കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി വീണ്ടും ഡബ്ലിയു.സി.സി. അവൾക്കൊപ്പം എന്ന ഹാഷ്ടാഗിനൊപ്പം പങ്കുവെച്ച കുറിപ്പിലാണ് അവർ അതിജീവിതയ്ക്ക് പിന്തുണ ആവർത്തിച്ച് രംഗത്തെത്തിയത്.
നേരത്തെ അതിജീവിത സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റ് ഡബ്ലിയു.സി.സി ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു.നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിൽ നിന്നും അതിപ്രധാന വിവരങ്ങൾ ചോർന്നു എന്ന സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുമുള്ള വെളിപ്പെടുത്തൽ നീതിബോധമുള്ള ഏതൊരു വ്യക്തിയെയും ഞെട്ടിക്കുന്നതാണെന്ന് ഡബ്ലിയു.സി.സി അഭിപ്രായപ്പെട്ടു.
സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണ്. അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട നീതിന്യായ വ്യവസ്ഥ തന്നെ ഒരു സ്ത്രീയെ, അതിജീവിതയെ ഇങ്ങിനെ തോൽപ്പിക്കാൻ പാടുണ്ടോ എന്ന് സംഘടന ചോദിച്ചു.
''അവളുടെ മാന്യതയെ ഹനിക്കുന്ന വീഡിയോ ഫൂട്ടേജുകൾ കാണാൻ ആരേയും അനുവദിക്കില്ല എന്നതായിരുന്നു ഞങ്ങളുടെ വിശ്വാസം. കോടതിയുടെ സുരക്ഷയിലിരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യു പല തവണ മാറിയിരിക്കുന്നു എന്ന അന്വേഷണ റിപ്പോർട്ടിന്റെ കണ്ടെത്തൽ അവളെ മാത്രമല്ല സമാന സാഹചര്യത്തിൽ നീതിക്കായി പോരാടുന്ന മുഴുവൻ സ്ത്രീകളെയും മുറിവേൽപ്പിച്ചിരിക്കുന്നു.
അവൾ എഴുതിയതു പോലെ "ഓരോ ഇന്ത്യൻ പൗരന്റെയും അവസാനത്തെ അത്താണിയാണ് നീതിന്യായ വ്യവസ്ഥ." സന്ധിയില്ലാതെ അവൾ നടത്തുന്ന നിയമയുദ്ധത്തെ നീതിപീഠം കണ്ടില്ലെന്ന് നടിക്കില്ല എന്നുതന്നെ ഞങ്ങൾ കരുതുന്നു.
ഈ നികൃഷ്ടമായ നിയമലംഘനത്തെ അതിശക്തമായി അപലപിക്കുകയും കർക്കശമായ ശിക്ഷണനടപടികൾ ആവശ്യപ്പെടുകയും ചെയ്യുന്നു.' അവർ പറഞ്ഞു.ഏറെ നിസ്സഹായതയോടെ എന്നാൽ പ്രത്യാശ നശിക്കാതെ പോരാടുന്ന സഹപ്രവർത്തകയ്ക്ക് ഒപ്പം ഞങ്ങൾ നിലകൊള്ളുന്നു എന്നുപറഞ്ഞുകൊണ്ടാണ് ഡബ്ലിയു.സി.സി കുറിപ്പ് അവസാനിപ്പിക്കുന്നത്.
സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കേ കോടതിയിൽ ഇരുന്ന ദൃശ്യങ്ങൾ അടങ്ങി മെമ്മറികാർഡിന്റെ ഹാഷ്യ വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് താനെന്ന വ്യക്തിയ്ക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണെന്നാണ് അതിജീവിത പറഞ്ഞത്.
സത്യസന്ധരായ ന്യായാധിപൻമാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും നടി വ്യക്തമാക്കിയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.