പ്രേഗ്: ആശുപത്രി ജീവനക്കാര്‍ക്ക് പിണഞ്ഞ ഒരു അബദ്ധം ഇല്ലാതെയാക്കിയത് ഒരു കുരുന്നു ജീവന് മാത്രമായിരുന്നില്ല, ഒരമ്മയുടെ നിരവധി സ്വപ്നങ്ങളെ കൂടിയായിരുന്നു.
ആളുമാറി ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നത്, ഭാഷയായിരുന്നു പ്രശ്നമെന്നാണ്. ചെക്ക് റിപ്പബ്ലിക്കിലെ പ്രേഗില്‍ ബുലോവ്ക്ക യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ആയിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.നാല് മാസം ഗര്‍ഭിണിയായ യുവതി പതിവ് പരിശോധനകള്‍ക്കായിട്ടായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് 25 ന് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍, സാധരണ പരിശോധനകള്‍ക്ക് പകരം, ഇനിയും പേര് വെളിപ്പെടുത്താത്ത യുവതിയെ അനസ്തേഷ്യ നല്കി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. രോഗിയുടെ സമ്മതമോ അറിവോ ഇല്ലാതെ ഗര്‍ഭപാത്രം ഒഴിപ്പിക്കുന്ന ശസ്ത്രക്രിയയായിരുന്നു ചെയ്തത്.
വിദേശിയായ മറ്റൊരു യുവതിക്ക് വേണ്ടിയായിരുന്നു ആ സമയത്ത് ഈ ശസ്ത്രക്രിയ ഉദ്ദേശിച്ചിരുന്നത്. ഗൈനോക്കോളജിസ്റ്റ് ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരും നഴ്സും അനസ്തേഷ്യസ്റ്റും, ഈ യുവതിയാണെന്ന് കരുതിയായിരുന്നത്രെ, സാധാരണ പരിശോധനക്കെത്തിയ യുവതിയെ ഗര്‍ഭഛിദ്രത്തിന് വ്ധേയയാക്കിയത്.
സാധാരണയായി ഗൈനക്കോളജിക്കല്‍ പ്രശ്നങ്ങള്‍ ഉള്ളവരില്‍ നടത്തുന്ന ശസ്ത്രക്രിയയാണിത്, ഗര്‍ഭിണികളില്‍ നടത്താറില്ല. എന്നാല്‍, ഇതേ ശസ്ത്രക്രിയ വിരളമായിട്ടാണെങ്കിലും ഗര്‍ഭഛിദ്രത്തിനും ഉപയോഗിക്കാറുണ്ട്.
സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് യുവതികളും ഏഷ്യന്‍ വംശജരാണെന്നും ചെക്ക് ഭാഷ സംസാരിക്കാന്‍ വശമില്ലാത്തവരാണെന്നും, ചെക്ക് മാധ്യമമായ പ്രാഹെയ്ന്‍ ചെക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
സാധാരണയായി ദീര്‍ഘനേരം രക്തസ്രാവമുണ്ടാകുന്ന സ്ത്രീകളിലോ അല്ലെങ്കില്‍ പ്രസവശേഷം പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരിലോ മാത്രം ചെയ്യുന്ന ഒരു ചികിത്സാ രീതിയാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏതോ കാരണങ്ങളാല്‍ ഇവിടെ, ആശുപത്രി ജീവനക്കാര്‍ക്ക് രണ്ടു യുവതികളും തമ്മില്‍ മാറിപ്പോവുകയായിരുന്നു. ഏറെ മോഹിച്ചിരുന്ന കുഞ്ഞിക്കാല് കാണുവാനുള്ള യോഗം അങ്ങനെ ഒരു യുവതിക്ക് നിഷേധിക്കപ്പെട്ടു.
ശസ്ത്രക്രിയ നടത്തിയ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയുമാണ്. അലംഭാവത്തിനുമപ്പുറം, ഒരു പക്ഷെ ഭാഷാ പ്രശ്നവുമാകാം ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായതിന് പുറകിലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ആ യുവതിക്ക് ചെക്ക് ഭാഷയോ അല്ലെങ്കില്‍ പരക്കെ അറിയപ്പെടുന്ന ഒരു അന്താരാഷ്ട്ര ഭാഷയോ സംസാരിക്കാന്‍ അറിയില്ലെങ്കില്‍, ഇത്തരമൊരു സംഭവത്തിന് അതും ഒരു കാരണമാകാം എന്നാണ് ചെക്ക് മെഡിക്കല്‍ ചേംബര്‍ വൈസ് ചെയര്‍മാനും ഗൈനക്കോളജിസ്റ്റുമായ സെസ്നാം പ്രാവി പറയുന്നത്.
ഇത്തരം കേസുകളില്‍ പലപ്പോഴും ഫോണ്‍ വഴിയായിരിക്കും പരിഭാഷകരുമായി ബന്ധപ്പെടുക. അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. ഡോക്ടര്‍മാരും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതായിരുന്നു, അവര്‍ പറയുന്നു.
ഏത് ഭാഷയിലാണ് യുവതി ആശയവിനിമയം നടത്തിയത് എന്നത് ഇനിയും വ്യക്തമല്ല. യുവതിയുടെ കുടുംബത്തോട് മാപ്പപേക്ഷ നടത്തിയ ആശുപത്രി അധികൃതര്‍ ഇക്കാര്യം ആരോഗ്യ മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്.
പൊറുക്കാനാകാത്ത തെറ്റാണിതെന്നും, ഉത്തരവാദികളെ ഉടനടി ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.