തൃശ്ശൂർ:പൂരത്തിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ ആനയെഴുന്നള്ളിപ്പിനുള്ള നിയന്ത്രണങ്ങളിൽ ആശങ്ക തീർന്നില്ല.
ആനകളുടെ 50 മീറ്റർ പരിധിയിൽ താളമേളങ്ങളും തീവെട്ടിയും പടക്കവുമൊന്നും പാടില്ലെന്ന പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറാണ് ഉത്സവങ്ങൾക്ക് തിരിച്ചടിയായത്.
ഇക്കാര്യത്തിൽ ഇളവുണ്ടാകുമെന്ന് വനംമന്ത്രി അറിയിച്ചു. വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ച്, പ്രായോഗികമായ പുതിയ സത്യവാങ്മൂലം തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.കർശനവ്യവസ്ഥകൾ തിരുത്തിയില്ലെങ്കിൽ എഴുന്നള്ളിപ്പുകൾക്ക് ആനകളെ വിട്ടുനൽകില്ലെന്ന് തൃശ്ശൂരിൽ ചേർന്ന എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ, ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി, ആനത്തൊഴിലാളി യൂണിയൻ എന്നിവയുടെ സംയുക്തയോഗം തീരുമാനിച്ചു.
16 മുതൽ ആനകളെ വിട്ടുനൽകേണ്ടെന്നാണ് തീരുമാനം.ഇടഞ്ഞ ആനയെ വരുതിയിലാക്കാൻ കാപ്ചർ ബെൽറ്റ് ഉപയോഗിക്കരുതെന്നു പറയുമ്പോഴും പിന്നെ എന്തുചെയ്യണമെന്ന നിർദേശമില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഓരോ ഉത്സവത്തിനും 12 മണിക്കൂർമുമ്പ് ഡോക്ടർമാർ പരിശോധിക്കണമെന്നത് പ്രായോഗികമല്ലെന്നും ആനയുടെ മുൻകാലചരിത്രം പരിശോധിക്കണമെന്നത് അപ്രായോഗികമാണെന്നും ഇവർ പറയുന്നു.
സുരക്ഷയുടെ ഭാഗമായാണ് നാട്ടാന പരിപാലനം സംബന്ധിച്ച സർക്കുലറിൽ ജനങ്ങൾ ആനകളിൽനിന്ന് 50 മീറ്റർ ദൂരപരിധി പാലിക്കണമെന്ന നിബന്ധന ഉൾപ്പെടുത്തിയിരുന്നത്.
തേക്കിൻകാട് മൈതാനത്ത് ലക്ഷക്കണക്കിന് ആളുകൾ നിറയുന്ന പൂരത്തിന് ആനകളിൽനിന്ന് 50 മീറ്റർ ദൂപരിധി പറ്റില്ലെന്ന് ഇരു ദേവസ്വങ്ങളും അറിയിച്ചിരുന്നു. ഏപ്രിൽ 19-നാണ് തൃശ്ശൂർപ്പൂരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.