നീതി ലഭിച്ചില്ല; വധശ്രമക്കേസ് പ്രതികളെ വെറുതെ വിട്ട വിധിയോട് പ്രതികരിച്ച്‌ പി.ജയരാജൻ,

കണ്ണൂർ: വധശ്രമത്തിന് ഇരയായിട്ടുള്ള ആളെന്ന നിലയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും കോടതി കാണിച്ചത് നീതീകരിക്കാനാവാത്ത ധൃതിയായിരുന്നെന്നും സി.പി.എം നേതാവ് പി.ജയരാജൻ ഫേസ്ബുക്കില്‍ കുറിച്ചു.

ജുഡീഷ്യറിയുടെ പല തലങ്ങളിലും ആർ.എസ്.എസിന്റെ ഇടപെടലുകള്‍ സാർവത്രികമായി ചർച്ച ചെയ്യപ്പെടുന്നത് കൊണ്ടു തന്നെ ഹൈകോടതിയുടെ ഈ കേസിലെ നടപടി ക്രമങ്ങള്‍ സസൂക്ഷ്മം പിന്തുടർന്നിരുന്നുവെന്നും ജയരാജൻ പറഞ്ഞു. 

പി.ജയരാജനെ വീട്ടില്‍ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ വിചാരണകോടതി ശിക്ഷിച്ച ആറ് പ്രതികളില്‍ അഞ്ച് പേരുടെ ശിക്ഷ ഹൈകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 

രണ്ടാം പ്രതി ചിരുകണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും 10 വർഷത്തെ കഠിനതടവ് ഒരു വർഷത്തെ സാധാരണ തടവായി കുറച്ചു.

വധശ്രമത്തിനടക്കം പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ച് പ്രതികളുടെ ശിക്ഷ ജസ്റ്റിസ് സോമരാജൻ റദ്ദാക്കിയത്. വിചാരണക്കോടതി വിട്ടയച്ച മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നല്‍കിയ അപ്പീലും തള്ളി. 

പി.ജയരാജന്റെ ഫേസ്ബുക് പോസ്റ്റ്

24 വർഷങ്ങള്‍ക്ക് മുൻപ് തിരുവോണദിവസം വീട്ടില്‍ കയറി എന്നെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് വിചാരണ കോടതി നല്‍കിയ ശിക്ഷ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി വന്നിരിക്കുന്നു. വിധി ഉണ്ടാക്കിയ അമ്പരപ്പിനെ തുടർന്ന് പലരും എന്നെ വിളിച്ച്‌ അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയുണ്ടായി.

കീഴ്ക്കോടതികളുടെ വിധികള്‍ മേല്‍ക്കോടതികള്‍ റദ്ദാക്കുന്നത് സ്വാഭാവികമാണ്. ഞാൻ ഇരയായിട്ടുള്ള വധശ്രമ കേസിൻ്റെ ഹൈക്കോടതി വിധിയും അതുകൊണ്ട് തന്നെ ഞാൻ വ്യക്തിപരമായി എടുക്കുന്നുമില്ല. 

എന്നാല്‍ ജുഡീഷ്യറിയുടെ പല തലങ്ങളിലും ആർ.എസ്.എസിൻ്റെ ഇടപെടലുകള്‍ സാർവ്വത്രികമായി ചർച്ച ചെയ്യപ്പെടുന്നത് കൊണ്ടു തന്നെ കേരള ഹൈക്കോടതിയുടെ ഈ കേസിലെ നടപടി ക്രമങ്ങള്‍ സസൂക്ഷ്മം പിന്തുടർന്നിരുന്നു. കാരണം ആർ.എസ്.എസ്. പ്രമുഖൻ കൂടി പ്രതികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

2023 ഡിസംബർ 20 നാണ് അപ്പീല്‍ ഹർജികള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. പരിഗണനക്കെടുത്തപ്പോള്‍ കേസ് മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കണമെന്ന് ഗവണ്‍മെൻ്റ് പ്ലീഡർ കോടതിയോടപേക്ഷിച്ചു. 

