കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോട്ടയത്ത് എത്തിയ രാഹുല്‍ ഗാന്ധി വോട്ട് ചോദിച്ചത് ഇന്ത്യ മുന്നണി സ്ഥാനാർഥിക്ക് വേണ്ടിയാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി.
ഇന്ത്യ മുന്നണിയുടെ അഭിവാജ്യ ഘടകമാണ് കേരള കോണ്‍ഗ്രസ് (എം). മുന്നണി രൂപീകരണം മുതല്‍ താനും തോമസ് ചാഴികാടൻ എംപിയും പാർലമെന്‍റിലും പുറത്തും ഇന്ത്യ മുന്നണിയുടെ പ്രവർത്തനത്തിന് പിന്തുണ നല്‍കി.ലോക്സഭയില്‍ ഇന്ത്യ മുന്നണി നടത്തിയ പ്രതിഷേധങ്ങളില്‍ തോമസ് ചാഴികാടൻ മുൻപന്തിയിലുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെയാണ് രാഹുല്‍ ഗാന്ധി ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ആവശ്യപ്പെട്ടത്.
സ്ഥാനാർഥിയുടെ പേരിലല്ല, പ്രവർത്തിയിലും വിശ്വാസ്യതയിലുമാണ് കാര്യമെന്ന് രാഹുല്‍ ഗാന്ധിക്ക് അറിയാം. യുഡിഎഫ് സ്ഥാനാർഥിയുടെ കാലുമാറ്റ ചരിത്രം രാഹുല്‍ ഗാന്ധിക്കറിയാം. ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥി തോമസ് ചാഴികാടനാണെന്നും ജോസ് കെ. മാണി പറഞ്ഞു.
ജോസഫ് വിഭാഗം നേതാവും യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്ന സജി മഞ്ഞകടമ്പില്‍ ബിജെപി പാളയത്തില്‍ എത്തിയ വിഷയത്തില്‍ പി.ജെ. ജോസഫ് മറുപടി പറയണം. യുഡിഎഫിന്‍റെ ജില്ലയിലെ ഒന്നാമത്തെ നേതാവാണ് ബിജെപിയിലെത്തിയത്.
ഇന്നത്തെ യുഡിഎഫ് നാളെത്തെ ബിജെപിയായി മാറുകയാണ്. ഇനി ബിജെപിയിലേക്ക് പോകുന്നത് യുഡിഎഫ് സ്ഥാനാർഥിയായിരിക്കും. അദേഹത്തിന്‍റെ രാഷ്‌ട്രീയ നിലപാടുകള്‍ അറിയാവുന്ന എല്ലാവർക്കും ഇക്കാര്യം ബോധ്യമുള്ളതാണെന്നും ജോസ് കെ. മാണി പറഞ്ഞു.
യുഡിഎഫ് നേതാക്കളെ ആശങ്കയിലാക്കി രാഹുല്‍
കോട്ടയത്ത് സ്ഥാനാർഥിക്കൊപ്പം തുറന്ന വാഹനത്തിലെ റോഡ് ഷോയില്‍ നിന്നു രാഹുല്‍ ഗാന്ധി ഒഴിവായതും രാഷ്‌ട്രീയ ചർച്ചകള്‍ക്കു വഴി തെളിക്കുകയാണ്. പെട്ടെന്നുള്ള രാഹുലിന്‍റെ തീരുമാനത്തില്‍ യുഡിഎഫ് നേതാക്കളും അന്തംവിട്ട മട്ടിലായി.
വേദിയില്‍ സ്ഥാനാർഥിയുടെ പേരും ചിഹ്നവും പറയാതെ രാഹുല്‍ പ്രസംഗിച്ചത് സ്ഥാനാർഥിയുടെ മുൻകാല ചരിത്രത്തിലുള്ള നീരസത്തോടെയാണെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ആളില്ലാതെ വന്നതിന്‍റെ പേരില്‍ യുഡിഎഫിലും തമ്മിലടി രൂക്ഷമാണ്.
രാഹുല്‍ ഗാന്ധി ഹെലികോപ്ടർ ഇറങ്ങിയ ഗ്രൗണ്ട് മുതല്‍ സമ്മേളന നഗരി വരെ റോഡ് ഷോ നടത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത്. സ്ഥാനാർഥിക്കൊപ്പം തുറന്ന വാഹനത്തില്‍ റോഡ് ഷോ എന്നായിരുന്നു ധാരണ. എന്നാല്‍, റോഡ് ഷോ വേണ്ടെന്ന് അവസാന നിമിഷം രാഹുല്‍ സംഘാടകരെ അറിയിക്കുകയായിരുന്നു.
സ്ഥാനാർഥിക്കൊപ്പം യാത്രയ്ക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതോടെ നേതാക്കള്‍ വെട്ടിലായി. തുടർന്ന് രാഹുല്‍ നേരെ സമ്മേളന വേദിയിലേക്ക് എത്തി. സ്റ്റേഡിയത്തില്‍ ആള് തീരെ കുറവായിരുന്നത് രാഹുലിനെയും അസ്വസ്ഥനാക്കി.
