തിരുവനന്തപുരം∙ മന്ത്രിയായി കെ.ആർ. കേളു സത്യപ്രതിജ്ഞ ചെയ്യുമ്പോഴും ഏവരുടെയും കൗതുകം മുഖ്യമന്ത്രിയും ഗവർണറും പരസ്പരം സംസാരിക്കുമോ എന്നായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിൽ പതിവ് ഗൗരവം വിടാതെ ഇരുവരും ഇരുന്നപ്പോൾ ഭിന്നത തുടർന്ന് മുഖ്യമന്ത്രിയും ഗവർണറുമെന്ന് ചാനലുകൾ ഫ്ലാഷ് നിരത്തി. മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാൻ പോലും ഗവർണർ കൂട്ടാക്കിയില്ല. ഇതിനിടെ മുഖ്യമന്ത്രിക്ക് കൈ കൊടുക്കാൻ കേളുവിനോട് ഗവർണർ ആംഗ്യം കാണിച്ചിരുന്നു.
സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം നടന്ന ചായ സൽക്കാരത്തിൽ ഗവർണറും മുഖ്യമന്ത്രിയും പരസ്പരം കൈക്കൊടുത്തു. മന്ത്രിമാരായി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്ത അവസരത്തിൽ മുഖ്യമന്ത്രിയെ ചായ സൽക്കാരത്തിനു ഗവർണർ ക്ഷണിച്ചിരുന്നില്ല. ക്ഷണിക്കാത്ത ചായ കുടിക്കാൻ നിൽക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവൻ വിടുകയായിരുന്നു.
ചായ സൽക്കാരത്തിൽ ഗവർണർ പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ചായ കുടിച്ച ശേഷം സന്തോഷമായാണ് എല്ലാവരും പിരിഞ്ഞത്. ചായക്കൊപ്പം പതിവ് പലഹാരങ്ങളൊക്കെ തന്നെയായിരുന്നു. എന്നാൽ പലഹാരങ്ങളുടെ ബാഹുല്യത്തിലല്ല കാര്യം. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ചിരുന്ന് ചായ കുടിച്ചുവെന്നതാണ് കാര്യമെന്നും ശശീന്ദ്രൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും ചായസൽക്കാരത്തിൽ പങ്കെടുത്തതും ശ്രദ്ധേയമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.