ചന്ദ്രയാന്‍ 4 പേടകം വിക്ഷേപിക്കുക രണ്ട് ഭാഗങ്ങളായി; ബഹിരാകാശത്ത് വച്ച് രണ്ട് ഭാഗങ്ങളും യോജിപ്പിച്ചതിനു ശേഷം ചന്ദ്രനിലേയ്ക്ക് യാത്ര തുടരും

ന്യൂഡൽഹി: ചന്ദ്രനില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുകയെന്ന ലക്ഷ്യവുമായി ഐഎസ്ആര്‍ഒ ആസൂത്രണം ചെയ്യുന്ന ചന്ദ്രയാന്‍ 4 ദൗത്യത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ. മുന്‍ പതിപ്പുകളെ പോലെ ഒറ്റ വിക്ഷേപണമായല്ല, ഇരട്ടവിക്ഷേപണമാണ് ചന്ദ്രയാന്‍ 4 ദൗത്യത്തില്‍ നടക്കുകയെന്ന് ഡല്‍ഹിയിൽ നടന്ന ഒരു പരിപാടിയിൽ ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ് വ്യക്തമാക്കി.

ചന്ദ്രയാന്‍ 4 പേടകം രണ്ട് ഭാഗങ്ങളായാണ് വിക്ഷേപിക്കുക. ശേഷം ബഹിരാകാശത്ത് വെച്ച് ഈ ഭാഗങ്ങള്‍ തമ്മില്‍ യോജിപ്പിക്കുകയും ചന്ദ്രനിലേക്ക് യാത്ര തുടരുകയും ചെയ്യും.

നിലവില്‍ ഐഎസ്ആര്‍ഒ ഉപയോഗിക്കുന്ന ഏറ്റവും ശക്തിയേറിയ വിക്ഷേപണ റോക്കറ്റുകള്‍ക്ക് വഹിക്കാനാവുന്നതിനേക്കാള്‍ കൂടുതല്‍ ഭാരം ചന്ദ്രയാന്‍ 4 ദൗത്യത്തിനുണ്ടാവുമെന്നതിനാലാണ് ഐഎസ്ആര്‍ഒ ഇരട്ട വിക്ഷേപണം എന്ന ആശയത്തിലെത്തിയത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയം പോലെ ബഹിരാകാശത്ത് വെച്ച് വ്യത്യസ്ത പേടകങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രക്രിയ മുമ്പ് പല ദൗത്യങ്ങളിലും നടന്നിട്ടുണ്ട്. എന്നാല്‍ ഒരു പക്ഷെ, ഒരു ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങള്‍ രണ്ട് തവണയായി വിക്ഷേപിക്കുകയും ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്നതും ആദ്യമായിരിക്കും.

ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങള്‍ ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്ന ഡോക്കിങ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ജോലികള്‍ നടക്കുകയാണെന്നും 'സ്‌പെഡെക്‌സ്' (Spadex- Space Docking Experiment) എന്ന പേരില്‍ ഈ വര്‍ഷം അവസാനത്തോടെ ഈ സാങ്കേതിക വിദ്യ പരീക്ഷിക്കുമെന്നും സോമനാഥ് പറഞ്ഞു.

ചന്ദ്രനില്‍ നിന്ന് പേടകങ്ങള്‍ ഭൂമിയിലേക്ക് തിരിച്ചുവരുമ്പോള്‍ മോഡ്യൂളുകള്‍ തമ്മില്‍ ഡോക്ക് ചെയ്യാറുണ്ട്. മോഡ്യൂളുകളുടെ ഭാരം ക്രമീകരിക്കാനും മറ്റും ഇത് ഉപകാരപ്രദമാണ്. ഉദാഹരണത്തിന് ലാന്റിങ് സമയത്ത് പ്രധാന പേടകത്തില്‍ നിന്ന് ഒരുഭാഗം വേര്‍പെട്ട് ഭ്രമണ പഥത്തില്‍ തുടരും. ലാന്റര്‍ ചന്ദ്രനില്‍ ലാന്റ് ചെയ്ത് ദൗത്യം പൂര്‍ത്തിയാക്കിയശേഷം ഭ്രമണ പഥത്തിലേക്ക് ഉയരുകയും നേരത്തെ വേര്‍പെട്ട പരിക്രമണ ഭാഗവുമായി ബന്ധിപ്പിക്കുകയും ആ ഭാഗത്തിന്റെ സഹായത്തോടെ ഭൂമിയിലേക്ക് കുതിക്കുകയും ചെയ്യും. എന്നാല്‍ ഒരു ചാന്ദ്രദൗത്യ വിക്ഷേപണ വാഹനത്തിന്റെ മോഡ്യൂളുകള്‍ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തില്‍ വെച്ച് സംയോജിപ്പിക്കുന്നത് ആദ്യമായാണ്.

മുമ്പ് നടത്തിയ ദൗത്യങ്ങളിലൊന്നും തന്നെ ഐഎസ്ആര്‍ഒയ്ക്ക് ഡോക്കിങ് നടത്തേണ്ടി വന്നിട്ടില്ല. സ്‌പെഡ്എക്‌സിലൂടെ നടത്തുന്ന ഡോക്കിങ് സാങ്കേതിക വിദ്യ പരീക്ഷണം ബഹിരാകാശ നിലയം ഉള്‍പ്പടെയുള്ള ഭാവി ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യക്ക് പ്രയോജനം ചെയ്യുന്നതാണ്. ഇന്ത്യ ആസൂത്രണം ചെയ്യുന്ന ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍ (ബിഎഎസ്) എന്ന ബഹിരാകാശ നിലയത്തിന്റെ നിര്‍മാണവും വ്യത്യസ്ത ഭാഗങ്ങള്‍ പലതവണയായി ബഹിരാകാശത്ത് എത്തിച്ച് കൂട്ടിചേര്‍ത്തുകൊണ്ടായിരിക്കും.

ചന്ദ്രയാന്‍ 4 പദ്ധതിക്കായുള്ള നിര്‍ദേശം സര്‍ക്കാരിന്റെ അനുമതിക്കായി നല്‍കിയിട്ടുണ്ടെന്നും ഐഎസ്ആര്‍ഒയുടെ 'വിഷന്‍ 47' ഉദ്യമത്തിന്റെ ഭാഗമായുള്ള നാല് പദ്ധതി നിര്‍ദേശങ്ങളില്‍ ഒന്നാണിതെന്നും സോമനാഥ് പറഞ്ഞു. 2035 ഓടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും ലക്ഷ്യമിട്ടുള്ളതാണ് വിഷന്‍ 47.

ബഹിരാകാശ നിലയവുമായി ബന്ധപ്പെട്ട ചില വിവരങ്ങളും സോമനാഥ് പങ്കുവെച്ചു. ബഹിരാകാശ നിലയ വിക്ഷേപണവുമായി ബന്ധപ്പെട്ട സര്‍ക്കാരിന് നല്‍കാനുള്ള വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രൊപ്പോസല്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിഎഎസിന്റെ ആദ്യ ഭാഗത്തിന്റെ വിക്ഷേപണം നിലവിലുള്ള ലോഞ്ച് വെഹിക്കിള്‍ 3 റോക്കറ്റ് ഉപയോഗിച്ചാവും. 2028 ഓടെ ഈ വിക്ഷേപണം നടത്താനാണ് പദ്ധതി. ശേഷം പരിഷ്‌കരിച്ച എല്‍വിഎം-3 റോക്കറ്റോ, നിര്‍മാണത്തിലുള്ള പുതിയ ഹെവി റോക്കറ്റായ നെക്സ്റ്റ് ജെനറേഷന്‍ ലോഞ്ച് വെഹിക്കിളോ (എന്‍ജിഎല്‍വി) ഉപയോഗിച്ചായിരിക്കും നിലയത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളുടെ വിക്ഷേപണമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ജിഎല്‍വിയ്ക്ക് വേണ്ടി പുതിയ വിക്ഷേപണത്തറ നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്നും നിലവിലുള്ളത് അതിന് അനുയോജ്യമല്ലെന്നും സോമനാഥ് കൂട്ടിച്ചേര്‍ത്തു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ വിജയിക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.ബി ഗോപാല കൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !