തിരുവനന്തപുരം: ബാലരാമപുരത്ത് സുഹൃത്തിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തൻ വീട്ടില്‍ ബിജു(40) ആണ് കൊല്ലപ്പെട്ടത്.
ബിജുവിന്റെ ഉറ്റ സുഹൃത്തായ വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാർ കൃത്യം നടത്തിയതിനുശേഷം ഒളിവില്‍പോയി.ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടുകൂടി ബിജുവിന്റെ വീടിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. ഉറ്റ സുഹൃത്തുക്കളായ ഇരുവരും രാവിലെ മുതല്‍ ഉച്ചവരെ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനുശേഷം ഇരുവരും വീട്ടിലേക്ക് പോയി. തുടർന്ന് വൈകിട്ട് 4.45 ഓടെ ബിജുവിനെ കുമാർ ഫോണില്‍ വിളിച്ചു. നിരവധി തവണ ബെല്ലടിച്ചിട്ടും ബിജു ഫോണെടുത്തില്ല. പിന്നീട് ബിജു വീട്ടില്‍നിന്ന് പുറത്തിറങ്ങി ബൈക്കിലിരിക്കുകയായിരുന്ന കുമാറിന്റെ അടുത്തേയ്ക്ക് എത്തി. ഉടനെതന്നെ കുമാർ കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ബിജുവിന്റെ കഴുത്തില്‍ വെട്ടുകയും നെഞ്ചില്‍ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബിജുവിന്റെ നിലവിളി കേട്ട് ഭാര്യ മഞ്ജു ഓടിയെത്തി. വെട്ടുകൊണ്ട ബിജു, കുമാറിന്റെ പുറകേ ഓടിയെങ്കിലും നിലത്തുവീഴുകയായിരുന്നു. ഉടൻതന്നെ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മരിച്ച ബിജു ചക്കവെട്ട് തൊഴിലാളിയാണ്. കുമാർ കൂലിപ്പണിക്കാരനാണ്. ഇരുവരും സ്ഥിരമായി ഒരുമിച്ചിരുന്ന് മദ്യം കഴിക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച ഇവരുടെ കൂടെ മദ്യപിക്കാൻ മറ്റ് രണ്ടുപേരുകൂടി ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാവിലെയുള്ള മദ്യപാനത്തിലുണ്ടായ തർക്കമാകാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. കൃത്യം നടത്താൻ ബൈക്കിലെത്തിയ കുമാർ ബൈക്ക് സംഭവ സ്ഥലത്ത് ഉപേക്ഷിച്ച ശേഷമാണ് മുങ്ങിയത്. ഇയാള്‍ പ്രദേശം വിട്ട് പോകാൻ സാധ്യതയില്ലന്നാണ് പോലീസ് പറയുന്നത്.
നെയ്യാറ്റിൻകര ഡി.വെ.എസ്.പിയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം കുമാറിന്റെ വീടും പരിസരപ്രദേശവും നിരീക്ഷിച്ചുവരുകയാണ്. മൃതദേഹം നെയ്യാറ്റിൻകര ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അച്ചു, അശ്വതി എന്നിവരാണ് ബിജുവിന്റെ മക്കള്‍. വിഷ്ണു മരുമകനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.