കൊച്ചി: പറവൂര്‍ മാഞ്ഞാലിയിലെ വീട്ടില്‍നിന്നും രണ്ട് റിവോള്‍വറും രണ്ട് എയര്‍ പിസ്റ്റളും കണ്ടെത്തിയ സംഭവത്തില്‍ പ്രതി മാഞ്ഞാലി കൊച്ചുകുന്നുംപുറം വലിയ വീട്ടില്‍ റിയാസ്(38)നെ ആലുവ കോടതിയില്‍ ഹാജരാക്കും.
പോലീസും ഭീകര വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് റിവോള്‍വറും 8.85 ലക്ഷം രൂപയും കഴിഞ്ഞ ദിവസം പിടികൂടിയത്. തനിക്ക് തോക്ക് നല്‍കിയത് കുപ്രസിദ്ധ ഗുണ്ടാത്തലവന് പെരുമ്പാവൂര്‍ അനസ് ആണെന്നാണ് ഇയാളുടെ മൊഴി.മാവിന്‍ചുവട് മുബാറക്ക് വധക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് റിയാസ്. അതേസമയം, റിയാസിന്റെ പക്കല്‍നിന്ന് കണ്ടെടുത്ത ആയുധങ്ങളുടെ ഉറവിടം തേടുകയാണ് പോലീസ്.
ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) ഡി.ഐ.ജി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് തോക്കുകളും മുപ്പതോളം തിരകളും കത്തികളും കണ്ടെടുത്തത്.
കുപ്രസിദ്ധ ഗുണ്ട അനസ് പെരുമ്പാവൂരിന്റെ കൂട്ടാളിയും കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ പ്രതിയുമായ എളമക്കര താന്നിക്കല്‍ സ്വദേശി നെല്ലിക്കാപ്പള്ളി വീട്ടില്‍ അല്‍ത്താഫിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ റിവോള്‍വര്‍ സൂക്ഷിക്കുന്നതിനുള്ള ഉറയും കൈവിലങ്ങുകളും എയര്‍ പിസ്റ്റളുകളില്‍ ഉപയോഗിക്കാവുന്ന ഒരു ബോക്സ് പെല്ലറ്റുകളും കണ്ടെത്തിയിരുന്നു.
പെരുമ്പാവൂര്‍ അനസുമായി ബന്ധമുള്ള ഒരാള്‍ താമസിച്ചിരുന്ന തമിഴ്നാട്ടിലെ ആനമലയിലുള്ള വീട്ടിലും ഇപ്പോള്‍ താമസിക്കുന്ന ഗുരുവായൂരിലെ ഫ്ളാറ്റിലും പോലീസ് നടത്തിയ റെയ്ഡില്‍ ആനമലയിലെ വീട്ടില്‍നിന്ന് ഒരു വടിവാള്‍ തമിഴ്നാട് പോലീസ് കണ്ടെടുത്തിരുന്നു. അനസിന്റെ സുഹൃത്തും പെരുമ്പാവൂര്‍ സ്വദേശിയുമായ ഷാജി പാപ്പന് എന്ന ആളുടെ പെരുമ്പാവൂരിലുള്ള വീട്ടിലും പോലീസ് റെയ്ഡ് ചെയ്തിരുന്നു.
അനസിന്റെ മറ്റൊരു കൂട്ടാളിയായ മഞ്ചേരിയിലുള്ള നിസാറിന്റെ കൈവശം അനധികൃതമായി തോക്കുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിസാറിന്റെ വീട്ടിലും നിസാര്‍ ജോലിചെയ്തിരുന്ന രാജാക്കാടുള്ള ഒരു റിസോര്‍ട്ടിലും ഇയാളുടെ സുഹൃത്തിന്റെ തമിഴ്നാട് മേട്ടുപ്പാളയത്തിലുള്ള വീട്ടിലും ഭീകരവിരുദ്ധ സ്ക്വാഡും തമിഴ്നാട് പോലീസും സംയുക്തമായി തിരച്ചില്‍ നടത്തി.
വയനാട്ടിലെ കല്‍പ്പറ്റ പോലീസ് സ്റ്റേഷന് പരിധിയില്‍ അനസും കൂട്ടാളികളും താമസിച്ചിരുന്ന ഒരു റിസോര്‍ട്ടിന്റെ പുറകുവശത്തുള്ള ഭൂമിയില്‍ തോക്കുകള്‍ കുഴിച്ചിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസും ഭീകരവിരുദ്ധ സ്ക്വാഡും വയനാട് ജില്ലാ ബോംബ് ഡിറ്റക്ഷന്‍ സംഘവും പരിശോധന നടത്തിയിരുന്നു.
റെയ്ഡ് വിവരം പുറത്തായതോടെ ഒളിവില്‍ പോയ മറ്റ് സംഘാങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. . സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് എതിരെയുള്ള കര്‍ശനമായ നടപടികളുടെ ഭാഗമായി ഇത്തരം ആളുകളെ നിരീക്ഷിച്ചു വരുന്നതായും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.