തിരുവനന്തപുരം: ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന കുഞ്ഞിനെയാണ് തല്ലിക്കൊന്നതെന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
സിദ്ധാര്‍ത്ഥിന്റെ അമ്മ വിളമ്ബിക്കൊടുത്ത ഭക്ഷണം കഴിച്ചവരാണ് കേസിലെ പ്രതികള്‍. എന്തും ചെയ്യാന്‍ മടിക്കാത്ത ക്രിമിനല്‍ സംഘമായാണ് കേരളത്തിലെ എസ്‌എഫ്‌ഐയെ സിപിഎം വളര്‍ത്തിക്കൊണ്ടു വരുന്നത്.പ്രതികളെ അടിയന്തരമായി നിയമത്തിന് മുന്നില്‍ കൊണ്ടു വന്നില്ലെങ്കില്‍ അതിശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും സതീശൻ പറഞ്ഞു.
സിദ്ധാര്‍ത്ഥിനെ എസ്‌എഫ്‌ഐ പ്രവർത്തകർ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയതാണ്. കോളജിലെ പരിപാടിയില്‍ നൃത്തം ചെയ്തതിന്റെ പേരില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെയാണ് വിവസ്ത്രനാക്കി എസ്‌എഫ്‌ഐക്കാര്‍ മർദിച്ചത്. അവിശ്വസനീയമായ ക്രൂരതയാണിത്.
ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ അക്രമം മറച്ചുവച്ചത് ഞെട്ടിക്കുന്നതാണ്. പ്രതികളെ പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. അധ്യാപക സംഘടനാ നേതാക്കളുടെ പിന്‍ബലത്തിലാണ് പ്രതികളെ സംരക്ഷിക്കുന്നത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് വീട്ടിലേക്ക് വന്ന വിദ്യാര്‍ത്ഥിയെ തിരിച്ചു വിളിച്ചാണ് മര്‍ദ്ദിച്ചത്.പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കനായ സിദ്ധാർത്ഥൻറെ മരണത്തിൻറെ ഞെട്ടലിലാണ് നെടുമങ്ങാടുള്ള വീട്ടുകാർ.
വലൻറൈൻസ് ദിനത്തില്‍ സീനിയർ വിദ്യാർത്ഥികള്‍ക്കൊപ്പം സിദ്ധാർത്ഥ് നൃത്തം ചെയ്തിരുന്നു. ഇതിൻറെ പേരില്‍ സീനിയർ വിദ്യാർത്ഥികളായ എസ്‌എഫ്‌ഐ നേതാക്കള്‍ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചെന്നാണ് സഹപാഠികള്‍ തന്നെ അറിയിച്ചതെന്ന് അച്ഛൻ ജയപ്രകാശ് പറഞ്ഞു.
ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 ന് വീട്ടിലേക്ക് വരാൻ ട്രെയിൻ കയറിയിരുന്നു. ഇതിനിടെ ഒരു സഹപാഠി ആവശ്യപ്പെട്ട പ്രകാരം തിരിച്ചുപോയെന്നാണ് സിദ്ധാർത്ഥ് പറഞ്ഞതെന്ന് അമ്മ പറയുന്നു. എന്നും ഫോണില്‍ നന്നായി സംസാരിക്കുന്ന മകൻ തിരിച്ചുപോയ ശേഷം കാര്യമായൊന്നും സംസാരിച്ചില്ലെന്ന് അമ്മ പറഞ്ഞു.
കോളേജിന്റെ റാഗിംഗ് സെല്‍ അന്വേഷണത്തില്‍ സിദ്ധാർത്ഥ് ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി എന്ന കണ്ടെത്തലിനു പിന്നാലെ എസ്‌എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ 12 പേരെ സസ്പെൻഡ് ചെയ്തിരുന്നു. പൊലീസ് എഫ്‌ഐആർ തിരുത്തി റാഗിങ് നിരോധന നിയമവും ഗൂഢാലോചനയും ചേർത്തു.അന്നു മുതല്‍ 12 പേരും ഒളിവിലാണ്. കോളേജ് യൂണിയൻ പ്രസിഡന്‍റ് കെ അരുണ്‍. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാഗിംഗ് എന്നാണ് കണ്ടെത്തല്‍. പ്രതികളെ പോലീസ് സംരക്ഷിക്കുന്നു എന്നാരോപിച്ചു എബിവിപിയും കെഎസ്‌യുവും സമരത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.