ഗസ: ഗസയിലെ റഫയില്‍ ഇസ്രായേല്‍ സൈന്യം വെള്ളിയാഴ്ച വ്യാപക ഷെല്ലാക്രമണം നടത്തി. കരയുദ്ധത്തിന് മുന്നോടിയായാണ് ഇതെന്ന് വിലയിരുത്തലുണ്ട്.
അന്താരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ച് റഫയില്‍ കരയാക്രമണവുമായി മുന്നോട്ടുപോകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്.ഗസ്സയില്‍ 24 മണിക്കൂറിനിടെ 51 പേർ കൊല്ലപ്പെടുകയും 75 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഗസ്സ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 34,356 ആയി. 77,368 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മസ്‍ജിദുല്‍ അഖ്സയില്‍ ജുമുഅ നമസ്കാരത്തിനെത്തിയ നിരവധി ഫലസ്തീനി യുവാക്കളെ ഇസ്രായേല്‍ സൈന്യം തടഞ്ഞു. ചിലരെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച ആയിരത്തിലേറെ ഇസ്രായേലി കുടിയേറ്റക്കാർ മസ്ജിദുല്‍ അഖ്സയിലേക്ക് അതിക്രമിച്ചുകയറി ആരാധന നിർവഹിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെ നുസൈറാത്തില്‍ ഫലസ്തീനിയെ ഇസ്രായേല്‍ പൗരൻ വെടിവെച്ച് കൊലപ്പെടുത്തി.
റഫ തീരത്ത് ഫലസ്തീനി മത്സ്യത്തൊഴിലാളിയെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. മറ്റൊരാള്‍ക്ക് പരിക്കേറ്റു.
ഇസ്രായേല്‍ മന്ത്രിയുടെ വീടിനു മുന്നില്‍ പ്രതിഷേധം
തെല്‍അവീവ്: ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കള്‍ ഇസ്രായേല്‍ യുദ്ധകാല മന്ത്രിസഭാംഗം ബെന്നി ഗാന്റ്സിന്റെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തി. റിസർവ് സൈനികരും സാമൂഹിക പ്രവർത്തകരും പ്രതിഷേധത്തില്‍ പങ്കുകൊണ്ടു.
ബന്ദി കൈമാറ്റത്തിന് ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കില്‍ മന്ത്രി രാജിവെക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. സർക്കാർ രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കുകയാണെന്നും ജനങ്ങള്‍ക്ക് ഭരണകൂടത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതായും പ്രതിഷേധക്കാർ പറഞ്ഞു.
ജൂത പുരോഹിതരെ കസ്റ്റഡിയിലെടുത്ത് ഇസ്രായേല്‍ പൊലീസ്
ഗസ്സ: യുദ്ധത്തില്‍ ദുരിതം അനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് ഭക്ഷണവുമായി മാർച്ച് നടത്തിയ ജൂത പുരോഹിതന്മാരെ കസ്റ്റഡിയിലെടുത്ത് ഇസ്രായേല്‍ പൊലീസ്.
യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗസ്സയിലെ ബൈത് ഹനൂനിലേക്ക് സമാധാനപരമായി മാർച്ച് നടത്തിയ പുരോഹിതരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
കുടിയേറ്റ വ്യാപനവുമായി മുന്നോട്ട്
ജറൂസലം: കിഴക്കൻ ജറൂസലമിലെ അനധികൃത കുടിയേറ്റ വ്യാപന പദ്ധതിയുമായി ഇസ്രായേല്‍ സർക്കാർ മുന്നോട്ടുപോകുന്നതായി റിപ്പോർട്ട്. ബൈത് സഫാഫ, ഷറഫാത് എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് കുടിയേറ്റ ഭവനങ്ങള്‍ നിർമിക്കാനാണ് പദ്ധതി.
കുടിയേറ്റ വ്യാപന പദ്ധതി സമാധാന ശ്രമങ്ങളെ തകർക്കുമെന്ന് അമേരിക്ക ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിട്ടും ഇസ്രായേല്‍ പിൻവാങ്ങുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.