അപ്പീല്‍ ഹർജി കേള്‍ക്കുന്നത് ക്രിസ്മസ് വെക്കേഷന് ശേഷം പരിഗണിക്കാമെന്ന് ജഡ്ജ് പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസം അതായത് ഡിസംബർ 21ന് ഈ മൂന്ന് അപ്പീലുകളും പരിഗണനക്കായി പോസ്റ്റ് ചെയ്യുകയാണുണ്ടായത്. 

21ന് ഈ കേസ് പരിഗണനക്കെടുത്തപ്പോള്‍ തലേ ദിവസത്തെ കോടതിയുടെ തീരുമാനം വെക്കേഷന് ശേഷം പരിഗണിക്കണമെന്നായിരുന്നുവെന്ന കാര്യം ഗവണ്‍മെൻ്റ് പ്ലീഡർ ഓർമ്മിപ്പിച്ചു. 

അങ്ങനെയാവാമെന്ന് കോടതിയും. ക്രിസ്മസ് അവധിക്ക് ശേഷം 2024 ജനുവരി 4ന് കേസ് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇവിടെയാണ് അസ്വാഭാവികമായ നടപടിയുണ്ടായത്. ഈ കേസ് 'ഭാഗീകമായി കേട്ടു' എന്നു കൂടി കോടതി രേഖപ്പെടുത്തി. യഥാർത്ഥത്തില്‍ അപ്പീലുകളുടെ ഭാഗമായി ഒരു വാദവും ആരും ഉയർത്തിയിരുന്നില്ല. 

ഇത് ഇങ്ങനെ രേഖപ്പെടുത്തിയത് നീതിനിർവഹണ കാര്യത്തില്‍ ഗൗരവമായ പ്രശ്നമാണ്. അപ്പീല്‍ പരിഗണിച്ച ബെഞ്ചിലെ വീഡിയോ ഫുട്ടേജ് പരിശോധിച്ചാല്‍ മേല്‍പറഞ്ഞതെല്ലാം വസ്തുതയാണെന്ന് വ്യക്തമാവും.

കേസിൻ്റെ കാര്യത്തില്‍ കോടതി കാണിച്ച നീതീകരിക്കാനാവാത്ത ധൃതി ശ്രദ്ധിക്കപ്പെടേണ്ടതാണ്. അക്രമത്തിൻ്റെ ഇരയെന്ന നിലയില്‍ അതിനാല്‍ തന്നെ എനിക്ക് നീതി ലഭിച്ചില്ല. വധശ്രമത്തിന് ഇരയായിട്ടുള്ള ആളെന്ന നിലയില്‍ നീതി നിഷേധമാണ് ഇവിടെ സംഭവിച്ചത്.

ഇതെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് 2023 ഡിസംബർ 26ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഞാൻ രേഖാമൂലം പരാതി നല്‍കിയത്. ഈ പരാതി പരിഗണിച്ചിരുന്നെങ്കില്‍ ക്രിസ്മസ് വെക്കേഷന് ശേഷമുള്ള ക്രിമിനല്‍ അപ്പീലുകള്‍ പരിഗണിക്കുന്ന ബെഞ്ചാകുമായിരുന്നു ഈ കേസില്‍ വിധി പറയുക.

ക്രിസ്മസ് അവധിക്ക് ശേഷം പരിഗണനക്ക് വെച്ച കേസ് തൊട്ടടുത്ത ദിവസം തന്നെ പരിഗണനക്കെടുത്തതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് 20ന് വൈകുന്നേരമാവുമ്പോഴേക്ക് ക്രിസ്മസ് അവധിക്ക് ശേഷമുള്ള ബെഞ്ചുകളുടെ ക്രമീകരണം ഹൈക്കോടതി തയ്യാറാക്കിയിരുന്നു. 

