നാനൂറില്ല' മോദി പ്രഭാവവും രാം ലല്ലയും ഫലം കണ്ടില്ല.. ബിജെപിക്ക് അടിപതറിയത് എവിടെ

ന്യൂഡൽഹി: അബ് കി ബാര്‍ ചാര്‍ സൗ പാര്‍ (ഇക്കുറി നാനൂറിനും മീതേ) എന്ന മുദ്രാവാക്യവുമായാണ് എന്‍.ഡി.എ. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയത്.


തങ്ങള്‍ നിശ്ചയിക്കുന്ന അജണ്ടയിലേക്ക് എതിരാളികളെ വലിച്ചിട്ടും ഓരോ മണ്ണിനും ചേരുന്ന വിധത്തില്‍ പ്രചാരണവിഷയങ്ങള്‍ പൊലിപ്പിക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെ തന്ത്രം പക്ഷേ ഇക്കുറി പാളി. ബി.ജെ.പി. വിരിച്ച വലയില്‍ വീഴാതിരിക്കാനും അതേസമയം അവരെ ഉത്തരം പറയാന്‍ നിര്‍ബന്ധിതരാക്കുന്ന സാഹചര്യങ്ങള്‍ പ്രതിപക്ഷം സൃഷ്ടിച്ചു.

ഏഴ് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിനെ നരേന്ദ്ര മോദി എന്ന ഒറ്റ ബിംബത്തിലൂന്നി നേരിടുകയായിരുന്നു ബി.ജെ.പി. വികസിത ഭാരതം, മോദി ഗാരന്റി എന്നിവയായാരുന്നു ആദ്യ ഘട്ടത്തിലെ മുദ്രാവാക്യങ്ങള്‍. മോദിയുടെ ഗാരന്റി എന്ന് റാലികളിലും പൊതുസമ്മേളനങ്ങളിലും നരേന്ദ്ര മോദി തന്നെ പറഞ്ഞു. 

പ്രവര്‍ത്തകരെ കൊണ്ട് ഏറ്റുപറയിപ്പിച്ചു. എന്നാല്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന് ശേഷം പോളിങ് ശതമാനത്തിലുണ്ടായ വീഴ്ചയ്ക്ക് പിന്നാലെ, രാജ്യം ഇന്നേവരെ കാണാത്ത വിധത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങളുമായി പ്രധാനമന്ത്രി രംഗത്തെത്തി.

രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി രാജസ്ഥാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുസ്‌ലിം വിഭാഗത്തിനെതിരേ കടുത്ത വിദ്വേഷ പരാമര്‍ശം നടത്തി. കോണ്‍ഗ്രസ് വിജയിക്കുന്നപക്ഷം അവര്‍ രാജ്യത്തിന്റെ സമ്പത്ത് 'നുഴഞ്ഞുകയറ്റക്കാര്‍ക്ക്' വിതരണം ചെയ്യുമെന്നും എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങള്‍ക്കുള്ള സംവരണം മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

അതിനിടെ രാജ്യത്തെ മുസ്‌ലിം ജനസംഖ്യയില്‍ 1950-2015 വരെ 43 ശതമാനം വര്‍ധനയുണ്ടായതായി ഇക്കണോമിക് അഡ്വൈസറി കൗണ്‍സില്‍ ടു ദ പ്രൈം മിനിസ്റ്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചു.

കോണ്‍ഗ്രസ്, ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും വെവ്വേറെ ബജറ്റുകള്‍ തയ്യാറാക്കുമെന്നായിരുന്നു അഞ്ചാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി മുംബൈയിലെത്തിയ പ്രധാനമന്ത്രിയുടെ വാക്കുകള്‍. മാത്രമല്ല, അഞ്ചാം ഘട്ട വോട്ടെടുപ്പിന് തൊട്ടു മുന്‍പായി രാജ്യത്ത് ആദ്യമായി സി.എ.എയ്ക്ക് കീഴില്‍ 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി. 

സി.എ.എയെ തങ്ങളുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് ബി.ജെ.പിയും എന്‍.ഡി.എയും കണക്കാക്കുന്നത്. അതേസമയം പ്രതിപക്ഷം നഖശിഖാന്തമാണ് സി.എ.എയെ എതിര്‍ക്കുന്നത്. തിരഞ്ഞെടുപ്പ് പുരോഗമിക്കുന്ന വേളയിലെ പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത് തീരെ കണക്കുകൂട്ടല്‍ ഇല്ലാതെയാണെന്ന് കണക്കാനാകില്ല.

തന്നെ ദൈവം അയച്ചതാണെന്ന പരാമര്‍ശവും ആറ്റന്‍ബറോയുടെ സിനിമയ്ക്ക് മുന്‍പ് ഗാന്ധിജിയെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന പരാമര്‍ശവും വലിയ വിമര്‍ശങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിവെച്ചിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നപക്ഷം സാമ്പത്തിക സര്‍വേ നടപ്പാക്കുമെന്നും സ്ത്രീകളുടെ താലിമാല പോലും സുരക്ഷിതമായിരിക്കില്ലെന്നും മോദി പറഞ്ഞിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !