ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം; അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്, വധശിക്ഷ ശരിവെയ്ക്കുന്നതിൽ തീരുമാനമെടുക്കും,

കൊച്ചി: ആറ്റിങ്ങലിലെ ഇരുട്ടകൊലപാതക്കേസില്‍ ഹൈക്കോടതിയില്‍ സമർപ്പിച്ച അപ്പീലില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. ഒന്നാം പ്രതിയായ നിനോ മാത്യുവിന്റെ വധശിക്ഷ ശരിവയ്ക്കുന്നതില്‍ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കും.

രണ്ടാംപ്രതിയായ അനുശാന്തിയുടെ ഇരട്ടജീവപര്യന്തം ചോദ്യം ചെയ്തുള്ള അപ്പീലിലും ഹൈക്കോടതി വിധി പറയും. എട്ട് വർഷം മുൻപാണ് നാടിനെ നടുക്കിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം നടക്കുന്നത്. മൂന്നരവയസുള്ള അനുശാന്തിയുടെ മകളെയും ഭർത്താവിന്റെ മാതാവിനെയും സുഹൃത്തായ നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

2016 ഏപ്രില്‍ പതിനാറിനായിരുന്നു സംഭവം. ടെക്നോപാര്‍ക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു ഒന്നാം പ്രതി നിനോ മാത്യൂവും രണ്ടാം പ്രതി അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ച്‌ ജീവിക്കാന്‍ തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അനുശാന്തിയുടെ ഭര്‍തൃമാതാവിന്റെ കൊലപാതകം. രണ്ടാംപ്രതിയുടെ വീട്ടില്‍ ഉച്ചയോടെയെത്തിയ നിനോ മാത്യൂ അനുശാന്തിയുടെ മൂന്നര വയസുകാരിയായ മകള്‍ സ്വസ്തികയെയും ഭര്‍ത്താവിന്റെ അമ്മ ഓമനയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം, കൊലപാതക ശ്രമം, തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന കേസുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രണ്ട് പ്രതികളും കുറ്റക്കാരാണെന്നും കണ്ടെത്തി. 

ഒന്നാം പ്രതി നിനോ മാത്യൂവിന് വധശിക്ഷ നല്‍കിയ കോടതി രണ്ടാംപ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. അന്‍പത് ലക്ഷം രൂപ വീതം രണ്ട് പ്രതികള്‍ക്കും പിഴയും വിചാരണക്കോടതി വിധിച്ചു.

സ്വന്തം മകളെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിന് അപമാനമാണ് എന്നായിരുന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരാമര്‍ശം. നിനോമാത്യൂവിന് വിചാരണകോടതി വിധിച്ച വധശിക്ഷ ശരിവെയ്ക്കാനുള്ള ഡെത്ത് സെന്റന്‍സ് റഫറന്‍സില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുക്കും. ശിക്ഷാവിധിയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിനോ മാത്യൂ നല്‍കിയ അപ്പീലിലും ഹൈക്കോടതി വിധിപറയും.

വിചാരണക്കോടതി നല്‍കിയ ഇരട്ട ജീവപര്യന്തം ശിക്ഷ ഒഴിവാക്കണമെന്നാണ് അനുശാന്തിയുടെ അപ്പീലിലെ ആവശ്യം. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് വിധി പ്രസ്താവിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !