പറവൂർ: അവധിക്കാലം കഴിയും മുൻപ് ബന്ധുക്കൾക്കൊപ്പം ഒരിക്കൽക്കൂടി ഒന്നിച്ചിരിക്കാനാണ് പിറന്നാൾപ്പിറ്റേന്നുതന്നെ തൃശൂർ കൊടകരയിലെ വീട്ടിൽനിന്ന് ജ്വാലലക്ഷ്മി പറവൂരിലെത്തിയത്.
എന്നാൽ ആ യാത്ര മരണത്തിലേക്കായി. ചാലക്കുടിപ്പുഴയിൽ മുങ്ങിമരിച്ച ബന്ധുക്കളായ പെൺകുട്ടികളുടെ മരണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നാട്ടുകാരും ബന്ധുക്കളും.
പറവൂർ പുത്തൻവേലിക്കര കുറ്റിക്കാട്ടുപറമ്പിവ് രാഹുലിന്റെയും റീജയുടെയും മകൾ മേഘ (23), റീജയുടെ സഹോദരി ബിൽജയുടെയും വിനോദിന്റെയും മകൾ ജ്വാലലക്ഷ്മി (13) എന്നിവരാണ് ഞായറാഴ്ച രാവിലെ പറവൂർ എളന്തിക്കര കോഴിത്തുരുത്ത് പാലത്തിനുസമീപം ചാലക്കുടിപ്പുഴയിൽ മുങ്ങിമരിച്ചത്.
മേഘയുടെ സഹോദരി നേഹയും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.റീജയുടെയും ബിൽജയുടെയും അച്ഛൻ മേയ് ഏഴിന് മരിച്ചിരുന്നു. ഇതിന്റെ ചടങ്ങുകൾക്കായി 20 വരെ പറവൂരിലുണ്ടായിരുന്ന ബന്ധുക്കൾ പിന്നീട് പിരിഞ്ഞുപോയതിനു ശേഷമാണ് അവധിക്കാലം കഴിയുന്നതിനു മുൻപു വീണ്ടും നാട്ടിലെത്തിയത്.
ഞായറാഴ്ച രാവിലെ ഒൻപതരയോടെ അമ്മാവൻ ബിജോഷിനൊപ്പം മേഘയും ജ്വാലയും മറ്റു മൂന്നു കുട്ടികളുമാണ് പുഴക്കരയിലെത്തി. കണക്കൻകടവ് ഷട്ടറിനുതാഴെ കോഴിത്തുരുത്ത് പാലത്തിനടുത്ത് ആളുകൾ കുളിക്കുകയും തുണിയലക്കുകയും ചെയ്യുന്ന ആഴംകുറഞ്ഞ ഭാഗത്താണ് ആദ്യം ഇവർ ഇറങ്ങിയത്.
ഒരു മീറ്ററിൽത്താഴെ മാത്രമാണ് ഇവിടെ വെള്ളമുള്ളത്. ചെറിയ കൈത്തോട്ടിലെ ആഴംകുറഞ്ഞ ഭാഗത്തുനിന്ന് കക്ക പെറുക്കി മുന്നോട്ടുനടന്ന കുട്ടികൾ പുഴയും തോടുമായി ചേരുന്ന ആഴംകൂടി ഭാഗത്തേക്ക് ഇതറിയാതെ നടന്നുനീങ്ങി അകപ്പെടുകയായിരുന്നു.
പുഴയിൽ മണൽബണ്ട് കെട്ടുന്നതിനായി സ്ഥിരം ഡ്രഡ്ജ് ചെയ്യുന്ന ഭാഗമായതിനാൽ തോടും പുഴയും ചേരുന്ന ഭാഗത്ത് നല്ല ആഴവും അടിയൊഴുക്കുമുണ്ട്.
ശക്തമായ മഴയെത്തുടർന്ന് മണൽബണ്ട് കഴിഞ്ഞദിവസം തുറന്നതും ഈ ഭാഗത്ത് ഒഴുക്കു കൂടാൻ കാരണമായി. ഇവിടെയാണ് കുട്ടികൾ മുങ്ങിപ്പോയത്. കൂട്ടത്തിൽ ആർക്കും നീന്തൽ അറിയില്ലായിരുന്നു.
കുറച്ചു ഭാഗത്തുനിന്ന് കക്ക വാരിയതിനുശേഷം കൂട്ടത്തിലുണ്ടായിരുന്ന രണ്ടു കുട്ടികൾ കരയിലേക്ക് തിരിച്ചുകയറിയിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും സ്കൂബ ടീമും ഒരു മണിക്കൂർ തിരച്ചിൽ നടത്തിയാണ് ജ്വാലലക്ഷ്മിയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിന്നീട് മണിക്കൂറുകൾ കഴിഞ്ഞാണ് മേഘയുടെ മൃതദേഹം കണ്ടെത്തിയത്. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ജ്വാലലക്ഷ്മിയുടെ മൃതദേഹം ഞായറാഴ്ച തന്നെ കൊടകരയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
പേരാമ്പ്ര സെന്റ് ലിയോബ സ്കൂളിൽ ഏഴാംക്ലാസ് വിദ്യാർഥിനിയായിരുന്നു. ഇടപ്പള്ളി കാംപിയൻ സ്കൂളിൽ ലൈബ്രേറിയനായിരുന്നു മരിച്ച മേഘ. മാൾട്ടയിലുള്ള സഹോദരി രേഷ്മ എത്തിയതിനുശേഷം തിങ്കളാഴ്ച മേഘയുടെ സംസ്കാരം നടത്തും.
കഴിഞ്ഞവർഷവും ഇതേഭാഗത്ത് മറ്റൊരാൾ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നെന്നും അവിടുത്തെ അപകടഭീഷണി ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും പലതവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അനക്കമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.