തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തെരഞ്ഞെടുപ്പില്‍ പൂജ്യം സീറ്റാകും സംസ്ഥാനത്ത് ബിജെപിക്ക് ലഭിക്കുക. തിരുവനന്തപുരത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്നും തരൂര്‍ പറഞ്ഞു.
ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദ പരിപാടിയായ പോള്‍ എക്സ്ചേഞ്ചില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. തിരുവനന്തപുരത്ത് ത്രികോണ മത്സരമാണ് എന്നതു ശരിയാണ്. പക്ഷെ വിജയം ബിജെപിയുടേത് ആയിരിക്കില്ല. കേരളത്തില്‍ രണ്ടക്ക സീറ്റ് നേടുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ആ രണ്ടക്കങ്ങളും പൂജ്യമാണ്. തരൂര്‍ കൂട്ടിച്ചേര്‍ത്തു.ബിജെപി ഇത്തവണയും കേരളത്തില്‍ വിജയിക്കില്ലെന്ന് തിരുവനന്തപുരത്തെ ഇടതു സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. സംസ്ഥാനത്ത് ഒരു സീറ്റു പോലും ബിജെപി നേടില്ല. തിരുവനന്തപുരത്ത് 2014 ലും 2019 ലും ബിജെപിക്ക് വോട്ടു വിഹിതം വര്‍ധിച്ചത് മറ്റു പല കാരണങ്ങള്‍ കൊണ്ടാണ്. അടുത്തിടെ ബിജെപിക്ക് കോര്‍പ്പറേഷനില്‍ രണ്ടു വാര്‍ഡുകള്‍ നഷ്ടമായി. ഇത് അവരുടെ പതനത്തിന്റെ ലക്ഷണമാണെന്ന് പന്ന്യന്‍ രവീന്ദ്രന് കൂട്ടിച്ചേര്‍ത്തു.
സംവാദ പരിപാടിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്തില്ല. രാജീവ് ചന്ദ്രശേഖര്‍ പരിപാടിയില്‍ നിന്നും വിട്ടു നിന്നതിനെ ശശി തരൂര്‍ വിമര്‍ശിച്ചു. പൊതു സംവാദ പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് ജനാധിപത്യത്തെ അവമതിക്കുന്നതിന് തുല്യമാണ്. 2009 ല്‍ താന്‍ 11 പൊതു സംവാദ പരിപാടിയിലാണ് പങ്കെടുത്തത്.
പൊതു സംവാദത്തില്‍ പങ്കെടുക്കുമ്പോള്‍ ജനമനസ്സ് അറിയാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇത്തവണ താന്‍ പങ്കെടുക്കുന്ന ആദ്യത്തെ പൊതു സംവാദ പരിപാടിയാണ് ഇതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഭാവിയും തിരുവനന്തപുരത്തിന്റെ ഭാവിയുമാണ് തന്റെ മനസ്സിലുള്ളത്.
നിലവിലെ ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും ഇറക്കിയില്ലെങ്കില്‍, രാജ്യത്തിന്റെ മതേതര സ്വഭാവം തന്നെ നഷ്ടപ്പെട്ടേക്കാം. അഴിമതിയില്‍ മുങ്ങിയ സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്തു കൂടിയാകും ഈ തെരഞ്ഞെടുപ്പെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
മുമ്പ് എംപിയായിരുന്നപ്പോള്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ പന്ന്യന്‍ രവീന്ദ്രന് അനുസ്മരിച്ചു. എംപിയായിരുന്ന 40 മാസക്കാലം തിരുവനന്തപുരത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാവുന്ന തരത്തില്‍ പരിശ്രമിച്ചിരുന്നതായും പന്ന്യന്‍ രവീന്ദ്രന് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച്, അടിസ്ഥാന സൗകര്യ വികസനം, വിഴിഞ്ഞം തുറമുഖം, തീരമേഖലയിലെ പ്രശ്നങ്ങള്‍ ഇവയേക്കുറിച്ചെല്ലാം സംവാദപരിപാടിയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ മറുപടി നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.