ഇതേച്ചൊല്ലി കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് തർക്കവും ഉണ്ടായി. അണികളില്ലാത്ത പാർട്ടിയെ കൂടെ കൂട്ടിയാല്‍ ആളുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നടിച്ചു. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ മനഃപൂർവം പ്രവർത്തകരെ കൊണ്ടുവരാത്തതെന്നായിരുന്നു കേരള കോണ്‍ഗ്രസിന്‍റെ നിലപാട്.
ഇരു വിഭാഗവും പരസ്പര ആരോപണ - പ്രത്യാരോപണങ്ങളുമായി രംഗത്ത് വന്നതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും താളം തെറ്റിയിട്ടുണ്ട്. രാജ്യത്ത് കാലുമാറ്റത്തിന്‍റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിച്ച പാർട്ടിയാണ് കോണ്‍ഗ്രസ്. അതൊക്കെ നേരിട്ടത് രാഹുല്‍ ഗാന്ധിയും ആയിരുന്നു.
അങ്ങനുള്ളപ്പോള്‍ കോട്ടയത്തു മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥി കഴിഞ്ഞ 11 വർഷത്തിനിടെ 4 തവണ മുന്നണിയും 4 തവണ പാർട്ടിയും മാറിയ ആളാണെന്നത് രാഹുലിനെ ചൊടിപ്പിച്ചിരുന്നു. സ്ഥാനാർഥിയുടെ മുൻകാല ചരിത്രം നേതൃത്വം രാഹുലിനെ ധരിപ്പിച്ചിരുന്നില്ല. അതിലുള്ള നീരസമാണ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജുമായി കൃത്യമായ അകലം പാലിച്ചുകൊണ്ട് രാഹുല്‍ പ്രകടമാക്കിയതെന്നാണ് വിലയിരുത്തല്‍.
രാഹുല്‍ വോട്ട് ചോദിച്ചത് ആർക്കു വേണ്ടി?
യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പേര് പറഞ്ഞ് വോട്ടഭ്യർഥിക്കാൻ രാഹുല്‍ തയാറാവാതിരുന്നതും ഈ വിലയിരുത്തലിനു ശക്തി പകരുന്നു. സ്ഥാനാര്‍ഥി തൊട്ടടുത്തു നിന്ന് പ്രസംഗ പരിഭാഷ നടത്തിക്കൊണ്ടിരുന്നപ്പോഴാണിത്. സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ് വിജയിച്ചാല്‍ അദ്ദേഹത്തിന് ഏത് പാര്‍ട്ടിയിലേക്കും മുന്നണിയിലേക്കും ചുവടുമാറ്റത്തിനു തടസമില്ല.
അതിനാല്‍ തന്നെ മുമ്പ് അത്തരത്തിലുള്ള ചരിത്രമുള്ള ഒരാളെ പാര്‍ലമെന്‍റിലേക്കു മത്സരിപ്പിച്ചത് ഉചിതമായില്ലെന്ന തരത്തിലുള്ള അസംതൃപ്തിയാണ് രാഹുല്‍ ഗാന്ധി കോട്ടയത്ത് പ്രകടിപ്പിച്ചതെന്നാണ് നിരീക്ഷണം.
ഇന്ത്യ മുന്നണിയ്ക്ക് വോട്ട് ചെയ്യണം എന്ന് മാത്രമാണ് രാഹുല്‍ പറഞ്ഞത്. കോട്ടയത്തു മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനും യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജും ഇന്ത്യ മുന്നണി സ്ഥാനാർഥികളാണ്. സാധാരണ പ്രസംഗത്തിനൊടുവില്‍ സ്ഥാനാർഥിയെ ചേർത്തുനിർത്തി വോട്ട് അഭ്യർഥിക്കുന്നതാണ് രാഹുലിന്‍റെ പതിവ്. കോട്ടയത്തു അതുണ്ടായില്ല. സംസ്ഥാന യുഡിഎഫ് നേതൃത്വത്തിന്‍റെ അഭ്യർഥന മാനിച്ചായിരുന്നു രാഹുല്‍ കോട്ടയത്ത് പ്രചരണത്തിനെത്തിയത്.
അതേസമയം, താന്‍ വിജയിച്ചാല്‍ തന്‍റെ പിന്തുണ രാഹുല്‍ ഗാന്ധിക്ക് ഗ്യാരന്‍റിയാണെന്നും തനിക്കെതിരേ രാഹുല്‍ ഒന്നും പറയില്ലെന്നുമായിരുന്നു കോട്ടയത്തെ ഇടതു സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ ആദ്യം തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അത് ശരിവയ്ക്കുന്നതാണ് കോട്ടയത്തെ രാഹുലിന്‍റെ പ്രതികരണം എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. പത്തനംതിട്ട മണ്ഡലത്തിന്‍റെ ചില ഭാഗങ്ങള്‍ കൂടി കോട്ടയം ജില്ലയില്‍ ഉള്‍പ്പെടുന്നതിനാല്‍, അവിടത്തെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി കോട്ടയത്ത് രാഹുല്‍ ഗാന്ധിയുടെ വേദിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹവും വന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.