കണ്ണൂർ: പാനൂരില്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ച ഷെറിനെ രക്തസാക്ഷിയായി ചിത്രീകരിച്ച് സിപിഎം.
പാനൂർ കിഴക്കുവയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം. പ്രകാശനാണ് ബോംബുണ്ടാക്കിയ വ്യക്തിയെ രക്തസാക്ഷിയായി ചിത്രീകരിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയത്. കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് മരിച്ച ഷെറിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി സിപിഎം പ്രവർത്തകർ രംഗത്ത് വരുന്നതെന്ന് ശ്രദ്ധേയമാണ്.ഏപ്രില്‍ അഞ്ചിനായിരുന്നു പാനൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവർക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളാണ് അറസ്റ്റിലായത്. ഒരിടവേളയ്‌ക്ക് ശേഷം കണ്ണൂരിലെ ബോംബ് രാഷ്‌ട്രീയം ഇതോടെ ചർച്ചയാവുകയും ചെയ്തു.
ബോംബുണ്ടാക്കുന്നതിനിടെ മരിച്ചയാളുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ സിപിഎം മുതിർന്ന നേതാക്കള്‍ എത്തിയതും വൻ വിവാദമായി. കേസില്‍ അറസ്റ്റിലായവരെ അനുകൂലിക്കുന്ന പ്രസ്താവനയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും നടത്തിയത്. ഇതും നിരവധി ആക്ഷേപങ്ങളുയർത്തി. സ്ഫോടനത്തിന് പിന്നാലെ സമീപ പ്രദേശത്ത് നിന്നും ഒളിപ്പിച്ചുവച്ച നിലയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മിന്റെ എതിരാളികളെ നേരിടാൻ തയ്യാറാക്കിയ ബോംബായിരുന്നു പൊട്ടിത്തെറിച്ചതെന്നാണ് ആരോപണം. പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ പ്രതികരണങ്ങള്‍ ഈ ആരോപണം ശരിവയ്‌ക്കുന്ന തരത്തിലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.