അതനുസരിച്ച്‌ ഇപ്പോള്‍ വിധി പറഞ്ഞ ബെഞ്ചിൻ്റെ മുൻപിലല്ല അപ്പീലുകള്‍ വരിക. രണ്ടാമതായി തലേ ദിവസം ഭാഗീകമായി കേട്ടു എന്ന് രേഖപ്പെടുത്തിയിരുന്നില്ല. 21ന് 'ഭാഗീകമായി കേട്ടു ' എന്ന് (കേള്‍ക്കാതെ) രേഖപ്പെടുത്തിയാല്‍ വിധി പറഞ്ഞ ബെഞ്ചിൻ്റെ മുൻപില്‍ തന്നെ ക്രിസ്മസ് അവധിക്ക് ശേഷവും അപ്പീലുകള്‍ പരിഗണനക്ക് വരും. 

ഇക്കാരണങ്ങളാലാണ് നീതി ലഭിക്കുന്നതിന് വേണ്ടി റോസ്റ്റർ പ്രസിദ്ധീകരിച്ച പ്രകാരം ക്രിമിനല്‍ അപ്പീലുകള്‍ കേള്‍ക്കുന്ന ബെഞ്ച് കേസ് പരിഗണിക്കണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഡിസംബർ 26ന് തന്നെ രേഖാമൂലം ഞാനപേക്ഷിച്ചത്. ഈ അപേക്ഷ പരിഗണിക്കപ്പെട്ടില്ല.

വിയോജിപ്പുകള്‍ സാർവ്വത്രികമായി ഉയർന്ന പല വിധികളും പുറപ്പെടുവിച്ച ന്യായാധിപന്മാർക്ക് വിരമിച്ചതിന് ശേഷം ലഭിച്ച പദവികള്‍ ഇന്ത്യൻ ജുഡീഷ്യറിക്ക് കളങ്കമേല്‍പ്പിച്ചതാണ്. 

ഉത്തർ പ്രദേശിലെ വാരണാസിയിലെ ഗ്യാൻവാപി പള്ളി ഹിന്ദുക്കള്‍ക്ക് ആരാധനക്കായി തുറന്ന് കൊടുക്കണമെന്ന വിശ്വഹിന്ദു പരിഷത്തിൻ്റെ ഹർജി അനുവദിച്ച ജഡ്ജിക്ക് ലോകായുക്തയായി നിയമനം നല്‍കിയതാണ് ഇന്നത്തെ വാർത്ത. ഇത്തരം വാർത്തകള്‍ തുടർക്കഥയാവുന്ന വർത്തമാനകാല സാഹചര്യത്തില്‍ ഇനിയെന്ത് എന്നതാണ് നമ്മുടെ മുമ്ബിലുള്ള ചോദ്യം.

ജുഡിഷ്യറിയില്‍ നിന്ന് നീതി നിർവഹണത്തിൻ്റെ അന്തസത്ത ഉയർത്തിപ്പിടിക്കാൻ തയ്യാറാവുന്നതിലാണ് നമ്മുടെ പ്രതീക്ഷ. ഈ കേസിൻ്റെ കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെൻ്റ് നല്‍കുന്ന ഹരജിയില്‍ എനിക്കും സുപ്രീം കോടതിയില്‍ കക്ഷി ചേരാനാവും എന്നതാണ് കിട്ടിയ ഉപദേശം. 

അതേ സമയം ജുഡീഷ്യറിയിലെ ഇത്തരം പുഴുക്കുത്തുകള്‍ക്കെതിരായി ജനങ്ങള്‍ പ്രതികരിക്കുകയും വേണം. കാരണം ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളാണല്ലോ പരമാധികാരികള്‍.

കോടതിയുടെ മഹനീയമായ പദവിയെ ജനങ്ങള്‍ ആദര പൂർവ്വമാണ് കാണുന്നത്. ന്യായാധിപന്മാർക്ക് നിർഭയമായും ധാർമ്മിക സത്യസന്ധത പാലിച്ചു കൊണ്ടും സമ്ബത്തിൻ്റെയും അധികാരത്തിൻ്റെയും പ്രലോഭനങ്ങള്‍ക്ക് വശംവദരാവാതെയും ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാനുള്ള ബാധ്യതയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ന്യൂയോർക്ക് മേയർ സൊഹ്റാൻ മമ്ദാനി ഒരു കമ്മ്യൂണിസ്റ്റ് ആണോ ? | Communist | ELECTION

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !