ടെൽ അവീവ്: പശ്ചിമേഷ്യയില്‍ യുദ്ധഭീതിനിലനില്‍ക്കേ ഇസ്രയേൽ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാൻ.
ഇറാൻ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളിൽ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം.ആക്രമണത്തെ നേരിടാൻ ഇസ്രയേൽ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക യോഗവും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്തിട്ടുണ്ട്. തങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണമുണ്ടായതായി ഇസ്രയേൽ സേന സ്ഥിരീകരിച്ചു.
അതിർത്തിയിൽ നിന്നും ഇറാൻ ഇസ്രയേലിലേക്ക് ഡ്രോണുകൾ വിക്ഷേപിച്ചുവെന്ന് ഐ.ഡി.എഫ് എക്സിൽ കുറിച്ചു. പ്രതിരോധസേന അതീവ ജാഗ്രതയിലാണെന്നും നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ഐ.ഡി.എഫ് വ്യക്തമാക്കി.
ഇസ്രയേലിനെ സംരക്ഷിക്കാൻ ഐ.ഡി.എഫ് പൂർണശക്തിയോടെ പ്രവർത്തിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധസേന വക്താവ് രംഗത്തെത്തി. തങ്ങൾ ദൃഢനിശ്ചയത്തോടെ നിറവേറ്റാൻ ഉദ്ദേശിക്കുന്ന ദൗത്യമാണ് മുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലിനെതിരായ ആക്രമണം സ്ഥിരീകരിച്ച് ഇറാൻ സൈന്യവും രംഗത്തെത്തി. തങ്ങളുടെ സൈനിക നടപടിയിൽ നിന്നും യു.എസ് വിട്ടുനിൽക്കണമെന്ന മുന്നറിയിപ്പും ഇറാൻ സൈന്യം നൽകി.
ഇറാന് പുറമെ യെമനിലെ ഹൂതി വിമതരും ലെബനനിലെ പലസ്തീൻ അനുകൂല സായുധസംഘമായ ഹിസ്ബുള്ളയും ഇസ്രയേലിനെ ആക്രമിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ പിന്തുണയുള്ള സായുധസംഘമാണ് ഹിസ്ബുള്ള.
ഏപ്രിൽ ഒന്നിന് സിറിയയിലെ നയതന്ത്രകാര്യാലയത്തില്‍ ബോംബിട്ട് രണ്ടു സൈനിക ജനറല്‍മാരെ കൊന്ന ഇസ്രയേലിനെ ശിക്ഷിക്കുമെന്ന് ഇറാന്‍ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
48 മണിക്കൂറിനുള്ളില്‍ ഇറാൻ തിരിച്ചടിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കേയാണ് ആക്രമണമുണ്ടാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.