ആലപ്പുഴ : പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രത ശക്തമാക്കി. പക്ഷിപ്പനി ജില്ലയിൽ റിപ്പോർട്ടുചെയ്തുതുടങ്ങിയ ഏപ്രിൽമുതൽ ഇതുവരെ പരിശോധിച്ച സാമ്പിളുകളിലൊന്നിലും മനുഷ്യരിൽ പോസിറ്റീവ് കേസ് കണ്ടെത്തിയിട്ടില്ല.
എന്നാൽ, മെക്സിക്കോയിൽ പക്ഷിപ്പനി ബാധിച്ച് അടുത്തിടെ ഒരാൾ മരിക്കുകയും നാലുദിവസംമുൻപ് പശ്ചിമബംഗാളിൽ നാലുവയസ്സുകാരിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ജാഗ്രത ശക്തമാക്കിയത്.പശ്ചിമബംഗാളിലെ പുതിയ കേസുൾപ്പെടെ ഇതുവരെ രാജ്യത്ത് രണ്ടുകേസാണ് മനുഷ്യരിൽ റിപ്പോർട്ടുചെയ്തത്. 2019-ലായിരുന്നു ആദ്യത്തേത്. എച്ച് 5 എൻ 2 വൈറസാണ് ആലപ്പുഴയിൽ സ്ഥിരീകരിച്ചത്. ഇതേ വൈറസാണ് മെക്സിക്കോയിൽ മനുഷ്യജീവനെടുത്തത്.
എന്നാൽ, ബംഗാളിലെ കുട്ടിയിൽ എച്ച് 9 എൻ 2 വൈറസാണ് കണ്ടെത്തിയത്. സാധാരണ ഈ രണ്ടുവൈറസുകളും മനുഷ്യരിലേക്ക് അപൂർവമായേ പകരാറുള്ളൂ. എന്നാൽ, ജനിതകവ്യതിയാനം സംഭവിച്ചാൽ മനുഷ്യരിലേക്കു പടരാനുള്ള സാധ്യതയേറെയാണ്. അതിനാലാണ് ജാഗ്രത ശക്തമാക്കിയതെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.
ജില്ലയിൽ ഈ സീസണിൽ ആദ്യം പക്ഷിപ്പനി റിപ്പോർട്ടുചെയ്തത് എടത്വാ, ചെറുതന മേഖലകളിലാണ്. അവിടെ അന്ന് തുടങ്ങിയ പനിസർവേയാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച ചേർത്തല, തണ്ണീർമുക്കം, മുഹമ്മ മേഖലകളിലും ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. പക്ഷികളുമായി സമ്പർക്കത്തിലേർപ്പെടുന്നവർക്ക് പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളുണ്ടായാൽ സ്രവപരിശോധന നടത്തും.
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് അതിനുള്ള സൗകര്യമുള്ളത്. പോസിറ്റീവ് കേസുകൾ കണ്ടെത്തിയാൽ ചികിത്സ നൽകാൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സജ്ജമാണ്.
വെന്റിലേറ്ററോടുകൂടിയ ഐ.സി.യു. സംവിധാനം പക്ഷിപ്പനി റിപ്പോർട്ടുചെയ്തപ്പോൾ തന്നെ ഇവിടെ ഒരുക്കിയിരുന്നു.പക്ഷിപ്പനി സംശയത്തോടെ ചാകുന്ന പക്ഷികളുടെ സാമ്പിളുകൾ പരിശോധിക്കാൻ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രാനുമതി തേടാൻ ജില്ലാഭരണകൂടം നടപടി തുടങ്ങി.
നിലവിൽ മനുഷ്യസാമ്പിളുകളുടെ പരിശോധന മാത്രമാണ് ഇവിടെ നടക്കുന്നത്. പക്ഷികളുടെ സാമ്പിൾ ഭോപാലിലെ ലാബിലേക്കാണ് പരിശോധനയ്ക്ക് അയയ്ക്കുന്നത്. ഫലം വരാൻ അഞ്ചുദിവസംവരെ കാത്തിരിക്കണം.
ഇതുമൂലം പ്രതിരോധത്തിന് തടസ്സമുണ്ടാകുന്ന സാഹചര്യത്തിലാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രയോജനപ്പെടുത്തുക. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ളതാണ്. പക്ഷിസാമ്പിൾ പരിശോധനയ്ക്ക് മൃഗസംരക്ഷണമന്ത്രാലയത്തിന്റെ അനുമതിയാണ് ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.