കട്ടപ്പന : ഇടുക്കി കട്ടപ്പനയിലെ ഇരട്ട കൊലപാതക കേസിൽ കസ്റ്റഡിയിലുളള പ്രതി നിതീഷിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.രണ്ടു ദിവസം നടത്തിയ തെരച്ചിലിലും വിജയന്റെയും നവജാത ശിശുവിന്റെയും മൃതദേഹം കണ്ടെത്താനായില്ല. സംഭവങ്ങളുടെ ചുരുൾ അഴിക്കാൻ നിതീഷ്, വിഷ്ണു, വിഷ്ണുവിന്റെ സഹോദരി അമ്മ സുമ എന്നിവരെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
കുട്ടിയുടെ മൃതദേഹം കത്തിച്ചു കളഞ്ഞുവെന്ന മൊഴി ശരിയാണോ എന്നും പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ. നാളെ കസ്റ്റഡി കാലാവധി തീരാൻ ഇരിക്കെ, ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി തെളിവുകൾ കണ്ടെത്താനാണ് പൊലീസിൻ്റെ ശ്രമം. തൊഴുത്തിൽ കുഴിച്ചിട്ട മൃതദേഹം സ്ഥലം വിറ്റതിനുശേഷം പുറത്തെടുത്ത് കത്തിച്ചുവെന്നും, അവശിഷ്ടം വിജയൻ പുഴയിൽ ഒഴുക്കിയെന്നുമാണ് നിതീഷിൻ്റെ പുതിയ മൊഴി.
ഇത് സ്ഥിരീകരിക്കാൻ നിതീഷിന്റെ കൂട്ടാളി വിഷ്ണുവിനെയും, അമ്മ സുമയേയും,സഹോദരിയെയും ഒരുമിച്ചിരുത്തിയും, അല്ലാതെയും ചോദ്യം ചെയ്യും. വർഷങ്ങളോളം മുറിക്കുള്ളിൽ അടച്ചിട്ട് കഴിഞ്ഞതിനാൽ സുമയുടെയും, മകളുടെയും മാനസികാവസ്ഥ പൂർവ്വസ്ഥയിൽ ആയിട്ടില്ല. കൗൺസിലിംഗ് ഉൾപ്പെടെ നടത്തിയ ശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.
കക്കാട്ടുകടയിൽ വാടകക്ക് താമസിച്ചിരുന്ന വിജയനെയും ഇദ്ദേഹത്തിന്റെ മകളുടെ നവജാത ശിശുവിനെയുമാണ് കൊലപ്പെടുത്തിയത്. ഒന്നാം പ്രതിയായ നിതീഷിന് വിവാഹത്തിനു മുമ്പ് വിജയന്റെ മകളിലുണ്ടായതാണ് കുഞ്ഞ്.2016 ജൂലൈ മാസത്തിലാണ് വിജയന്റെ സഹായത്തോടെ കൊല നടത്തിയത്. ഗന്ധർവന് നൽകാനെന്ന പേരിലാണ് കുഞ്ഞിനെ അമ്മയുടെ കയ്യിൽ നിന്നും വാങ്ങിയതെന്നാണ് പെൺകുട്ടിയുടെ മൊഴി.
വിവാഹത്തിന് മുമ്പ് കുഞ്ഞുണ്ടായതിലുള്ള നാണക്കേടാണ് കൊലപാതകത്തിന് കാരണമെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്.മൃതദേഹം സാഗര ജംഗ്ഷനിൽ ഇവർ മുമ്പ് താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തിൽ കുഴിച്ചിട്ടുവെന്നായിരുന്നു നിതീഷിന്റെ ആദ്യ മൊഴി. തൊഴുത്തിൽ കുഴിച്ച് പരിശോധന നടത്തിയെങ്കിലും മൃതദേഹത്തിൻറെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീടാണ് മൃതദേഹം പുറത്തെടുത്ത് കത്തിച്ചെന്ന മൊഴി നൽകിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ജോലിക്ക് പോകാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വിജയനെ നിതീഷ് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്.മൃതദേഹം വീടിനുള്ളിൽ മറവ് ചെയ്യാൻ വിജയന്റെ ഭാര്യ സുമയും മകൻ വിഷ്ണുവും കൂട്ടുനിന്നു. നിതിഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ വിജയന്റെ മൃതദേഹവാശിഷ്ടങ്ങളും വീട്ടിനുള്ളിൽ നിന്നും കണ്ടെത്തി. എട്ടു മാസമായി ഇവർ ഇവിടെ താമസിച്ചിരുന്നുവെങ്കിലും സ്ത്രീകൾ ഉണ്ടായിരുന്നെന്ന് ആർക്കും അറിയില്ലായിരുന്നു. കൊലപാതക വിവരം പുറത്തായപ്പോഴാണ് അയൽക്കാർ പോലും ഇതറിഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.