൽ ഓഫിസർ പരിശോധിക്കണം. റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ സ്പെഷ്യൽ ഓഫിസർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് നൽകണം.
മൂന്നാറിലും പരിസരത്തുമുള്ള പഞ്ചായത്തുകളിൽ നിർമാണങ്ങൾ നിയന്ത്രിക്കണമെന്ന മുൻ നിർദേശം കോടതി ആവർത്തിച്ചു. അനധികൃത നിർമാണം തടയുന്നതിനു വേണ്ടിയുള്ള മുൻ ഉത്തരവുകൾ എന്തുകൊണ്ട് സർക്കാർ നടപ്പാക്കിയില്ലെന്ന് കോടതി ആരാഞ്ഞു.പട്ടയ വിതരണവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിൽ ഉന്നത ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്ന് അമിക്കസ് ക്യൂറി അറിയിച്ചു.
പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ ആരും ഒന്നും പരിശോധിക്കുന്നില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നുവെന്നും അമിക്കസ് ക്യൂറി അറിയിച്ചു.
നേരത്തേ ‘രവീന്ദ്രൻ പട്ടയ’ങ്ങളുടെ ഉപജ്‍ഞാതാവായ ദേവികുളം മുൻ ഡപ്യൂട്ടി തഹസില്‍ദാർ എം.ഐ.രവീന്ദ്രന്‍ 534 വ്യാജ പട്ടയങ്ങൾ നൽകിയെന്നു സർക്കാർ കണ്ടെത്തി റദ്ദാക്കിയിട്ടും രവീന്ദ്രനെതിരെ എന്തുകൊണ്ട് ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തില്ല എന്ന് കോടതി ആരാഞ്ഞിരുന്നു.
ഏലത്തോട്ടങ്ങൾക്കായി പാട്ടത്തിനു നൽകിയിരിക്കുന്ന ഭൂമിയിൽ റിസോർട്ടുകൾ ഉൾപ്പെടെയുള്ളവ നിർമിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടം ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ നിർദേശങ്ങൾ നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.